Connect with us

Articles

അട്ടിമറിച്ചു, നീതിയുടെ നിർവചനം

Published

|

Last Updated

ബിരിയാണി ചലഞ്ച് എന്ന് പറയുന്നതുപോലൊരു സാധനമാണ് ലൗ ജിഹാദ് എന്ന തരത്തിൽ ലാഘവത്തോടെ പ്രചരിപ്പിക്കുന്ന സഭകളുണ്ടിവിടെ. അത്തരക്കാരുടെ ഇഷ്ടക്കാരായവർ തന്നെ സ്‌കോളർഷിപ്പ് കേസ് കേൾക്കുന്ന സാഹചര്യം എങ്ങനെയുണ്ടായി എന്നതും പെറ്റീഷനിലും പ്രെയറിലുമുള്ള അതേ വാചകങ്ങൾ വിധി ഉത്തരവിൽ എങ്ങനെ ആവർത്തിച്ചു എന്നും അതിശയം കൂറുന്ന തലമുതിർന്ന അഭിഭാഷകർ എറണാകുളത്തുണ്ട്.
ഒരേ യോഗ്യതയും സീനിയോറിറ്റിയുമുള്ള പലരും ഉണ്ടായിരിക്കെ പതിറ്റാണ്ടുകളായി ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് മാത്രം എങ്ങനെ ചീഫ് സെക്രട്ടറിമാർ ഉണ്ടാകുന്നു എന്ന് തിരുവനന്തപുരത്ത് ആരും സംസാരിക്കാറില്ല എന്ന് അവർ അറിയണം.

സംസാരിച്ചത് ചരിത്രത്തിലാദ്യമായി ഏറ്റവും സീനിയറായ ഒരു മുസ്‌ലിം കുറഞ്ഞ മാസങ്ങളിൽ ആ കസേരയിൽ ഇരുന്നപ്പോൾ മാത്രമാണ്.

ഒരു മുസ്‌ലിം അംഗം പോലുമില്ലാത്ത നിരവധി ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകൾ നമ്മുടെ കേരളത്തിലുണ്ട്. ഒരു മുസ്‌ലിം പോലുമില്ലാത്ത പല കമ്മീഷനുകളും ബോർഡുകളും ഭരണ സമിതികളും ഇവിടെയുണ്ട്. സർക്കാർ സ്ഥാപനങ്ങളിലെ പ്രാതിനിധ്യക്കുറവ് അന്വേഷിച്ചാൽ പൗരന് അത് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ട വിവരാവകാശ കമ്മീഷനിലും ഒരൊറ്റ മുസ്‌ലിം പോലുമില്ല. മന്ത്രിമാരുടെ പേഴ്‌സനൽ സ്റ്റാഫിലും സംവരണം പാലിക്കുന്നില്ല. ബഹുമാനപ്പെട്ട കോടതി ഇതെല്ലാം അറിഞ്ഞിട്ടാകണം ജനസംഖ്യാനുപാതത്തിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് വിധിച്ചത്. ആ നിലക്ക് അതിനെ ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങൾ സ്വാഗതം ചെയ്യേണ്ടതാണ്. പത്താണ്ടിൽ ഒരിക്കലാണ് നാട്ടിൽ ജനസംഖ്യാ കണക്കെടുക്കുന്നത്. 2011 ലെ കണക്കാണ് ഇപ്പോൾ ലഭ്യം.

രാജ്യവ്യാപകമായി 14.23 ശതമാണ് മുസ്‌ലിംകൾ. കേന്ദ്ര സർക്കാർ ജോലികളിലും വിഭവ വിതരണത്തിലും മുസ്‌ലിംകൾക്ക് 10 ശതമാനം സംവരണം നൽകണമെന്ന് 2004ൽ രൂപം കൊണ്ട ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷൻ ശിപാർശ ചെയ്തു. എന്നാൽ ഒരു ശതമാനം പോലും സംവരണം ലഭിച്ചിട്ടില്ല. രാജ്യത്തെ ക്രിസ്ത്യൻ, മുസ്‌ലിം, സിഖ്, ജൈന മത ഭാഷാ ന്യൂനപക്ഷ സമൂഹങ്ങളുടെ ജീവിതാവസ്ഥയാണ് രംഗനാഥമിശ്ര കമ്മീഷൻ പഠിച്ചത്.

