Connect with us

Travelogue

കസ്‌കു യൂനിവേഴ്‌സിറ്റിയിലെ കാഴ്ചകൾ

Published

|

Last Updated

സമയം ഏഴ് മണി കഴിഞ്ഞിട്ടുണ്ട്. പ്രാതൽ ഏഴരക്ക് കഴിക്കണമെന്ന നിർദേശം യൂനിവേഴ്‌സിറ്റി അധികൃതർ നേരത്തെ തന്നിരുന്നു. ശേഷം എട്ട് മണിക്ക് ബസ് വരും. അതിൽ കയറി യൂനിവേഴ്‌സിറ്റിയിലേക്ക്‌ പോകണം. ഏഴ് മണിയായിട്ടും മങ്ങിയ വെളിച്ചം മാത്രമേ പുറത്തുകാണുന്നുള്ളൂ. മങ്ങിയ വെളിച്ചത്തിൽ കിലോമീറ്ററുകൾ പരന്നുകിടക്കുന്ന മഞ്ഞുകൊട്ടാരങ്ങളും ഐസ്് മലകളും പ്രത്യേകമായൊരു അനുഭൂതിയായിരുന്നു. ഹോട്ടലിന്റെഏറ്റവും മുകളിലെ നിലയിൽ റൂം ലഭിച്ചതിനാൽ വളരെ ദൂരേക്ക് കാണാം. റോഡിന്റെ വശത്തുമാണ് റൂം. പക്ഷേ, ഇന്നലെ രാത്രി കണ്ട റോഡ്് ഇപ്പോൾ കാണാനില്ല. അവയെ ഐസ് വിഴുങ്ങിയിരിക്കുന്നു. ഒരൊറ്റ വാഹനം പോലും പോകുന്നില്ല. നല്ല വീതിയുള്ള റോഡ് ആണെങ്കിലുംഇപ്പോൾ അങ്ങനെയൊരു അടയാളം തന്നെയില്ല. മനസ്സിൽ ചെറിയൊരു ഭീതിവന്നു. ഐസ് വീഴ്ച കൂടി ഈ ഹോട്ടലിനെ തന്നെ വിഴുങ്ങിയാലോ..!

സൂര്യൻ ഉദിച്ചോ എന്നൊരു നിശ്ചയവുമില്ല. ഖസാക്കിസ്ഥാനിൽ വെച്ച് ഒരിക്കൽ പോലും സൂര്യനെ കണ്ടതുമില്ല. കാരണം, മഞ്ഞ് സൂര്യനെ പ്രത്യക്ഷപ്പെടാൻ സമ്മതിച്ചില്ല തന്നെ. റോഡിലെ ഐസ് നീങ്ങാതെ എങ്ങനെ യൂനിവേഴ്‌സിറ്റിയിൽ പോകാനാണ് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ദൂരെ ധാരാളം മഞ്ഞ ലൈറ്റുകൾ കണ്ടത്. വലിയ വാഹനവ്യൂഹങ്ങളായിരുന്നുവത്. വരിവരിയായി ഇൻഡിക്കേറ്ററുകളിട്ട് അവ റോഡിലെ ഐസ് വാരുകയാണ്. പ്രത്യേക മെഷീനുകൾ ഓരോ ലോറിയിലുമുണ്ട്. ഐസുകൾ റോഡിന്റെ ഇരു വശത്തേക്കും മണ്ണുമാന്തി യന്ത്രം പോലെ ചില യന്ത്രങ്ങൾകൊണ്ട് മാന്തിനീക്കുകയാണ്. ഒരു തരിപോലും ഐസ് റോഡിൽ ബാക്കിയാകാതിരിക്കാൻ ചൂൽപോലോത്ത ചില ഉപകരണങ്ങൾ ഘടിപ്പിച്ച ലോറിയുമുണ്ട് കൂട്ടത്തിൽ. വളരെ പെട്ടെന്ന് കാര്യങ്ങൾ ചെയ്ത് അവർ മുന്നോട്ടുനീങ്ങി. എല്ലാ ദിവസവും രാവിലെ ഇതുതന്നെ പണിയായതുകൊണ്ട്‌ നല്ല പരിചയക്കാരാണവർ. മാത്രവുമല്ല, ജനങ്ങൾ പുറത്തിറങ്ങുന്നതിന്റെ മുമ്പ്‌ റോഡുകൾ ക്ലീനാകുകയും വേണമല്ലോ.


