Connect with us

Editorial

സര്‍വീസ് സംസ്‌കാരം അടിമുടി മാറണം

Published

|

Last Updated

ഫയലുകള്‍ തീര്‍പ്പാക്കല്‍ ഇന്നും ഒരു കീറാമുട്ടിയായി തുടരുകയാണ് ഭരണരംഗത്ത്. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ അധികാരമേറ്റെടുത്ത ഉടനെ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ഫയലുകള്‍ തീര്‍പ്പാക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഓര്‍മപ്പെടുത്തുകയും ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യാറുണ്ട്. അതുപക്ഷേ, ഏട്ടിലെ പശുവായി അവശേഷിക്കാറാണ് പതിവ്. ആ സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുമ്പോഴും കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ടാകാറില്ല. എന്നല്ല പലപ്പോഴും എണ്ണം കുത്തനെ ഉയരുകയും ചെയ്യും.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ നൂറുദിന പരിപാടി ആവിഷ്‌കരിക്കുകയും ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. 2016 ജൂണില്‍ അധികാരമേറ്റ ഉടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ യോഗം വിളിച്ച് കാര്യമാത്രപ്രസക്തമായ ചില ഉപദേശങ്ങള്‍ നല്‍കി.

“നിങ്ങളുടെ മുമ്പില്‍ വരുന്ന ഓരോ ഫയലിലും പാവപ്പെട്ടവരുടെ ജീവിതമാണുള്ളത്. ആ ഫയലുകളില്‍ നിങ്ങളെഴുതുന്ന കുറിപ്പാകും ഒരുപക്ഷേ അവരില്‍ അപൂര്‍വം ചിലരെങ്കിലും തുടര്‍ന്ന് ജീവിക്കണോ മരിക്കണോ എന്നു പോലും നിശ്ചയിക്കുന്നത്. ഫയലുകളിലുള്ളത് ജീവിതമാണെന്നും കഴിയുന്നത്ര കരുതലോടെ അത് കൈകാര്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള ബോധമായിരിക്കണം ഉദ്യോഗസ്ഥരെ നയിക്കുന്നത്. എങ്ങനെയൊക്കെ ജനങ്ങളെ സഹായിക്കാം എന്നതായിരിക്കണം സ്വാഭാവികമായി ഫയല്‍ നോക്കുമ്പോഴുള്ള അടിസ്ഥാന സമീപനം. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പൊതുജനത്തിന് വേണ്ടി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനാണ്. ഇത് മനസ്സിലാക്കി ജീവനക്കാര്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും ഫയലുകളില്‍ നിശ്ചിത സമയത്തിനുള്ളില്‍ തീരുമാനം എടുക്കണ”മെന്നും പിണറായി ജീവനക്കാരെ ഉണര്‍ത്തി. മാത്രമല്ല, തന്റെ ഭരണ കാലയളവില്‍ രണ്ട് തവണ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞവും ആക്്ഷന്‍ പ്ലാനും ലോക്ക്ഡൗണ്‍ സര്‍വീസ് മേഖലയെ ബാധിക്കാതിരിക്കാന്‍ “വര്‍ക്ക് ഫ്രം ഹോമും” നടപ്പാക്കുകയും ചെയ്തു അദ്ദേഹം.

എന്നിട്ടും ഇത്തവണ അധികാരമേറ്റപ്പോഴും ഫയലുകള്‍ സമയബന്ധിതമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് വീണ്ടും ഓര്‍മിപ്പിക്കേണ്ടി വന്നു മുഖ്യമന്ത്രിക്ക്. ഫയല്‍ നീക്കത്തിലും ഫയല്‍ തീരുമാനത്തിലും പുതിയ സമീപനം സ്വീകരിക്കേണ്ടതുണ്ടെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം ഉണ്ടാക്കി ഇക്കാര്യത്തില്‍ ആലോചന നടത്തണമെന്നും ഓണ്‍ലൈന്‍ യോഗത്തില്‍ വകുപ്പ് സെക്രട്ടറിമാരെ അറിയിച്ചതായി ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. ഫയല്‍ നീക്കം, ഫയല്‍ തീരുമാനം എന്നീ കാര്യങ്ങളില്‍ പുതിയ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ഫയല്‍ ഒരു ജീവനക്കാരന്റെ കൈയില്‍ എത്ര സമയം വെക്കാമെന്നതിന് പരിധി നിശ്ചയിക്കണം. ഒരു ഫയല്‍ വളരെയധികം പേര്‍ കാണേണ്ടതുണ്ടോ എന്നതും പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

