Connect with us

Articles

അണയാന്‍ നേരവും കത്താതെ

Published

|

Last Updated

അന്തസ്സുള്ളതും ആരോഗ്യപൂര്‍ണവുമായ ജീവിതം ഉറപ്പുനല്‍കുന്നുണ്ട് ജനാധിപത്യ ഇന്ത്യയുടെ ഭരണഘടന അതിന്റെ പൗരന്മാര്‍ക്ക്. ഭരണഘടന വിഭാവനം ചെയ്യുന്ന സവിശേഷ പ്രാധാന്യമുള്ള മൗലികാവകാശങ്ങളടക്കം ഭരണകൂട നിഘണ്ടുവില്‍ പാഴ് വാക്കായി മാറുന്ന ഘട്ടത്തില്‍ ഭരണഘടനാ കോടതികള്‍ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടതുണ്ട്. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ശക്തമായ ഇടപെടലുകളുമായി മുന്നോട്ടുവന്നത് പതിനൊന്ന് ഹൈക്കോടതികളെങ്കിലുമാണ്. ദുരന്ത മുഖത്ത് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന അപകടത്തിന്റെ തീവ്രത കുറക്കാന്‍ ധീരമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചു അവയില്‍ പലതും. സര്‍ക്കാറുകളെ മുഖം നോക്കാതെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഭരണഘടനാ കോടതികളെന്ന നിലയില്‍ അര്‍പ്പിക്കപ്പെട്ട കടമകളോട് നീതിപുലര്‍ത്തുകയായിരുന്നു ഹൈക്കോടതികള്‍ ചെയ്തത്.

ഇത്തരമൊരു മോശം സമൂഹത്തിന്റെ ഭാഗമായതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നുണ്ട് എന്നാണ് റെംഡെസിവിര്‍ മരുന്നുകള്‍ നാഗ്പൂര്‍ മേഖലയില്‍ വിതരണം ചെയ്യാനുള്ള ഹൈക്കോടതി വിധി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട മഹാരാഷ്ട്ര സര്‍ക്കാറിനോട് ബോംബെ ഹൈക്കോടതി പ്രതികരിച്ചത്. ഡല്‍ഹിയില്‍ തുടരുന്ന ഗുരുതര സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയുടെ ആഴം ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള രൂക്ഷ വിമര്‍ശമാണ് കേന്ദ്ര സര്‍ക്കാറിനെതിരെ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നടത്തിയത്. പൗരന് വിഷമ സന്ധിയില്‍ ആശ്രയിക്കാനുള്ളത് ഭരണകൂടത്തെയാണ്. അതിനാല്‍ നിങ്ങള്‍ ഓക്‌സിജന്‍ യാചിക്കുകയോ കടം വാങ്ങുകയോ മോഷ്ടിക്കുകയോ വേണം. അങ്ങനെ ഈ അത്യാഹിത ഘട്ടത്തില്‍ ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ഹൈക്കോടതികളുടെ ധീരമായ ഇടപെടലുകള്‍ക്ക് ഗുണാത്മക ഫലങ്ങളുണ്ടാകുകയും ചെയ്തിട്ടുണ്ട്.

അതിനിടെയാണ് സുപ്രീം കോടതിയുടെ അസാധാരണ നീക്കമുണ്ടാകുന്നത്. ഓക്‌സിജന്റെയും മരുന്നുകളുടെയും വിതരണം, കേന്ദ്ര സര്‍ക്കാറിന്റെ വാക്‌സിന്‍ നയം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് സ്വമേധയാ കേസെടുത്തു. വ്യത്യസ്ത ഹൈക്കോടതികള്‍ വിഷയത്തില്‍ ഇടപെടുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ട്. അതിനാല്‍ ഹൈക്കോടതികളിലെ കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ബഞ്ച് കേസുകള്‍ ഏറ്റെടുക്കുകയായിരുന്നു. അതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍, ഹൈക്കോടതികളില്‍ കേസുമായെത്തിയ കക്ഷികള്‍ എന്നിവര്‍ക്ക് നോട്ടീസയക്കുകയും ചെയ്തു.

കൊവിഡിന്റെ രണ്ടാം തരംഗം വിദഗ്ധര്‍ പ്രവചിച്ചത് തന്നെയാണ്. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ കാര്യമായ മുന്‍കരുതലുകളെടുത്തില്ല. ഭരണകൂടത്തിന്റെ മുന്‍ഗണനകള്‍ മറ്റു പലതുമായിരുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ നടപ്പു കേന്ദ്ര ഭരണകൂടത്തെ എപ്പോഴെങ്കിലും അലോസരപ്പെടുത്തിയിരുന്നു എന്ന് കരുതുക വയ്യ. കൊവിഡിന്റെ ഒന്നാം വരവിലടക്കം എന്താണ് സംഭവിച്ചതെന്ന് പ്രജ്ഞ നശിക്കാത്ത മനുഷ്യര്‍ക്കൊക്കെയറിയാം. എന്നാല്‍ വിനാശകരമായ രീതിയില്‍ കൊവിഡ് വീണ്ടുമെത്തുമെന്ന തിരിച്ചറിവില്‍ പരമോന്നത കോടതിക്ക് ഭരണകൂടത്തെ ഉണര്‍ത്താമായിരുന്നു. ആവശ്യമായ ആശുപത്രികള്‍ സജ്ജീകരിക്കാനും വാക്‌സീനും മരുന്നുകളും ഓക്‌സിജനും ഉറപ്പുവരുത്താനുമുള്ള ഇടപെടലുകള്‍ നടത്താനുള്ള അവസരമുണ്ടായിരുന്നു. രാജ്യത്ത് ജനങ്ങള്‍ക്ക് സ്വസ്ഥവും ആരോഗ്യകരവുമായ ജീവിതം ഉറപ്പുവരുത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് ഭരണകൂടത്തോട് ആരായാമായിരുന്നു. പക്ഷേ ഭരണകൂടത്തെ പോലെ തന്നെ സുപ്രീം കോടതിയും ആ ദിശയില്‍ ഏറെയൊന്നും ആലോചിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തില്ല. അങ്ങനെയിരിക്കെ മഹാമാരി താണ്ഡവമാടുന്ന സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ യഥോചിതം ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ അനുചിത രീതിയില്‍ ഇടപെടുകയാണ് മൂന്നംഗ സുപ്രീം കോടതി ബഞ്ച് ചെയ്തിരിക്കുന്നത്.

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട നിയമ വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി ഹൈക്കോടതികള്‍ക്കുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വ്യത്യസ്തവുമാണ്. സംസ്ഥാനങ്ങളിലെ പ്രാദേശിക സാഹചര്യങ്ങള്‍ മനസ്സിലാക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും വലിയ അളവില്‍ ഇടപെടാന്‍ സാധിക്കുന്നത് ഹൈക്കോടതികള്‍ക്കാണ്. എന്നാല്‍ അപ്രതീക്ഷിത ഇടപെടല്‍ നടത്തി കൊവിഡിലെ ഭരണകൂട നടപടികള്‍ പ്രമേയമായി ഉന്നയിക്കപ്പെട്ട മുഴുവന്‍ കേസുകളും ഏറ്റെടുക്കുകയായിരുന്നു സുപ്രീം കോടതി.

കേന്ദ്ര സര്‍ക്കാറിന്റെ വിവേചനപരമായ വാക്‌സീന്‍ നയമുള്‍പ്പെടെ ചോദ്യം ചെയ്യപ്പെട്ടു ഹൈക്കോടതികളില്‍. രൂക്ഷ വിമര്‍ശങ്ങളാണ് കോടതികള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ നടത്തിയത്. അതിന്റെ തുടര്‍ച്ചയിലാണ് കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജന്റെയും മരുന്നുകളുടെയും വിതരണം ഉറപ്പാക്കുന്നതിന് കഴിഞ്ഞ ബുധനാഴ്ച (ഏപ്രില്‍ 21) രാത്രി ബോംബെ, ഡല്‍ഹി ഹൈക്കോടതികള്‍ അടിയന്തര ഇടപെടല്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാറിന്റെ നിരുത്തരവാദ സമീപനത്തെ നിശിത ഭാഷയില്‍ വിമര്‍ശിച്ചു ഹൈക്കോടതികള്‍. തൊട്ടടുത്ത ദിവസം പൊടുന്നനെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ച് കേസുകള്‍ ഏറ്റെടുക്കുകയാണെന്ന് അറിയിച്ചപ്പോള്‍ നിയമ മേഖലയില്‍ വലിയ അമ്പരപ്പാണുണ്ടായത്. നീതീകരിക്കാനാകാത്ത നടപടി എന്നാണ് സുപ്രീം കോടതിയുടെ നീക്കത്തെ മുതിര്‍ന്ന അഭിഭാഷകര്‍ വിശേഷിപ്പിച്ചത്. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനുമായ ദുഷ്യന്ത് ദവെ തുടങ്ങിയ പ്രമുഖര്‍ സുപ്രീം കോടതി ഇടപെടല്‍ ന്യായമല്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തു വന്നു.

കേസില്‍ അമിക്കസ് ക്യൂറിയായി ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത് പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെയായിരുന്നു. പല തവണയായി വിവിധ കേസുകളില്‍ അമിക്കസ് ക്യൂറിയായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നിശ്ചയിച്ചിരുന്നത് തന്റെ അടുത്ത സുഹൃത്തായ ഹരീഷ് സാല്‍വെയെയാണ്. നിയമവൃത്തങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ അടുപ്പക്കാരനായി അറിയപ്പെടുന്ന മുതിര്‍ന്ന അഭിഭാഷകനാണദ്ദേഹം. എന്‍ ആര്‍ ഐ ആയ സാല്‍വെ ഏറെക്കാലമായി ലണ്ടനിലാണ് താമസം. കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ ഭയാനക സ്ഥിതിയും ജനങ്ങളുടെ വേദനയും അത്രകണ്ട് അറിയണമെന്നില്ല സാല്‍വെക്ക്. അദ്ദേഹത്തോളം തലപ്പൊക്കമുള്ള നിരവധി പ്രഗത്ഭ അഭിഭാഷകര്‍ സുപ്രീം കോടതിയിലുണ്ടായിരിക്കെ ചീഫ് ജസ്റ്റിസ് സാല്‍വെയെ തന്നെ കൂടെകൂട്ടുന്നത് കേന്ദ്ര സര്‍ക്കാറിനെ രക്ഷിക്കാനാണെന്ന ആക്ഷേപം വിവിധ കോണുകളില്‍ നിന്ന് ഉയരുകയും ചെയ്തു.

കൊവിഡ് സംബന്ധമായി സ്വമേധയാ കേസെടുത്ത് ഹൈക്കോടതികളിലെ കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ മുതിര്‍ന്ന അഭിഭാഷകര്‍ വിമര്‍ശിച്ചതിനെ പരമോന്നത നീതിപീഠത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നടപടിയായാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചിത്രീകരിച്ചത്. ചീഫ് ജസ്റ്റിസ് ബഞ്ചിന്റെ നടപടിയും അമിക്കസ് ക്യൂറിയെ തീരുമാനിച്ചതും സംശയമുക്തമല്ല. അങ്ങനെ വരുമ്പോള്‍ വിമര്‍ശവും തെറ്റ് ചൂണ്ടിക്കാട്ടലും സ്വാഭാവികമാണ്. അത് നീതിന്യായ വ്യവസ്ഥയില്‍ അര്‍പ്പണബോധമുള്ള അഭിഭാഷകരുടെ കടമയുമാണ്. എന്നാല്‍ തന്റെ മുഖ്യ ന്യായാധിപ പദവിയിലെ അവസാന വ്യവഹാരങ്ങളില്‍ ബാറിലെ മുതിര്‍ന്ന അംഗങ്ങളോട് രമ്യതയിലാകട്ടെ എന്ന് ചീഫ് ജസ്റ്റിസ് കരുതാതെ പോയത് നിരാശാജനകമാണ്. പകരം കരിയറില്‍ പലപ്പോഴും തനിക്കെതിരെ ഉന്നയിക്കപ്പെട്ട ഭരണകൂട താത്പര്യ സംരക്ഷകനെന്ന ആക്ഷേപത്തെ കുറച്ചെങ്കിലും സാധൂകരിക്കുന്ന നടപടിയായിപ്പോയി എസ് എ ബോബ്‌ഡെയുടെത്. രാജ്യം ഭരിക്കുന്നവരുടെ കൃപാശിസ്സുകള്‍ ഏറ്റുവാങ്ങി തന്നെ പടിയിറങ്ങാമെന്ന് പരമോന്നത നീതിപീഠത്തിലെ മുഖ്യ ന്യായാധിപനടക്കം കരുതുന്നതില്‍ പൊതു സമൂഹത്തിന് അസ്വാഭാവികത തോന്നാത്തത് ആശങ്കപ്പെടുത്തുന്നതാണ്. ഭരണകൂട വിധേയത്വം ഗ്രസിച്ചിരിക്കുന്ന ന്യായാധിപര്‍ ഈ രാജ്യത്തെ നയിക്കുന്നത് ഇരുണ്ട ഭാവിയിലേക്കാണ്.

Latest