Connect with us

Articles

റോഹിംഗ്യകള്‍ക്ക് നീതി ലഭ്യമാകുമോ?

Published

|

Last Updated

ലോകത്തെ വലിയ പീഡിത ന്യൂനപക്ഷമാണ് മ്യാന്മറിലെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍. ചേര്‍ത്തു പറയാനൊരിടം അനുവദിക്കപ്പെടാത്ത വംശീയ ന്യൂനപക്ഷം. മ്യാന്മറില്‍ സൈന്യത്തിന്റെ ഒത്താശയോടെ ഭൂരിപക്ഷ ബുദ്ധ തീവ്രവാദികളുടെ നേതൃത്വത്തില്‍ റോഹിംഗ്യകള്‍ക്കെതിരെ നേരത്തേ തന്നെ ക്രൂരമായ അതിക്രമങ്ങളരങ്ങേറിയിരുന്നു. 2017 ആഗസ്റ്റില്‍ മ്യാന്മര്‍ സൈന്യത്തിന്റെ കാര്‍മികത്വത്തില്‍ നടന്ന വംശഹത്യ ലോകത്തെ നടുക്കി. വംശ ഉഛാടനത്തിന്റെ തുറന്നുവെച്ച പുസ്തകമെന്നാണ് യു എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ അതിനെ കുറ്റപ്പെടുത്തിയത്. അത്രമേല്‍ ആസൂത്രിതവും ഭീകരവുമായിരുന്ന വംശഹത്യയെ തുടര്‍ന്ന് കിട്ടിയ വഴിയില്‍ റോഹിംഗ്യകള്‍ അതിര്‍ത്തി കടന്നു. നടന്നും കടല്‍ താണ്ടിയും സുരക്ഷിത സ്ഥാനങ്ങള്‍ തേടി അലഞ്ഞ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ കരപറ്റാനാകാതെ സമുദ്ര ആഴപ്പരപ്പിലൊടുങ്ങുന്നത് ഇന്ന് വാര്‍ത്തയല്ലാതായിരിക്കുന്നു.
പ്രാണഭയത്താല്‍ പിറന്ന നാടുപേക്ഷിച്ച് ലോകത്തിന്റെ വിവിധ ദിക്കുകളിലേക്ക് പലായനം ചെയ്ത റോഹിംഗ്യകള്‍ ഇന്ത്യയിലുമെത്തി. എന്നാല്‍ ഫോറിനേഴ്‌സ് ആക്ടിന് കീഴില്‍ സര്‍വേ നടത്തി റോഹിംഗ്യകളെ കണ്ടെത്തി നാടുകടത്താനുള്ള നടപടി സ്വീകരിക്കണമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ സമയം കളയാതെ തന്നെ സംസ്ഥാനങ്ങള്‍ക്ക് നല്‍കി.

ഇന്ത്യയും ഭാഗമായ അന്താരാഷ്ട്ര ഉടമ്പടികളുണ്ട്. പൗര, രാഷ്ട്രീയ അവകാശങ്ങളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഒപ്പുവെച്ച ഉടമ്പടിയാണ് ഐ സി സി പി ആര്‍. വംശീയ വിവേചനത്തിനെതിരെയും സാമ്പത്തിക സാമൂഹിക അവകാശങ്ങളുടെ സംരക്ഷണാര്‍ഥമുള്ളതുമായ ശ്രദ്ധേയ അന്താരാഷ്ട്ര ഉടമ്പടികളില്‍ ഒപ്പുവെച്ച രാജ്യമാണ് ഇന്ത്യ. റോഹിംഗ്യന്‍ മുസ്‌ലിംകളുടേതടക്കമുള്ള അന്താരാഷ്ട്ര അഭയാര്‍ഥി പ്രശ്‌നങ്ങളില്‍ ഓരോ രാജ്യത്തെയും ഭരണഘടനയും നിയമസംഹിതകളും മാനിച്ചുകൊണ്ട് തന്നെ മനുഷ്യത്വപരമായ സമീപനമുണ്ടാകണമെന്ന് അടിവരയിടുന്ന അന്താരാഷ്ട്ര കരാറുകളുടെ ഭാഗമായിരിക്കെ റോഹിംഗ്യന്‍ അഭയാര്‍ഥികളോട് വിവേചനപരമായ നിലപാട് സ്വീകരിക്കുമ്പോള്‍ അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തുകയാണ് രാജ്യം ചെയ്യുന്നത്. ദേശരാഷ്ട്രങ്ങളിലെ പൗരന്മാരല്ലാത്ത അഭയാര്‍ഥികളടക്കമുള്ളവര്‍ക്ക് പൗര, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക അവകാശങ്ങള്‍ തുല്യനിലയില്‍ ആസ്വദിക്കാനുള്ള അവസരമുണ്ടാകണമെന്നാണ് അന്താരാഷ്ട്ര ഉടമ്പടികള്‍ ഉദ്‌ഘോഷിക്കുന്നത്.

