Connect with us

Editorial

ജനന നിയന്ത്രണവും ചൈന പഠിച്ച പാഠവും

Published

|

Last Updated

്‘നാമൊന്ന് നമുക്കൊന്ന്” നയത്തില്‍ നിന്ന് “നാമൊന്ന് നമുക്ക് രണ്ടി”ലേക്ക് മാറിയ ചൈന ഇപ്പോള്‍ അതും തിരുത്തി “നമുക്ക് മൂന്ന്” നയം പ്രഖ്യാപിച്ചിരിക്കുന്നു. ജനസംഖ്യയില്‍ ഏറ്റവും സമ്പന്നമായ ചൈനയില്‍, ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. രാജ്യത്തെ ജനന നിരക്ക് വന്‍തോതില്‍ കുറയുകയും പ്രായമായവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച ചേര്‍ന്ന പോളിറ്റ്ബ്യൂറോ പുതിയ നയം പ്രഖ്യാപിച്ചത്. 2016 മുതല്‍ 2020 വരെ, തുടര്‍ച്ചയായ നാല് വര്‍ഷമായി ജനന നിരക്ക് കുറഞ്ഞു വരികയാണ് ചൈനയില്‍. ഇത് സാമ്പത്തികമായും സാമൂഹികമായും വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് അധികൃതര്‍ വിലയിരുത്തുന്നു. മൂന്ന് കുട്ടി നയം രാജ്യത്തിന്റെ ജനസംഖ്യാ ഘടന മെച്ചപ്പെടുത്തുന്നതിന് സഹായകമാകുമെന്ന് പാര്‍ട്ടി നേതൃത്വം പ്രത്യാശ പ്രകടിപ്പിക്കുന്നു.

ഉയര്‍ന്ന ജനസംഖ്യ രാജ്യത്ത് സാമ്പത്തിക, ഭക്ഷ്യ പ്രതിസന്ധി സൃഷ്ടിക്കുമെന്ന മിഥ്യാധാരണയില്‍ 1950ല്‍ തുടങ്ങിയതാണ് ചൈനയില്‍ സന്താന നിയന്ത്രണം. രണ്ടോ മൂന്നോ കുട്ടികളേ പാടുള്ളൂവെന്നതായിരുന്നു അന്നത്തെ നയം. 1979 മുതല്‍ ഒറ്റക്കുട്ടി നയം അടിച്ചേല്‍പ്പിച്ചു. ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന മാതാപിതാക്കള്‍ അവരുടെ വാര്‍ഷിക ഡിസ്‌പോസിബിള്‍ വരുമാനത്തിന്റെ 10 ഇരട്ടി വരെ പിഴ, തൊഴില്‍ നഷ്ടം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം തുടങ്ങിയ ശിക്ഷകള്‍ക്കു വിധേയരായി. ഒറ്റക്കുട്ടി നയം ഉറപ്പ് വരുത്താന്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടന്നത്. രാജ്യത്ത് ജനന നിയന്ത്രണ നിയമങ്ങള്‍ നടപ്പാക്കാന്‍ ദേശീയ ജനസംഖ്യാ കുടുംബാസൂത്രണ കമ്മീഷന് കീഴില്‍ 85 ദശലക്ഷത്തിലധികം പാര്‍ട്ട് ടൈം ജോലിക്കാരുണ്ടായിരുന്നു. ഒറ്റക്കുട്ടി നയം ചൈനയില്‍ 40 കോടി ജനങ്ങളെ തടഞ്ഞുവെന്നാണ് കണക്ക്. കുട്ടികളുടെ ജനന നിരക്ക് മാത്രമല്ല, വിവാഹ നിരക്കും കുത്തനെ കുറയാനും ഇതിടയാക്കി. സിവില്‍ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 2013ല്‍ 23.8 ദശലക്ഷം പേരാണ് ചൈനയില്‍ വിവാഹിതരായിരുന്നതെങ്കില്‍ 2019ല്‍ ഇത് 13.9 ദശലക്ഷത്തിലേക്ക് കൂപ്പുകുത്തി. ആണ്‍ പെണ്‍ അനുപാതം ഇപ്പോള്‍ 100 പെണ്‍കുട്ടികള്‍ക്ക് 121 ആണ്‍കുട്ടികള്‍ എന്നതാണ്. പാരമ്പര്യമായി ആണ്‍കുട്ടികള്‍ക്കാണ് ചൈനയിലെ കുടുംബങ്ങള്‍ കൂടുതല്‍ പരിഗണന നല്‍കുന്നത്. ഇതുമൂലം ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍കുറവ് വന്നു. ഇപ്പോള്‍ 30 ദശലക്ഷം പുരുഷന്മാര്‍ പങ്കാളികളെ കിട്ടാതെ വിഷമിക്കുകയാണത്രെ.

