Connect with us

Kerala

കാറ്റിലും മഴയിലും പത്തനംതിട്ട ജില്ലയില്‍ 18.56 കോടിയുടെ നഷ്ടം

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലയില്‍ മേയ് 14 മുതല്‍ 24 വരെ ഉണ്ടായ കാറ്റിലും മഴയിലും 1856.94 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി കൃഷി വകുപ്പിന്റെ കണക്ക്. 5958 കര്‍ഷകരുടെ 1596.53 ഹെക്ടര്‍ സ്ഥലത്തെ കൃഷി വിളകള്‍ക്കാണ് നാശനഷ്ടം ഉണ്ടായത്. 588.62 ഹെക്ടറിലെ 1443 കര്‍ഷകരുടെ കുലയ്ക്കാത്ത വാഴകളും, 534.81 ഹെക്ടര്‍ സ്ഥലത്തെ 1585 കര്‍ഷകരുടെ കുലച്ച വാഴകള്‍ക്കും നാശനഷ്ടം ഉണ്ടായി. 186.41 ഹെക്ടറിലെ 1043 കര്‍ഷകരുടെ കപ്പ കൃഷിക്ക് 22.68 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. വാഴ, നെല്ല്, പച്ചക്കറി, തെങ്ങ്, കപ്പ, ഇഞ്ചി, കരിമ്പ് തുടങ്ങിയ വിളകള്‍ക്കാണ് നാശനഷ്ടം ഉണ്ടായത്.

അതേ സമയം കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ഭൂരിഭാഗം ജനങ്ങളും വീടുകളിലേക്കു മാറി. നിലവില്‍ കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പില്‍ മൂന്നു കുടുംബങ്ങളിലെ എട്ടു പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. കൊവിഡ് രോഗ ലക്ഷണമുള്ളവരായ ആരും ക്യാമ്പില്‍ ഇല്ല. അടൂര്‍, കോഴഞ്ചേരി, തിരുവല്ല, റാന്നി, കോന്നി, മല്ലപ്പള്ളി എന്നീ താലൂക്കുകളിലായി 74 പേരുടെ വീടുകള്‍ ഭാഗികമായും തിരുവല്ല, കോഴഞ്ചേരി, റാന്നി എന്നിവിടങ്ങളിലായി മൂന്നു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അടൂര്‍ 24, കോഴഞ്ചേരി 4, തിരുവല്ല 4, റാന്നി 12, കോന്നി 17, മല്ലപ്പള്ളി 13 വീടുകളാണ് ഭാഗീകമായി തകര്‍ന്നിട്ടുള്ളത്.

Latest