പ്രാതൽ കഴിക്കാനായി ഡൈനിംഗ്റൂമിലെത്തി. തീർത്തും അന്യരായ ധാരാളമാളുകൾ അവിടെ ഭക്ഷണം കഴിക്കുന്നുണ്ട്. എല്ലാവരും കൂടി സ്വീകരിച്ചു. വ്യത്യസ്ത നാടുകളിൽ നിന്നും കോൺഫറൻസിൽ പങ്കെടുക്കാൻ വന്ന വലിയ ആളുകളാണിവർ. അവരിൽ പലരും എന്നെ ഇന്ത്യക്കാരനാണെന്നു തിരിച്ചറിഞ്ഞിരിക്കുന്നു. മനുഷ്യരുടെ നാട് എപ്പോഴും മുഖത്തും ശരീരഭാഷയിലും പതിച്ചിട്ടുണ്ടാകുമെന്ന് ആ കൊച്ചുസദസ്സ്തന്നെ ബോധ്യപ്പെടുത്തുന്നതായിരുന്നു. ചൈന, മലേഷ്യ, ഇന്തോനേഷ്യ, തുർക്കി തുടങ്ങിയ എല്ലാ നാട്ടുകാരുടെയും മുഖംനോക്കിയപ്പോൾ നാട് തിരിഞ്ഞു.
വിഭവസമൃദ്ധമായ ഖസാക് ഭക്ഷണങ്ങളാണ്‌ നിരത്തിയിരിക്കുന്നത്. എന്തുകൊണ്ട് ഉണ്ടാക്കിയതാണെന്നോ എന്താണ്‌ പേരെന്നോ ഒന്നും മനസ്സിലായില്ല.

