Connect with us

Religion

വിശുദ്ധിയുടെ വസന്തം

Published

|

Last Updated

വിശുദ്ധിയുടെ വിളിയാളവുമായി പുണ്യങ്ങളുടെ പൂക്കാലമായ വ്രതമാസം വീണ്ടും വിരുന്നണയുന്നു. മനുഷ്യന്റെ സ്വഭാവശുദ്ധിക്കും ആരോഗ്യ സംരക്ഷണത്തിനും വിശപ്പിന്റെ രുചി അനുഭവിച്ചറിയുന്നതിനും ആത്യന്തികമായി ആത്മസംസ്കരണത്തിനും പാപമോചനത്തിനും സ്വർഗപ്രാപ്തിക്കും വേണ്ടിയാണ് വ്രതാനുഷ്ഠാനം നിയമമാക്കിയത്.

നന്മയാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷിക്കാനും ഫലപ്രദമായി ഉപയോഗപ്പെടുത്താനുമുള്ള അനേകം സുവർണാവസരങ്ങളുടെ കലവറയാണത്. പാപപങ്കിലമായ ഹൃദയവും കറപുരണ്ട അവയവങ്ങളും നന്മയുടെ വെണ്‍മയില്‍ സ്ഫുടം ചെയ്യാൻ റമസാൻ വഴിവെക്കുന്നു. മനസ്സും ശരീരവും ഒരേപ്രകാരം പങ്കുചേർന്നുള്ള വിശ്വാസിയുടെ ഒരു മാസത്തെ പരിശീലനക്കളരിയിലൂടെ ആത്മാവിനെ സംസ്കരിക്കാനും ശരീരത്തെ ആരോഗ്യദൃഢമാക്കാനും സാധിക്കുന്നു. “നോമ്പെടുക്കൂ, ആരോഗ്യവാന്മാരാവൂ ” (ത്വബ്‌റാനി) എന്ന പ്രവാചക വചനം നോമ്പിന്റെ ആരോഗ്യ ശാസ്ത്രത്തെയാണ് പരിചയപ്പെടുത്തുന്നത്. “നോമ്പ് ഒരു പരിചയാണെന്ന” തിരുവചനം കൂടി ചേർത്ത് വായിക്കുമ്പോൾ സകല ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള ഏറ്റവും ഉത്തമമായ പ്രതിവിധിയും പ്രതിരോധ ശേഷിയും നോമ്പിലൂടെ ലഭിക്കുന്നുവെന്ന് മനസ്സിലാക്കാം.

വ്രതാനുഷ്ഠാനം ശരീരത്തിനും മനസ്സിനും ആമാശയത്തിനും പൂര്‍ണ ആശ്വാസം നല്‍കുകയും ശരീരത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കുകയും ആരോഗ്യത്തിന് മാറ്റ് കൂട്ടുകയും ചെയ്യുന്നു. അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ മനുഷ്യന്റെ സാംസ്കാരികമായ ഉന്നമനവും തെറ്റായ ഭക്ഷണശീലവും ജീവിതശൈലിയും കൊണ്ടുണ്ടാകുന്ന ഹൃദയാഘാതം, പ്രമേഹം, രക്തസമ്മർദം എന്നീ രോഗങ്ങളിൽ നിന്നുമുള്ള സുരക്ഷയുംഅസൂയ, അഹന്ത, വിദ്വേഷം, വെറുപ്പ്, ദുരഭിമാനം, മര്‍ക്കടമുഷ്ടി തുടങ്ങിയ ആന്തരിക രോഗങ്ങളിൽ നിന്നുമുള്ള മോചനവും പരലോക മോക്ഷവുമാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ശരിയായ ഉപവാസത്തിലൂടെ അത് പൂർണാർഥത്തിൽ സാധ്യമാകുന്നു. അതോടൊപ്പം വിശപ്പിനാൽ വേദനിക്കുന്ന മനസ്സുകളെ അനുഭവിച്ചറിയാനും കഴിയുന്നു.
ഭക്ഷ്യ സംസ്കാരത്തിൽ നോമ്പല്ലാത്ത കാലത്ത് തന്നെ മിതത്വം പാലിക്കണമെന്നാണ് മതത്തിന്റെ ഭാഷ്യം. എന്നിരിക്കെ നോമ്പ് കാലത്ത് പകൽ സമയത്തെ ഭക്ഷണ നിയന്ത്രണം പകരം വീട്ടുന്ന വിധത്തിലുള്ള രാത്രിയിലെ ആർത്തിയും തീറ്റപ്രിയവും നോമ്പിലൂടെ ലക്ഷ്യം വെക്കുന്ന ആത്മസംസ്കരണവും ആരോഗ്യ സംരക്ഷണവും നഷ്ടമാക്കുന്നു. അമിതാഹാരം ആരാധനകളിൽ അലസതയുണ്ടാക്കുകയും അകാലത്ത് തന്നെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. മിഖ്ദാം(റ)വില്‍ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: “വയറിനേക്കാള്‍ മോശമായ ഒരു പാത്രവും മനുഷ്യന്‍ നിറച്ചിട്ടുണ്ടാകില്ല. തന്റെ നട്ടെല്ല് നിവര്‍ത്തി നിര്‍ത്താനുള്ള ഭക്ഷണം മാത്രം മതി മനുഷ്യന്. അത്യാവശ്യമെങ്കിൽ വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം പാനീയത്തിനും ഒരു ഭാഗം ശ്വാസോച്ഛ്വാസത്തിനുമായി ഭാഗിക്കാം.” (തിര്‍മിദി) ലളിതമായ ഭക്ഷണ വിഭവങ്ങളാണ് നോമ്പ് തുറകളിലും അത്താഴ വേളയിലും സ്വീകരിക്കേണ്ടത്.