മാർച്ച് 2005ൽ ആണ് ഡൽഹി ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് രജീന്ദർ സച്ചാറിനെയും രാജ്യത്തെ ആറ് പ്രമുഖരെയും ഉൾപ്പെടുത്തി ഉന്നതതല അന്വേഷണ കമ്മിറ്റിയെ നിയമിച്ചത്. രാജ്യത്തെ “മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവസ്ഥകൾ മാത്രം” അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാനാണ് സമിതിയോട് അഭ്യർഥിച്ചത്. മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക- സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പ്രത്യേക ഇടപെടലുകൾ, നയങ്ങൾ, പരിപാടികൾ എന്നിവ നടപ്പാക്കാൻ ഈ വശങ്ങൾ ഉൾക്കൊള്ളുന്ന സമഗ്ര റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചു. മുസ്‌ലിംകളുടെ നിലനിൽപ്പ് സുരക്ഷിതത്വം, വിദ്യാഭ്യാസം, ഉദ്യോഗം, സേനകളിലെ പ്രതിനിധ്യം, തൊഴിലുകൾ എന്നിവയെല്ലാം അപഗ്രഥിച്ച സച്ചാർ കമ്മിറ്റി 2006 നവംബർ 17ന് പ്രധാനമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. മുസ്‌ലിം ന്യൂനപക്ഷത്തിന് ജീവിതത്തിന്റെ സകല മേഖലകളിലും കടുത്ത അനീതി നടന്നിട്ടുണ്ടെന്ന് ജസ്റ്റിസ് സച്ചാർ കമ്മിറ്റി കണ്ടെത്തി. വോട്ടർ പട്ടികയിൽ മുസ്‌ലിംകളെ ഉൾപ്പെടുത്താത്തത്, നിരവധി സംസ്ഥാനങ്ങളുടെ വോട്ടർ പട്ടികയിൽ മുസ്‌ലിംകളുടെ പല പേരുകളും ഒഴിവാക്കുന്നത് തുടങ്ങിയ വിവരങ്ങളും കമ്മിറ്റി കണ്ടെത്തി. ഇത് അവരെ ശാക്തീകരിക്കുകയില്ലെന്ന് മാത്രമല്ല, സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നതിൽ നിന്ന് അയോഗ്യരാക്കുകയും ചെയ്യുന്നു. റേഷൻ കാർഡ് പോലും അവർക്ക് ലഭിക്കുന്നില്ല. ഇലക്്ഷൻ ഐ ഡി കാർഡ് ലഭിക്കുന്നില്ല. മുസ്‌ലിം കേന്ദ്രീകൃത അസംബ്ലി നിയോജകമണ്ഡലങ്ങളെ പട്ടികജാതി സ്ഥാനാർഥികൾക്ക് മാത്രം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുന്ന വിധത്തിലുള്ള “റിസർവ്ഡ്” മണ്ഡലങ്ങളായി പ്രഖ്യാപിക്കുന്നു. ഈ നീക്കത്തിലൂടെ മുസ്‌ലിംകളുടെ രാഷ്ട്രീയ പങ്കാളിത്തം ആസൂത്രിതമായി നിഷേധിക്കപ്പെടുന്നു. എസ് സി ക്വാട്ട മസാബി സിഖുകാർക്കും ന്യൂയോബുദ്ധമതക്കാർക്കും ലഭ്യമായിരിക്കുമ്പോൾ മുസ്‌ലിംകൾക്ക് ലഭ്യമല്ലാത്തത് ആശങ്കാജനകവും അനീതിയുമാണെന്ന് സച്ചാർ കമ്മിറ്റി നിരീക്ഷിച്ചു. വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന മുസ്‌ലിംകളുടെ പങ്ക് എല്ലാ തലങ്ങളിലും വളരെ കുറവാണ്.
ഇന്ത്യൻ റെയിൽവേയിൽ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യം 4.5 ശതമാനം മാത്രമാണ്. അതിൽ മിക്കവാറും എല്ലാവരും (98.7 ശതമാനം) വളരേ താഴ്ന്ന ജോലിയിലാണ് ഏർപ്പെട്ടിരിക്കുന്നത്. പരമ്പരാഗതമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി/ പട്ടികവർഗക്കാരെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിലെ പതിവ് ജോലികളിൽ മുസ്‌ലിംകളുടെ പങ്കാളിത്തം വളരെ പരിമിതമാണെന്നും കമ്മിറ്റി കണ്ടെത്തി.
സർക്കാർ തൊഴിലിൽ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ മോശം പ്രാതിനിധ്യം സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ പട്ടിക 9 (5), 9 (6) എന്നിവയിൽ വിശദമായി പ്രതിപാദിക്കുന്നു. എക്സ്റ്റൻഷൻ R4 (2) (എ), (ബി), (സി) രാജ്യത്തെ മുസ്‍‌ലിം ന്യൂനപക്ഷത്തിന്റെ ദയനീയ അവസ്ഥ കാണിക്കുന്നു. രാജ്യത്ത് തുടരെത്തുടരെ ഉണ്ടാക്കുന്ന വർഗീയ ലഹളകൾ മുസ്‌ലിംകളുടെ നിലനിൽപ്പിന് തന്നെ ഭീഷണി ഉണ്ടാക്കുന്നു. രക്ഷാ ബോധം നഷ്ടപ്പെട്ട അവർ വടക്കൻ സംസ്ഥാനങ്ങളിൽ രണ്ടാം തരം പൗരന്മാരെപ്പോലെയായിരിക്കുന്നു. വിദ്യാഭ്യാസ – ഉദ്യോഗ മേഖലകളിൽ അവർ പലയിടത്തും പട്ടിക വിഭാഗങ്ങളേക്കാൾ പിന്നാക്കമാണ്. വിവിധ സേനകളിൽ അവർക്ക് പ്രാതിന്നിധ്യം തീരെയില്ല.