രുചിയുള്ളതെല്ലാം കഴിച്ചു. കുടിക്കാൻ വ്യത്യസ്ത സൂപ്പുകളാണ്. തണുപ്പ്‌ നാടുകളിൽ സൂപ്പുകൾ പതിവുമാണല്ലോ. ഫ്രൂട്ട്‌സും പച്ചക്കറികളും വളരെ കുറവാണ്. കുതിരയിറച്ചിയും ടേബിളിലുണ്ട്. ഖസാക്കിസ്ഥാനിലെ നിത്യഭക്ഷണമാണ് കുതിരമാംസം. ടേബിളിൽ ചുറ്റുമിരുന്ന് വ്യത്യസ്ത നാടുകളിലെ ആഹാരങ്ങളും ചർച്ചയിൽവന്നു. ഇന്ത്യയിലെ പശുവിറച്ചിയായിരുന്നു പ്രധാന ചർച്ച. ഞാൻ മാത്രമേ ഇന്ത്യക്കാരനായുണ്ടായിരുന്നുള്ളൂ. ഓരോരുത്തർക്കും അറിയണമായിരുന്നു ഇന്ത്യയിലെ പശു തിന്നുന്നവരുടെ അവസ്ഥ. ചിലരൊക്ക എന്റെ പ്ലേറ്റിലേക്ക് കൂടുതൽ മാംസം ഇട്ടുതന്നു. ഇന്ത്യക്കാരനല്ലേ, ജീവിതത്തിൽ മാംസം തിന്നിട്ടുണ്ടാകില്ലെന്നാണ് അവർ കരുതിയത്. നമ്മുടെ നാട് അന്യരുടെ മുമ്പിൽ വികൃതമാകുന്ന ഇന്ത്യയിലെ വ്യാജ രാജ്യസ്‌നേഹികളേ ഓർത്ത്‌ തെല്ലൊന്നുമല്ല അമർഷം വന്നത്. റോഡുകൾ അപ്പോഴേക്കും വൃത്തിയായിരുന്നു. ഒരു വാഹനത്തിനു പോകാൻ മാത്രം വീതിയിൽ മാത്രമേ മഞ്ഞുനീക്കിയിട്ടുള്ളൂ. വാഹനങ്ങൾ ഓടാനും തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ ബസും ഹോട്ടലിനു മുന്നിലെത്തി. ഹോട്ടലിൽ നിന്നും അധിക ദൂരമില്ല യൂനിവേഴ്‌സിറ്റിയിലേക്ക്. വഴിയരികിലൊന്നും മഞ്ഞുകളല്ലാതെ ഒരു കാഴ്ചയുമില്ല. ചെറിയ മരങ്ങൾ പൂർണമായും ഇല കൊഴിഞ്ഞു നിൽപ്പുണ്ട്. മനുഷ്യരോ മൃഗങ്ങളോ നിരത്തുകളിൽ എവിടെയുമില്ല. ദൂരെ കാണുന്ന ഉയരമുള്ള ഫ്ലാറ്റുകളിൽ മഞ്ഞ വെളിച്ചം കാണുന്നുണ്ട്. അതിലെല്ലാം മനുഷ്യരുണ്ടെന്ന അടയാളമായിരുന്നു അവ.
കസ്‌കു യൂനിവേഴ്‌സിറ്റിയിലാണ്‌ കോൺഫറൻസ്. റോഡിനോട്‌ ചേർന്ന് വിശാലമായ മുറ്റം. അതിന്റെ അറ്റത്ത് ഏകദേശം പത്ത്‌ നിലകളിലായി വലിയ പടുകൂറ്റൻ കെട്ടിടം. അതിനു മുകളിൽ വലിയ അക്ഷരങ്ങളിൽ യൂനിവേഴ്‌സിറ്റിയുടെ പേര് എഴുതിവെച്ചിരിക്കുന്നു. ധാരാളം സ്‌റ്റെപ്പുകൾ കയറി വേണം യൂനിവേഴ്‌സിറ്റിയുടെ അകത്ത് പ്രവേശിക്കാൻ. അതെല്ലാം വളരെ അലങ്കാരത്തോടെ സജ്ജീകരിച്ചിരിക്കുന്നു. ബസ്‌ നിർത്തി യപ്പോൾ ഞങ്ങൾ ഓരോരുത്തരും ഇറങ്ങിയോടി. തണുപ്പ്‌ സഹിക്കാൻ കഴിയാത്തതുകൊണ്ടുതന്നെ. പക്ഷെ പിന്നിൽ നിന്നും ഡ്രൈവർ എന്തോ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഖസാക് ഭാഷയിലായതുകൊണ്ട് ഒന്നും മനസ്സിലായില്ല. യൂനിവേഴ്‌സിറ്റിയുടെ അകത്തെത്തിയപ്പോൾ സ്വീകരിക്കാൻ വന്ന പ്രൊഫസർ ഒരുപദേശം തന്നു; ഒരിക്കലും ഓടരുത്. വഴുതിവീഴും. ആ ഡ്രൈവറും അതാണ് വിളിച്ചുകൂവിയിരുന്നതെന്ന് പിന്നീട്‌ ബോധ്യപ്പെട്ടു. എന്തോ ഭാഗ്യത്തിലാണ് ഞങ്ങൾ അപ്പോൾ രക്ഷപ്പെട്ടത്. പിന്നീട് പലപ്പോഴും ഞങ്ങളിൽ പലരും നടക്കുമ്പോൾ തന്നെ വഴുതിവീണിട്ടുണ്ട്. ഞാനും ചിലയിടങ്ങളിലെല്ലാം വഴുതിയെങ്കിലും വീഴാതെ രക്ഷപ്പെടുകയായിരുന്നു. ഏതു സൗന്ദര്യമുള്ള സാധനവും ഉള്ളിൽ ചില വഞ്ചനകൾ ഒളിപ്പിച്ചുവെക്കുന്നുണ്ടെന്ന യാഥാർഥ്യം ഒരിക്കൽകൂടി ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ ഐസ് അനുഭവം.
ഞങ്ങളെ സ്വീകരിക്കാൻ യൂനിവേഴ്‌സിറ്റി അധികൃതരെല്ലാം വന്നിരുന്നു. അതിപ്രൗഢ സ്വീകരണത്തിന്‌ ശേഷം കോൺഫറൻസ് വേദിയിലേക്ക് ഞങ്ങളെ ആനയിച്ചു. രണ്ട് ദിവസമാണ്‌ കോൺഫറൻസ്. വൈസ്് ചാൻസലറുടെ ഉദ്ഘാടനത്തോടെയാണ് തുടങ്ങിയത്. ഓരോ പേപ്പർ അവതരണത്തിന്‌ ശേഷവും ചർച്ചകളുമുണ്ടാകും. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നു വന്ന മുപ്പത് പേരാണ്‌ കോൺഫറൻസിലുള്ളത്. ഇരുപത് രാഷ്ട്രങ്ങളിൽ നിന്നുള്ളവരാണിവർ. ഇസ്്ലാമിക സാമ്പത്തിക ശാസ്ത്രമായിരുന്നു വിഷയം. വളരെ ഗാഢമായ ചർച്ചകൾ കൊണ്ട് രണ്ട് ദിവസം സമ്പന്നമായിരുന്നു. ഇടക്കിടെ ബ്രേക്കുണ്ടാകും. ഖസാക് തനിമയുള്ള ഭക്ഷണം മഞ്ഞുകാഴ്ചകൾ കണ്ടു ഭക്ഷിക്കാം. അതാണ്‌ ബ്രേക്കിലെ പ്രധാന ജോലി. പുറത്തിറങ്ങാൻ പറ്റില്ലല്ലോ. കോൺഫറൻസ്‌ കഴിഞ്ഞതിനു ശേഷം മൂന്ന് ദിവസം കൂടി ഇവിടെ തങ്ങാം. അന്നാണ് പ്രധാന കാഴ്ചകളൊക്കെ കാണാൻ നിശ്ചയിച്ചിരിക്കുന്നത്.