വിവരാവകാശ നിയമത്തിന്റെ മാതൃകയില്‍ സേവനം പൗരന്റെ അവകാശമാക്കിയിട്ടുണ്ട് രാജ്യത്ത്. ഇതനുസരിച്ച് സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന എല്ലാവിധ സേവനങ്ങളും ജനങ്ങളുടെ അവകാശമാണ്. വില്ലേജ് ഓഫീസുകളിലെ സേവനങ്ങള്‍, സാമൂഹിക സുരക്ഷാ സേവനങ്ങള്‍, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ തുടങ്ങി മിക്ക സര്‍ക്കാര്‍ കാര്യങ്ങളും ഇതിന്റെ പരിധിയില്‍ വരും. 2012 നവംബര്‍ ഒന്നിന് കേരളത്തില്‍ പ്രാബല്യത്തില്‍ വന്നതും നിശ്ചിത സമയപരിധിക്കുള്ളില്‍ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതുമായ സേവനാവകാശ നിയമപ്രകാരം ജനന, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ പെന്‍ഷന്‍ വരെ ഓരോ സേവനത്തിനും സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഒരാളില്‍ നിന്ന് സേവനത്തിന് അപേക്ഷ ലഭിച്ചാല്‍ നിയുക്ത ഉദ്യോഗസ്ഥന്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ആ സേവനം നല്‍കുകയോ അല്ലെങ്കില്‍ നിരസിക്കുകയോ ചെയ്യണം. നിരസിക്കുകയാണെങ്കില്‍ അതിനുള്ള കാരണങ്ങള്‍ രേഖാമൂലം അറിയിക്കുകയും വേണം. ഇതില്‍ വീഴ്ച വരുത്തുന്ന ജീവനക്കാര്‍ക്ക് 500 മുതല്‍ 5,000 രൂപ വരെ പിഴശിക്ഷ നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. സേവനങ്ങള്‍ക്കായി സാധാരണക്കാര്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിരവധി തവണ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥക്കു പരിഹാരമെന്ന നിലയിലാണ് സേവനാവകാശ നിയമം കൊണ്ടുവന്നതെങ്കിലും ഉദ്യോഗസ്ഥരില്‍ നല്ലൊരു ഭാഗവും ഫയലുകള്‍ നിശ്ചിത തീയതിക്കകം തീര്‍പ്പാക്കുന്നതില്‍ ഇപ്പോഴും വിമുഖരും അലസരുമാണ്.
നവകേരളത്തിന്റെ സൃഷ്ടിപ്പും സത്്ഭരണവും വാഗ്ദാനം നല്‍കിയാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഇത് സാധ്യമാകണമെങ്കില്‍ ബ്യൂറോക്രസിയുടെ സംസ്‌കാരത്തിലും സമൂലമായ മാറ്റം അനിവാര്യമാണ്.

പൊതുസമൂഹത്തിന്റെ വിശ്വാസം ആര്‍ജിച്ച് സത്്ഭരണം ഉറപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പങ്ക് നിര്‍ണായകമാണ്. എന്നാല്‍ കെടുകാര്യസ്ഥതയില്‍ നിന്ന് ഇന്നും മുക്തമായിട്ടില്ല ബ്യൂറോക്രസി. സെക്രട്ടേറിയറ്റിലാണ് ഇത് കൂടുതലായി പ്രകടമാകുന്നത്. ലക്ഷക്കണക്കിനു ഫയലുകളാണ് ഇപ്പോഴും സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത്. പിണറായിയുടെ ശൈലി കടമെടുത്താല്‍, ബ്രിട്ടീഷുകാരുടെ കാലത്തെ ഫയല്‍ നോട്ട രീതിയാണ് ഇന്നും ഉദ്യോഗസ്ഥ മേഖലയില്‍ നിലനില്‍ക്കുന്നത്. ജനങ്ങളുടെ ആവശ്യത്തെ എങ്ങനെയൊക്കെ തടയാം, അവരുടെ അവകാശത്തെ എങ്ങനെയൊക്കെ നിയന്ത്രിക്കാം എന്ന മട്ടിലുള്ള ഒരു നെഗറ്റീവ് ഫയല്‍ നോട്ട സമ്പ്രദായമായിരുന്നു ബ്രിട്ടീഷ് ഭരണത്തിലേത്. അതിപ്പോഴും മാറിയിട്ടില്ല. സേവനങ്ങള്‍ ആവശ്യപ്പെട്ട് ഓഫീസുകളിലെത്തുന്നവരോടുള്ള മോശം പെരുമാറ്റവും ഫയലുകള്‍ വെച്ചുതാമസിപ്പിക്കലും കൈക്കൂലിയും സിവില്‍ സര്‍വീസില്‍ ഇപ്പോഴും നിര്‍ബാധം തുടരുന്നു. ഓഫീസിലെത്തി രജിസ്റ്ററില്‍ ഒപ്പു വെച്ച ശേഷം സംഘടനാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന യൂനിയന്‍ നേതാക്കള്‍ ഇന്നുമുണ്ട്. ഇത് മാറണം. നെഗറ്റീവ് ഫയല്‍ നോട്ട സമ്പ്രദായത്തിനു പകരം എങ്ങനെയൊക്കെ ജനങ്ങളെ സഹായിക്കാമെന്ന മട്ടിലുള്ള പോസിറ്റീവ് ഫയല്‍ നോട്ട സമ്പ്രദായം നടപ്പില്‍ വരണം. എങ്കിലേ ഫയല്‍ കെട്ടിക്കിടക്കുന്ന പ്രവണതക്ക് പരിഹാരമാകുകയുള്ളൂ.