കേരളത്തിൽ ഇടക്കാലത്ത് ആകർഷകമായിരുന്ന ഗൾഫ് തൊഴിലുകളാണ് മുസ്‌ലിംകളുടെ ജീവിതം കുറച്ചൊക്കെ മെച്ചപ്പെടുത്തിയത്. ആ 52 ദിവസം ഒഴിച്ചാൽ ഒരു മുസ്‌ലിം ഇവിടെ മുഖ്യമന്ത്രി ആയില്ല. മന്ത്രിമാരിലും എം എൽ എമാരിലും ബോർഡ് കോർപറേഷനുകളിലും അവർക്ക് അർഹമായത് ലഭിക്കുന്നില്ല. സർക്കാർ സർവീസിൽ കേവലം ആറ് ശതമാനമാണ് അവരുടെ നിരക്ക്. 12.5 ശതമാനം അനുവദിച്ച് നൽകിയിടത്താണ് പതിറ്റാണ്ടുകളായി ഈ നിയമ ലംഘനം. ആകെ 648 പേജിൽ 228 താളുകൾ നിറയെ ഉള്ള ശിപാർശകളിൽ ജസ്റ്റിസ് സച്ചാർ കമ്മിറ്റി പറഞ്ഞത് മുസ്‌ലിംകളുടെ സാമൂഹികാവസ്ഥ ഉയർത്താനുള്ള നടപടികൾ വേണമെന്നാണ്.

വഖ്ഫ് സ്വത്തുക്കൾ വീണ്ടെടുക്കണം. അവ യഥാവിധി ഉപയോഗപ്പെടുത്താൻ മുസ്‌ലിംകൾക്ക് വിട്ടുകൊടുക്കണം. “ഈക്വൽ ഓപ്പർച്യൂനിറ്റി കമ്മീഷൻ” ഉൾപ്പെടെ മുസ്്ലിം ന്യൂനപക്ഷത്തിന് മാത്രമായി വിവിധ ഉത്തേജക നടപടികൾ ശിപാർശ ചെയ്യുകയുമുണ്ടായി.

