Connect with us

Kerala

സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി: മാര്‍ഗരേഖ തയ്യാറാക്കാന്‍ മൂന്നംഗ സമിതി

Published

|

Last Updated

തിരുവനന്തപുരം | എല്‍ഡിഎഫ് പ്രകടനപത്രികയിലെ പ്രധാനപ്പെട്ട ഇനമായ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിയുടെ മാര്‍ഗരേഖയും ശുപാര്‍ശയും സമര്‍പ്പിക്കുവാന്‍ വനിത ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചു. ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കേണ്ട സഹായം, ഗാര്‍ഹിക ജോലിയുടെ ഭാരവും കാഠിന്യവും ലഘൂകരിക്കാന്‍ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി നടപ്പാക്കല്‍ എന്നിവ സംബന്ധിച്ച മാര്‍ഗരേഖയും ശുപാര്‍ശകളും സമര്‍പ്പിക്കാനാണ് മൂന്നംഗ സമിതി രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, വനിതശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയില്‍. റിപ്പോര്‍ട്ട് 2021 ജൂലൈ 10നകം സമര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കി.

ഗാര്‍ഹിക അദ്ധ്വാനത്തിലേര്‍പ്പെടുന്നത് മഹാഭൂരിപക്ഷവും സ്ത്രീകളാണ്. വീട്ടിലെ ജോലിക്കൊപ്പം പുറമേയുള്ള മറ്റു ജോലികളിലും ഇവര്‍ ഏര്‍പ്പെടുന്നുണ്ട്. സ്ത്രീകളുടെ വീട്ടിലെ അധ്വാനം നമ്മുടെ സമ്പദ്ഘടനയുടെ ആകെ മൂല്യം കണക്കാക്കുന്ന മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ ഉള്‍പ്പെടുന്നുമില്ല.
ഗാര്‍ഹിക അധ്വാനത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുക, അവരുടെ വീട്ടുജോലിഭാരം ലഘൂകരിക്കുക എന്നിവയാണ് സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ഗാര്‍ഹിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതുള്‍പ്പെടെ ഈ പദ്ധതിയുടെ ഭാഗമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest