Connect with us

Ramzan

ആഗതമായി, റയ്യാൻ തുറക്കുന്ന നേരം

Published

|

Last Updated

പരിശുദ്ധ റമസാൻ സമാഗതമായിരിക്കുന്നു. നന്മകൾ ചെയ്ത് ജീവിതം ധന്യമാക്കേണ്ട ദിനരാത്രങ്ങളാണിനി വരാനിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ച തിന്മകളിൽ നിന്ന് മുക്തി നേടാനും ധാരാളം സുകൃതങ്ങൾ ചെയ്ത് അല്ലാഹുവിലേക്കടുക്കാനുമുള്ള ശുഭ അവസരമാണീ മാസം.

സൃഷ്ടിജാലങ്ങൾക്കൊന്നടങ്കം അനുഗ്രഹം ചെയ്യുന്ന പരമ കാരുണ്യവാനായ അല്ലാഹുവിന്റെ ദയാവായ്പ്പുകൾക്കെണ്ണവും കണക്കുമില്ല. പാപം ചെയ്യുന്ന മനുഷ്യ വർഗത്തിനോടവൻ കാണിക്കുന്ന എണ്ണമറ്റ കൃപയിൽ പ്രധാനമാണ് നന്ദികേടുകളും പാപങ്ങളും പൊറുത്തു തരുന്നുവെന്നത്. ചെറുതും വലുതും ഗൗരവമുള്ളതും അല്ലാത്തതുമായ പാപങ്ങൾ കൊണ്ട് കറുത്തുപോയ മനസ്സ് ശുദ്ധമാക്കാൻ മനുഷ്യർക്ക് ഈ വിശുദ്ധ മാസം മാത്രം മതി. കാരണം റമസാനിലെ സത്കർമങ്ങൾക്ക് അല്ലാഹു പതിന്മടങ്ങ് പ്രതിഫലമാണ് നൽകുന്നത്. ചെറുപാപങ്ങൾ പൊറുക്കപ്പെടുന്നത് സത്കർമങ്ങൾ കൂടുതലായി ചെയ്യുന്നതിനനുസരിച്ചാണ്.

ഇനിയുള്ള ഓരോ രാപകലുകളും അല്ലാഹുവിന്റെ സ്മരണകളുണർത്തുന്ന വിശുദ്ധ ഖുർആൻ സൂക്തങ്ങൾ കൊണ്ടും ദിക്റുകൾ കൊണ്ടും മുഖരിതമാക്കണം. ഭൗതിക കാര്യങ്ങളോടുള്ള അമിത താത്പര്യവും കളി തമാശകളോടും വിദനോദങ്ങളോടുമുള്ള ഭ്രമവും ഒഴിവാക്കണം. അനാവശ്യ സംസാരങ്ങൾ പറയുന്നതും കേൾക്കുന്നതും ഒഴിവാക്കണം. പകയും വിദ്വേഷവുമില്ലാതെ എല്ലാവരോടും സത് സ്വഭാവത്തോടെയും ശത്രുവിനോട് പോലും വിട്ടുവീഴ്ചാ മനോഭാവത്തോടെയും പെരുമാറണം. മനസ്താപത്തോടെ അനുഗ്രഹങ്ങൾ തേടി നാഥനിലേക്ക് പ്രതീക്ഷാ കരങ്ങളുയർത്തണം. അനുഗ്രഹങ്ങൾ വാരിക്കൂട്ടി സംതൃപ്തിയടയണം.

അല്ലാഹു അവന്റെ സൃഷ്ടികളുടെ പാപം പൊറുക്കാനും അനുഗ്രഹങ്ങൾ വർഷിക്കാനുമായി ഒഴിഞ്ഞിരിക്കുകയാണ്. പാപം ചെയ്തവരുടെ ക്ഷമാപണം റബ്ബിനിഷ്ടമാണ്. ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്ത ഹദീസിൽ അല്ലാഹു പ്രസ്താവിച്ചതായി നബി (സ്വ) പറയുന്നതിങ്ങനെയാണ്: “എന്നെക്കുറിച്ച് എന്റെ അടിമ വിചാരിക്കുന്നത് പോലെയാണ് ഞാൻ. അവനെന്നെ ഓർക്കുമ്പോഴെല്ലാം ഞാനവനോടൊപ്പമുണ്ടാകും. അടിമയുടെ പശ്ചാതാപത്തോട് അല്ലാഹുവിന് അളവറ്റ ഇഷ്ടമാണ്. അടിമ സത്കർമങ്ങൾ ചെയ്ത് എന്നോട് ഒരു ചാൺ അടുത്താൽ അനുഗ്രഹങ്ങൾ കൊണ്ട് ഞാനവനിലേക്ക് ഒരു മുഴം അടുക്കും. അവനെന്നിലേക്ക് നടന്നടുത്താൽ ഞാനവനിലേക്ക് ഓടിയടുക്കും”.

മുസ്‌ലിം റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസിൽ ഇങ്ങനെയും കാണാം- “നന്മ ചെയ്തവന് പത്തിരട്ടിയോ അതിലധികമോ പ്രതിഫലം ലഭിക്കും. എന്നാൽ തിന്മ പ്രവർത്തിച്ചവന് അതിന് തുല്യമായ പ്രതിഫലമേ നാം നൽകുകയുള്ളൂ. അല്ലെങ്കിലത് പൊറുത്ത് കൊടുക്കും. സത്യവിശ്വാസിയായ വ്യക്തി ഭൂമി നിറയെ പാപങ്ങളുമായാണ് എന്നെ സമീപിക്കുന്നതെങ്കിൽ അതു നിറയെ പാപമോചനവുമായി ഞാനവനെ സമീപിക്കും”.
മൗനമായിരിക്കുന്നവന് പരിശുദ്ധ മന്ത്രം ജപിച്ചവന്റെയും ഉറങ്ങുന്നവന് പുണ്യം ചെയ്തവന്റെയും പ്രതിഫലം ലഭിക്കുന്ന മാസത്തിന്റെ ആദ്യ പത്ത് ദിനങ്ങൾ അനുഗ്രങ്ങൾ പെയ്തിറങ്ങുന്ന ദിവസങ്ങളാണ്. മതിവരുവോളം അതിനായി നമുക്ക് റബ്ബിനോട് പ്രാർഥിക്കാം.

Latest