ജസ്റ്റിസ് സച്ചാർ കമ്മിറ്റി ചൂണ്ടിക്കാണിച്ചതുപോലെ, മുസ്‌ലിംകളെ “ആന്റി-നാഷനൽസ്” എന്ന് മുദ്രകുത്തി ഇരട്ടി പ്രഹരം ഏൽപ്പിക്കുന്ന പ്രവണത ഏറിവരികയുമാണ്. ഭരണക്കാർ എറിഞ്ഞു കൊടുത്തേക്കാവുന്ന എച്ചിൽ കഷണങ്ങളിൽ പ്രതീക്ഷയർപ്പിച്ച മറ്റ് ചിലർ കേരളത്തിൽ ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നു. അവരാണ് കേരളത്തിലെ രണ്ട് പ്രബല ന്യൂനപക്ഷ സമുദായങ്ങൾ പതിറ്റാണ്ടുകളായി കാത്ത് സൂക്ഷിക്കുന്ന സൗഹൃദാന്തരീക്ഷം നശിപ്പിക്കാനും അതുവഴി നേട്ടമുണ്ടാക്കാൻ കാത്തിരിക്കുന്നവർക്ക് അവസരമുണ്ടാക്കാൻ വഴി തുറക്കുന്നത്.

ഐക്യമത്യം മഹാബലം എന്നത് സംവരണ നിയമനങ്ങളിലും പി എസ് സി ക്വാട്ടയിലും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അവിടെ മറ്റ് സമുദായങ്ങൾ പല പേരുകളിൽ പട്ടികയിൽ വന്ന് ഓരോ വിഭാഗത്തിനും ക്വാട്ട നേടിയപ്പോൾ മറ്റെവിടെയും ഒന്നിക്കാത്ത മുസ്‌ലിംകൾ ഇവിടെ ഒരൊറ്റ വിഭാഗമാണ്. അതുകൊണ്ട് തന്നെ അവർക്ക് ആകെ ഒരു ക്വാട്ടയേ ഉള്ളൂ. ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള അവർക്കല്ല സംവരണ നിയമനത്തിലെ ഒന്നാം സ്ഥാനം. അഞ്ച് ഒഴിവിലേക്ക് നിയമനം നടന്നാൽ അവർക്ക് ജോലി ലഭിക്കുന്നില്ല. കാരണം അവരുടെ റൊട്ടേഷൻ ആറ് മുതലാണ് തുടങ്ങുന്നത്. വീണ്ടും അഞ്ച് ഒഴിവ് റിപ്പോർട്ട് ചെയ്താൽ ആറ് മുതൽ എണ്ണുന്നതിന് പകരം ഒന്ന് എന്നാരംഭിക്കുന്നതിനാൽ വീണ്ടും മുസ്‌ലിം ഉദ്യോഗാർഥിക്ക് നിയമനം കിട്ടുന്നില്ല. നേരത്തേ ക്വാട്ടപ്രകാരം രണ്ടാം സ്ഥാനത്തും നാലാം സ്ഥാനത്തും നിയമനം നേടിയ സമുദായങ്ങൾക്ക് വീണ്ടും രണ്ടും നാലും സ്ഥാന നിയമനങ്ങൾ ലഭിക്കുന്നതാണ് വർത്തമാനകാല അനുഭവം.