വിശ്വാസികൾക്ക് ആവേശവും ആനന്ദവും ആത്മനിർവൃതിയും പകരുന്ന പുണ്യ റമസാനിൽ പിശാചുക്കൾ ചങ്ങലക്കിടപ്പെടുകയും മാലാഖമാർ ഭൂമിയിൽ വിന്യസിക്കുകയും വിശ്വാസികൾക്ക് വേണ്ടി ശിപാർശ നടത്തുകയും സ്വർഗരാജ്യം അണിയിച്ചൊരുക്കുകയും ചെയ്യുന്നു. അബൂഹുറൈറ(റ)യിൽ നിന്നും നിവേദനം: “വിശുദ്ധ റമസാന്‍ സമാഗതമാകുന്നതോടെ സ്വര്‍ഗീയവാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെടും. നരകവാതിലുകള്‍ കൊട്ടിയടക്കപ്പെടുകയും പിശാചുക്കളെ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യും (ബുഖാരി, മുസ്്ലിം)
വിശുദ്ധ റമസാനിലെ ഓരോ ദിനത്തിനും എണ്ണിയാലൊതുങ്ങാത്ത മഹത്വമുണ്ട്. ആയിരം മാസത്തേക്കാള്‍ പുണ്യകരവും ശ്രേഷ്ഠതയുമുള്ള “നിർണയ രാവ്” റമസാനിലാണുള്ളത്. ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായും സന്മാര്‍ഗത്തിനും സത്യാസത്യ വിവേചനത്തിനുമുള്ള തെളിവുകളായും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണത്. സുന്നത്തുകള്‍ക്ക് ഫര്‍ളുകളുടെ പ്രതിഫലവും ഫര്‍ളുകള്‍ക്ക് പതിന്മടങ്ങ് പുണ്യങ്ങളും ലഭിക്കുന്നു.

ആരാധനകളില്‍ നിരന്തരമായി പ്രയാസമന്യേ ചെയ്യാവുന്ന ശ്രേഷ്ഠകരമായ ഇഅ്തികാഫിന് റമസാനിലെ പത്ത് ദിനങ്ങൾ മാറ്റിവെക്കുമ്പോൾ ഹജ്ജും രണ്ട് ഉംറയും നിർവഹിച്ച പ്രതിഫലം ലഭിക്കുമെന്ന് തിരുവചനത്തിലുണ്ട്.

