Connect with us

National

പത്ത് വർഷത്തിനിടെ സിബിഐ സ്വന്തം ഉദ്യോഗസ്ഥർക്ക് എതിരെ രജിസ്റ്റർ ചെയ്തത് 60 കേസുകൾ; ശിക്ഷിക്കപ്പെട്ടത് നാല് ഉദ്യോഗസ്ഥർ മാത്രം

Published

|

Last Updated

ന്യൂഡൽഹി | കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്വന്ത‌ം ഉദ്യോഗസ്ഥർക്ക് എതിരെ സിബിഐ രജിസ്റ്റർ ചെയ്തത് 60 കേസുകൾ. ഇതിൽ ശിക്ഷിച്ചത് നാല് ഉദ്യോഗസ്ഥരെ മാത്രം. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സി.ബി.ഐ ഉദ്യോഗസ്ഥർക്കെതിരെ എത്ര കേസുകൾ ഫയൽ ചെയ്തുവെന്നും ആ കുറ്റങ്ങളിൽ യഥാർത്ഥത്തിൽ എത്ര പേർ ശിക്ഷിക്കപ്പെട്ടുവെന്നും അറിയാൻ ഇന്ത്യാ ടുഡേ മാഗസിൻ നൽകിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിൽ സിബിഐ തന്നെ വ്യക്തമാക്കിയതാണ് ഈ കാര്യം.

2011 മുതൽ 2021 വരെ കാലയളവിൽ, സിബിഐയിൽ ഡെപ്യൂട്ടീഷനിൽ എത്തിയ ഏഴ് ഐപിഎസ് ഓഫീസർമാർ ഉൾപ്പെടെ 60 പേർക്ക് എതിരെയാണ് അഴിമതിക്കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ 2014 മുതൽ 2017 വരെ രജിസ്റ്റർ ചെയ്ത 25 കേസുകളിലാണ് നാല് പേരെ ശിക്ഷിച്ചത്. മറ്റു കേസുകളിൽ ഒന്നും പ്രതികൾ ശിക്ഷക്കപ്പെട്ടിട്ടില്ല. ഈ അഴിമതി കേസുകളിൽ എത്ര ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയോ അന്വേഷിക്കുകയോ ചെയ്തുവെന്ന് വിവരവാകാശ മറുപടിയിൽ സി.ബി.ഐ വ്യക്തമാക്കുന്നില്ല.

സി.ബി.ഐ അന്വേഷിക്കുന്ന കേസുകളിലെ മൊത്തത്തിലുള്ള ശിക്ഷാ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ സ്വന്ത‌ം ഉദ്യോഗസ്ഥർക്ക് എതിരായ കേസുകളിൽ ഇത് നന്നേ കുറവാണെന്ന് കാണാൻ കഴിയും. 2019 ലെ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ (സിവിസി) വാർഷിക റിപ്പോർട്ട് പ്രകാരം, സി.ബി.ഐ അന്വേഷിച്ച കേസുകളിലെ മൊത്തത്തിലുള്ള ശിക്ഷാ നിരക്ക് 69.19 ശതമാനമായിരുന്നു. എന്നാൽ സ്വന്തം ഉദ്യോസ്ഥരുടെ കാര്യത്തിൽ ഇത് വെറും 2.4 ശതമാനം മാത്രമാണ്.

അതേസമയം സിബിഐ നൽകിയ വിവരങ്ങളും സർക്കാർ നേരത്തെ രാജ്യസഭയിൽ നൽകിയ വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുള്ളതായും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2019 ജൂലൈ വരെയുള്ള മൂന്ന് വർഷങ്ങളിൽ 36 ഉദ്യോസ്ഥർക്ക് എതിരെ 30 കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ രാജ്യസഭയെ അറിയിച്ചിരുന്നു. സി.ബി.ഐ സ്വന്തമായി വികസിപ്പിച്ചെടുത്ത പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ 2016 മുതൽ 2019 മെയ് 31 വരെ വർഷങ്ങളിൽ 10 പ്രാഥമിക അന്വേഷണങ്ങളും 20 റെഗുലർകേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

എന്നാൽ സിബിഐ നൽകിയ വിവരാവകാശ മറുപടിയിൽ 2016 നും 2019 നും ഇടയിൽ അഴിമതി നടത്തിയെന്ന് ആരോപിച്ച് ഏജൻസി അതിന്റെ ഉദ്യോഗസ്ഥർക്കെതിരെ 23 കേസുകൾ ഫയൽ ചെയ്യുകയോ അന്വേഷിക്കുകയോ ചെയ്തുവെന്നാണ് പറയുന്നത്. 2019 ഡിസംബർ വരെയുള്ള വിവരങ്ങൾ കൂടി ചേർത്തിട്ടും സർക്കാർ റിപ്പോർട്ട് ചെയ്തതിനേക്കാൾ 7 കേസുകൾ കുറവായാണ് സിബിഐ രേഖയിൽ കാണുന്നത്. ഇത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കപ്പെട്ടിട്ടില്ല.

വിവരാവകാശ ചോദ്യത്തിൽ, ശിക്ഷാവിധിയുടെ വിശദാംശങ്ങൾ, ശിക്ഷിക്കപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥരുടെയും ഈ കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥരുടെയും പേരുകൾ തുടങ്ങിയ കാര്യങ്ങൾ കൂടി ചോദിച്ചിരുന്നുവെങ്കിലും അതിന് വ്യക്തമായ മറുപടി നൽകിയില്ല. ഇത് പൊതുതാൽപര്യാർഥം വെളിപ്പെടുത്താനാകില്ല എന്നായിരുന്നു മറുപടി.

Latest