Connect with us

Gulf

കൊവിഡ് യാത്രാവിലക്ക്: ബഹ്റൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് അംബാസഡര്‍

Published

|

Last Updated

ദമാം | കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബഹ്റൈന്‍ വഴി സഊദിയിലേക്കുള്ള യാത്രാമധ്യേ കുടുങ്ങിയ ഇന്ത്യക്കാരുടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടരുന്നതായി സഊദിയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ: ഔസാഫ് സഈദ്. സഊദിയിലെ സാമൂഹിക, മാധ്യമ പ്രവര്‍ത്തകരോട് നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിന്നും സഊദിയിലേക്കുള്ള യാത്രാ വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബഹ്‌റൈന്‍ വഴിയുള്ള യാത്രക്കിടെ ഇവര്‍ കുടുങ്ങിയത്.

നിലവില്‍ 1,500 പേരാണ് സഊദിയിലേക്ക് പ്രവേശനത്തിനുള്ള അനുമതിക്കായി കാത്തിരിക്കുന്നത്.
കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് സഊദിയെയും ബഹ്റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രോസ്വേയിലൂടെ പ്രവേശിക്കാന്‍ കഴിയില്ലെന്ന പുതിയ നിബന്ധനയാണ് യാത്രക്കാര്‍ക്ക് തിരിച്ചടിയായത്. ഇത് സംബന്ധിച്ച് സഊദി വിദേശകാര്യ-ആരോഗ്യ മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചകള്‍ ആശാവഹമായിരുന്നെന്നും ഔസാഫ് സഈദ് പറഞ്ഞു.

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കൊവിഡ് പ്രതിരോധ കോവിഷീല്‍ഡ് വാക്സീന്‍ എടുത്തവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരാമെന്നും ഇവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഊദി ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് കോവിഷീല്‍ഡും ആസ്ട്രാസെനകയും ഒന്നുതന്നെയാണെന്ന് ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവാക്സിന്‍ സഊദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടില്ല. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ മടക്കയാത്രക്കായി കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവിധ മന്ത്രാ ലയങ്ങളുടെ സഹകരണത്തോടെ സഊദിയില്‍ നിന്നും ഇന്ത്യയിലേക്ക് ഓക്സിജനും സിലിന്‍ഡറുകളും മരുന്നുകളും എത്തിക്കാന്‍ കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ മരുന്നുകള്‍ ഇന്ത്യയിലെത്തിച്ചേരും

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസ് വഴി അഞ്ചര ലക്ഷം പേരാണ് ഇന്ത്യയിലെത്തിയത്. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിന് ഇന്ത്യന്‍ എംബസി സജ്ജമാണെന്നും ഔസാഫ് അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ രാം പ്രസാദ്, മീഡിയ കോര്‍ഡിനേറ്റര്‍ അസീം അന്‍സാര്‍, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, കോണ്‍സല്‍ ഹംന മറിയം എന്നിവരും പങ്കെടുത്തു.