ശാസ്ത്ര സാഹിത്യ പരിഷത് നടത്തിയ പഠനം വെളിവാക്കുന്നത് 12.5 ശതമാനമുള്ള നായർ സമുദായം കേരളത്തിലെ ആകെ ഉദ്യോഗങ്ങളിൽ 21 ശതമാനവും നേടിയിരിക്കുന്നു എന്നാണ്. 22 ശതമാനമുള്ള ഈഴവർക്ക് പത്താണ്ട് മുമ്പേ 22.7 ശതമാനം ലഭിച്ചിട്ടുണ്ട്. ഒമ്പത് ശതമാനമുള്ള പട്ടിക വിഭാഗങ്ങൾക്ക് 7.6 ശതമാനമാണ് ലഭിച്ചത്. 18 ശതമാനമുള്ള ക്രിസ്ത്യാനികൾ നേടിയത് 25 ശതമാനത്തിനും മുകളിലാണ്. 28.5 ശതമാനമുള്ള മുസ്‌ലിംകൾക്ക് ആകെ അനുവദിച്ചത് 12.5 ശതമാനം. കിട്ടിയതോ വെറും ആറ് ശതമാനവും.
തുല്യനീതിയിലൂടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഭരണഘടനാ ശിൽപ്പികൾ സംവരണം എന്ന തത്വം മുന്നോട്ടുവെച്ചത്. ജാതിയുടെയോ വർഗത്തിന്റെയോ അടിസ്ഥാനത്തിൽ മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ള വിവേചനം മൂലവും ചരിത്രപരമായ അനീതികൾ മൂലം അധികാരങ്ങളും അവകാശങ്ങളും വിതരണം ചെയ്തതിൽ സംഭവിച്ച അസമത്വം പരിഹരിക്കുന്നതിനാണ് സംവരണം. ബ്രാഹ്മണാധിപത്യത്തിൽ നിലനിന്ന ജാതി വ്യവസ്ഥയെ എതിർത്ത പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്തേ പ്രവർത്തിച്ചിരുന്നു. അവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ദക്ഷിണേന്ത്യയിൽ മൈസൂരിൽ 1921ലും മലബാർ ഉൾപ്പെട്ട മദ്രാസിൽ 1936ലും തിരുവിതാംകൂറിലും കൊച്ചിയിലും 1937ലും സംവരണം നടപ്പിൽ വന്നു. സ്വാതന്ത്ര്യാനന്തരം നമ്മുടെ ഭരണഘടന സംവരണത്തിന് നിയമ പ്രാബല്യവും നൽകി.

1935ൽ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വന്നതോടെ അതിന്റെ 295, 298 വകുപ്പുകൾ പ്രകാരം രാജ്യത്ത് അന്നുവരെ നിലനിന്ന സാമുദായിക സംവരണത്തിന് നിയമ പരിരക്ഷ ലഭിച്ചു. ഈ ആക്ടിന്റെ പട്ടികയിൽ ബ്രിട്ടീഷുകാർ ഉൾപ്പെടുത്തിയ ജാതികളാണ് പിന്നീട് പട്ടികജാതികൾ എന്നറിയപ്പെട്ടത്. നിയമങ്ങൾ ഉണ്ടായെങ്കിലും അധികാര കസേരയിൽ ഇരുന്നവർ അവ നടപ്പാക്കുന്നതിൽ കുറ്റകരമായ അനാസ്ഥ കാട്ടി. അവർ പരദേശി ബ്രാഹ്മണരെ ഉദ്യോഗങ്ങളിൽ കുത്തി നിറച്ചുകൊണ്ടിരുന്നു. അതിനെതിരെയാണ് 1891ൽ മലയാളി മെമ്മോറിയലുണ്ടായത്. ഈഴവരുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാൻ ഡോ. പൽപ്പുവിന്റെയും മറ്റും നേതൃത്വത്തിൽ 1896ൽ ഈഴവ മെമ്മോറിയലും ഉണ്ടായി. ഇവയൊന്നും പിന്നാക്ക ന്യൂനപക്ഷ സമൂഹങ്ങൾക്ക് അർഹമായ പ്രതിനിധ്യം നേടിക്കൊടുത്തില്ല. പിന്നെയാണ് നിവർത്തന പ്രക്ഷോഭമുണ്ടായത്. അതിന്റെ ഫലമായി 1935 ജൂണിൽ തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മീഷൻ നിലവിൽ വന്നു. കേരളപ്പിറവിയോടെ അത് സംസ്ഥാന പി എസ് സിയായി.

സംവരണവും മറ്റ് എല്ലാ വിഭവ വിതരങ്ങളും ജനസംഖ്യാനുപാതികമാക്കേണ്ടത് കാലഘട്ടത്തിന്റെ തേട്ടമാണ്. ജനസംഖ്യാനുപാതത്തിൽ പട്ടിക വിഭാഗങ്ങൾക്ക് ഇന്ന് നിയമനം ലഭിക്കുന്നുണ്ട്. അതുപോലെ മറ്റ് പിന്നാക്ക ന്യൂനപക്ഷ സമൂഹങ്ങൾക്കും ജനസംഖ്യാനു പാതത്തിൽ സംവരണവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കണം. നിർഭാഗ്യവശാൽ നമ്മുടെ കോടതികളും സർക്കാറുകളും എക്‌സിക്യൂട്ടീവിലെ ലോബിയും സാമ്പത്തിക സംവരണം നടപ്പിൽ വരുത്തുന്ന നടപടികൾക്കാണ് മുൻകൈയെടുക്കുന്നത്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് സാമൂഹിക നീതി എന്നത്. നായർ പോലെയുള്ള മുന്നാക്ക സമുദായങ്ങളെ പ്രീണിപ്പിക്കാനാണ് അധികാരികൾ പലപ്പോഴും അത് ഉപയോഗിക്കുന്നത്. ഇന്നിപ്പോൾ സാമൂഹികനീതി ഉറപ്പാക്കും എന്ന് പറയുന്നത് നായർ മുന്നാക്ക സമുദായങ്ങൾക്ക് കുറച്ചു കൂടി അവസരം കൊടുക്കും എന്ന അർഥത്തിലായിരിക്കുന്നു.

എന്നാൽ കേരള ഹൈക്കോടതിയുടെ സ്‌കോളർഷിപ്പ് വിധി ഇത്തരം ദുഷ്ടലാക്കുകളുടെ എല്ലാ ഒളി ശ്രമങ്ങളെയും തള്ളി മുന്നേറാൻ നമുക്ക് പ്രചോദനമാകണം. കോടതി ഇപ്പോൾ താത്പര്യപ്പെട്ടത് പോലെ വിവിധ മത, ജാതി സമൂഹങ്ങൾക്ക് ജനസംഖ്യാനുപാതത്തിൽ അവകാശങ്ങളും ആനുകൂല്യങ്ങളും വിതരണം ചെയ്യുമ്പോൾ മാത്രമേ നാട്ടിൽ സാമൂഹിക നീതി നടപ്പിലാകൂ.

ലഭ്യമായ കണക്കനുസരിച്ച് എല്ലാ രംഗത്തും 26.56 ശതമാനം മുസ്‌ലിംകൾക്കും 18.38 ശതമാനം ക്രിസ്ത്യാനികൾക്കും അവകാശം സ്ഥാപിച്ചു നൽകാൻ നിലവിലെ കോടതി വിധി അടിസ്ഥാനമാക്കി ഉത്തരവിറക്കാൻ സർക്കാർ തയ്യാറാകണം. എക്‌സിക്യൂട്ടീവിൽ എന്ന പോലെ ഭരണരംഗത്തും ഇത്തരം നടപടി വേണം. പഞ്ചായത്ത് – നഗരസഭ-കോർപറേഷനുകളിൽ 26.56 ശതമാനം ജനപ്രതിനിധികൾ മുസ്‌ലിംകളാകണം. മുസ്‌ലിംകൾക്കായി സീറ്റുകൾ സംവരണം ചെയ്യണം. സച്ചാർ പറഞ്ഞത് പോലെ മുസ് ലിം ഭൂരിപക്ഷ മേഖലകളിൽ കലക്ടർ, എസ് പി തുടങ്ങിയ തസ്തികകളിൽ മുസ്‌ലിംകളെ നിയമിക്കണം. മുഖ്യധാരാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മികവിന്റെ കേന്ദ്രങ്ങളായ ഐ ഐ ടി, ഐ ഐ എമ്മുകളിലും ജുഡീഷ്യറി, സേനകൾ തുടങ്ങിയവയിലും മുസ്‌ലിം യുവാക്കൾക്ക് സംവരണം ലഭ്യമാക്കണം.

(വിവരാവകാശ നിയമ ഫാക്കൽറ്റിയും സംസ്ഥാന ഇൻഫർമേഷൻ വകുപ്പ് മുൻ അഡീഷനൽ ഡയറക്ടറുമാണ് ലേഖകൻ)

nahahakkim@gmail.com

---- facebook comment plugin here -----

Latest