ഒറ്റക്കുട്ടി നയം സാമ്പത്തികമായും സാമൂഹികമായും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെട്ടു തുടങ്ങിയതോടെ 2016 ജനുവരിയിലാണ് രണ്ട് കുട്ടികള്‍ വരെയാകാമെന്ന തീരുമാനം ഭരണ നേതൃത്വം കൈക്കൊണ്ടത്. മാത്രമല്ല, ഒറ്റക്കുട്ടി നയത്തെ തുടർന്ന് ദാമ്പത്യ ജീവിതത്തോട് താത്പര്യം കുറഞ്ഞുവന്ന യുവസമൂഹത്തെ വിവാഹത്തിനു പ്രേരിപ്പിക്കുന്നതിനായി, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന വിഭാഗമായ കമ്മ്യൂണിസ്റ്റ് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പയിനും ആചരിച്ചു. ഒറ്റത്തടിയായി നില്‍ക്കുന്നവര്‍ക്ക് പങ്കാളികളെ കണ്ടെത്താന്‍ സമൂഹ ഡേറ്റിംഗ് ഇവന്റുകള്‍ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഈ ലക്ഷ്യത്തില്‍ രാജ്യത്ത് നടന്നത്. വിവാഹവും കുട്ടികളുണ്ടാകുന്നതും കുടുംബ കാര്യമല്ലെന്നും രാജ്യവ്യവഹാരമാണെന്നുമാണ് യുവസമൂഹത്തിനുള്ള ഭരണകൂടത്തിന്റെ ഉത്‌ബോധനം.

തൊഴില്‍ ശേഷിയിലും വന്‍ ഇടിവുണ്ടാക്കി ഒറ്റക്കുട്ടി നയം. 15-57 പ്രായക്കാരായ തൊഴില്‍ ശേഷിയുള്ളവരുടെ എണ്ണത്തില്‍ 2014ല്‍ മാത്രം 3.71 മില്യനാണ് കുറവ് വന്നത്. 1979ന് ശേഷമുള്ള മൊത്തം തൊഴില്‍ ശേഷി നഷ്ടം 67 മില്യനാണ്. ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം 2050ഓടെ ചൈനയില്‍ അറുപത് കഴിഞ്ഞവരുടെ എണ്ണം 440 മില്യനാകും. ഇന്ത്യയില്‍ 65 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം 12.7 ശതമാനമാണെങ്കില്‍ ചൈനയില്‍ 23.9 ശതമാനമാണ്. തൊഴില്‍ ശേഷിയുള്ളവരുടെ എണ്ണത്തിലെ ഈ ഭീമമായ കുറവ് ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ ശ്രമിക്കുന്ന ചൈനക്ക് വലിയൊരു തിരിച്ചടിയാണ്. ഇതാണ് മൂന്ന് കുട്ടികള്‍ക്കു വരെ അനുമതി നല്‍കാന്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.
ജനസംഖ്യാ നിയന്ത്രണത്തിന് വേണ്ടി കര്‍ശന നിയമങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്ന ഉത്തര്‍ പ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ക്ക് പാഠവും മുന്നറിയിപ്പുമാണ് ചൈന. യു പിയില്‍ ജനസംഖ്യ 20 കോടി കടന്ന സാഹചര്യത്തില്‍ രണ്ട് കുട്ടികളില്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാന്‍ ആലോചിക്കുന്നതായി യു പി ആരോഗ്യമന്ത്രി ജയ്പ്രതാപ് സിംഗ് വ്യക്തമാക്കിയിരുന്നു. ചില എം എല്‍ എമാര്‍ ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചിരുന്നതായും അദ്ദേഹം അറിയിക്കുകയുണ്ടായി. ജനസംഖ്യാ വര്‍ധനവ് സാമ്പത്തിക, ഭക്ഷ്യ കമ്മിക്കിടയാക്കുമെന്ന മിഥ്യാധാരണയാണ് ഇത്തരം നടപടികളിലേക്ക് നീങ്ങുന്നതിന്റെ പ്രധാന കാരണം. വികസന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകണമെങ്കില്‍ ജനസംഖ്യാ നിയന്ത്രണം അത്യാവശ്യമാണെന്നാണ് ഒരു മാധ്യമ അഭിമുഖത്തില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. ഈ ചിന്താഗതിയും നിരീക്ഷണവും തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ജനസംഖ്യാ വര്‍ധന രാജ്യത്ത് ദാരിദ്ര്യമോ സാമ്പത്തിക പ്രതിസന്ധിയോ വികസന മുരടിപ്പോ സൃഷ്ടിക്കുകയില്ല. ജനസംഖ്യ നിയന്ത്രിച്ചതുകൊണ്ട് രാജ്യം സാമ്പത്തിക വളര്‍ച്ചയും പുരോഗതിയും നേടുകയുമില്ല. 1950ലെ ഇന്ത്യയിലെ ജനസംഖ്യ 35 കോടി 51 ലക്ഷമായിരുന്നു. 2020ല്‍ 137 കോടി 70 ലക്ഷമായി ഉയര്‍ന്നെങ്കിലും അതിനനുസൃതമായി രാജ്യം സാമ്പത്തിക വളര്‍ച്ചയും കൈവരിച്ചുവെന്നാണ് കണക്കുകള്‍ വിളിച്ചോതുന്നത്. മനുഷ്യ സമ്പത്ത് കൂടുതല്‍ ആസൂത്രിതമായി വിനിയോഗിച്ചിരുന്നെങ്കില്‍ സാമ്പത്തിക വളര്‍ച്ചയും വികസനവും ഇതിനേക്കാള്‍ മെച്ചപ്പെടുമായിരുന്നു. ജനന നിയന്ത്രണമല്ല, വര്‍ധിതമായ മനുഷ്യസമ്പത്തിന്റെ ശരിയായ ഉപയോഗമാണ് രാജ്യത്തിന് കൂടുതല്‍ ഗുണം ചെയ്യുകയെന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്.