അടിമയുടെ സർവ കർമങ്ങളും ഉടമയായ അല്ലാഹുവിന്റെ പ്രീതി ലഭിക്കുന്നതിനും അനശ്വരവും അനന്തവുമായ സുഖലോക സ്വർഗാവകാശിയാവുന്നതിനും വേണ്ടിയാണ്. അവനാണ് എല്ലാറ്റിനും പ്രതിഫലം നല്‍കുന്നതും. ചില കർമങ്ങൾക്കുള്ള പ്രതിഫലം എത്രയെന്ന് അവൻ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ വ്രതത്തിന്റെ വിഷയത്തിൽ “നോമ്പ് എനിക്കുള്ളതാണ്, ഞാനാണ് അതിന് പ്രതിഫലം നൽകുന്നവൻ” എന്ന പ്രത്യേക പ്രഖ്യാപനം നോമ്പിന്റെ ഗണിക്കാനാകാത്ത മഹത്വത്തെയാണ് കാണിക്കുന്നത്.

നോമ്പുകാർക്ക് ധാരാളം മഹത്വമുണ്ട്. തിരുനബി(സ) പറഞ്ഞു: “നിശ്ചയം സ്വര്‍ഗത്തില്‍ റയ്യാന്‍ എന്ന ഒരു കവാടമുണ്ട്. വ്രതമനുഷ്ഠിച്ചവര്‍ മാത്രമേ ആ കവാടത്തിലൂടെ പ്രവേശിക്കുകയുള്ളൂ. വ്രതമനുഷ്ഠിച്ചവര്‍ എവിടെ എന്ന് ചോദിക്കുന്നതോടെ അവരെല്ലാം കടക്കും. അതോടെ ആ കവാടം അടക്കുകയും ചെയ്യും” (ബുഖാരി).
പുണ്യമാസത്തെ മൂന്ന് ഭാഗങ്ങളായി ഭാഗിച്ചതായി ഹദീസുകളില്‍ കാണാം. ആദ്യത്തെ പത്ത് റഹ്്മത്തിന്റെയും. രണ്ടാമത്തേത് മഗ്ഫിറത്തിന്റെതും (പാപമോചനം) മൂന്നാമത്തേത് നരക മോചനത്തിന്റെതുമാണ്. കാരുണ്യവും പാപമോചനവും നരകമോചനവും ലഭിക്കുന്നതിനുവേണ്ടിയുള്ള പത്തുകളും ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാവുകളും ബദ്ർ ശുഹദാക്കളുടെ പവിത്രമായ സ്മരണകളുള്ള പുണ്യ ദിവസങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും റമസാനിലെ അനർഘ നിമിഷങ്ങൾ സുകൃതങ്ങളാൽ സമ്പന്നമാക്കുന്നതിനും കൃത്യമായ സമയക്രമം രൂപപ്പെടുത്തണം. റമസാനെ വരവേൽക്കാൻ സാധിച്ചു എന്നതിലല്ല, ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലാണ് ആരാധനയുടെ മര്‍മം. വര്‍ഷത്തിന്റെ ഹൃദയമായ റമസാൻ ധന്യമായാൽ വര്‍ഷം മുഴുവന്‍ ശുഭമായി എന്ന പ്രവാചക വചനം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

നോമ്പിന്റെ സമര വീര്യവും ആത്മീയ സത്തയും അടുത്തറിയാനും അനുഭവിക്കാനും നമുക്കാകണം. ആത്മീയതയെ ഉത്തേജിപ്പിക്കുന്നതിനും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തി വിശുദ്ധി കൈവരിക്കുന്നതിനും അവസരങ്ങളുപയോഗപ്പെടുത്തണം. ആത്മ സംസ്കരണവും സ്വഭാവ ശുദ്ധീകരണവും പ്രധാന അജൻഡയാകണം. ദുശ്ശീലങ്ങളെ വിപാടനം ചെയ്യാനും നന്മയുടെ നാമ്പുകൾ നനച്ചു വളർത്താനും തിന്മകൾക്കെതിരെ പടപൊരുതാനുമുള്ള ആത്മധൈര്യം നോമ്പിലൂടെ നേടിയെടുക്കണം. ആഗതമാകുന്ന ശഹ്റു റമസാൻ ആ രൂപത്തിലുള്ള ഒരു പരിശീലനക്കളരിയാക്കി മാറ്റിയെടുക്കാന്‍ സാധിക്കട്ടെ!

Latest