മ്യാന്മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന വംശഹത്യയെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ അഭയാര്‍ഥികളുടെ സുരക്ഷയെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ യു എന്‍ റെഫ്യൂജീസ് ഹൈക്കമ്മീഷണര്‍ കേന്ദ്ര സര്‍ക്കാറിന് നല്‍കിയിരുന്നു. മാനുഷിക പരിഗണന ലഭിക്കുന്നെന്ന് ഉറപ്പാക്കണമെന്നും റോഹിംഗ്യകളെ തിരിച്ചറിയുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നും യു എന്‍ നിര്‍ദേശങ്ങളിലുണ്ടായിരുന്നു. ഞങ്ങള്‍ അന്താരാഷ്ട്ര അഭയാര്‍ഥി സംബന്ധമായ ഉടമ്പടിയില്‍ ഒപ്പുവെച്ച കക്ഷിയല്ല. അതിനാല്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളം അവരെല്ലാം നിയമവിരുദ്ധ കുടിയേറ്റക്കാരാണ്. അവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാനുള്ള അടിസ്ഥാന കാരണമില്ലെന്നും കുടിയേറ്റക്കാരെ നാടുകടത്തുക തന്നെ ചെയ്യുമെന്നുമായിരുന്നു യു എന്‍ നിര്‍ദേശത്തോട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചത്. വിവിധ കാലങ്ങളില്‍ രാജ്യം ഭരിച്ച സര്‍ക്കാറുകള്‍ ഇന്ത്യയുടെ ശ്രേഷ്ഠ പാരമ്പര്യവും അന്താരാഷ്ട്ര മര്യാദകളും മുന്‍നിര്‍ത്തി ഒപ്പുവെച്ച ഉടമ്പടികളെ തള്ളിപ്പറയുന്ന നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.

ഇതോടെ ഭരണഘടനയിലെ 32ാം അനുഛേദത്തിന്റെ ബലത്തില്‍ രണ്ട് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയായിരുന്നു ഹരജിക്കാര്‍ പരമോന്നത കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. കൂടാതെ ഇന്ത്യന്‍ ഭരണഘടന തങ്ങള്‍ക്ക് കൂടി ഉറപ്പുനല്‍കുന്ന, 14ാം ആര്‍ട്ടിക്കിള്‍ മുന്നോട്ടുവെക്കുന്ന തുല്യനീതിയും അനുഛേദം 21 വകവെച്ചു നല്‍കുന്ന ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശവും ഭീഷണിയിലാണെന്നും ഹരജിയിലുണ്ടായിരുന്നു. പ്രസ്തുത ഹരജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് ജമ്മു കശ്മീരിലെ കത്വയില്‍ ഫോറിനേഴ്‌സ് ആക്ട് പ്രകാരമുള്ള “ഹോള്‍ഡിംഗ് സെന്റര്‍” എന്ന പേരില്‍ സബ് ജയിലുണ്ടാക്കി റോഹിംഗ്യന്‍ അഭയാര്‍ഥികളെ അതില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്ന മാധ്യമ വാര്‍ത്തകള്‍ പുറത്തു വരുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറ്റമ്പതിലധികം റോഹിംഗ്യകളെയാണ് അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട നിലയില്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് അവരെ മോചിപ്പിക്കാന്‍ വേണ്ട ഇടക്കാല നിര്‍ദേശങ്ങള്‍ ജമ്മു കശ്മീര്‍ ഭരണകൂടത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നല്‍കണമെന്ന ആവശ്യമുയര്‍ത്തി നേരത്തേ സമര്‍പ്പിക്കപ്പെട്ട ഹരജിയുടെ തുടര്‍ ഹരജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഹരജിയില്‍ കഴിഞ്ഞ ദിവസം വിധി പറഞ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് നടപടിക്രമങ്ങള്‍ പാലിക്കാതെ റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്തരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചു. സ്വാഭാവിക നീതി ഉറപ്പുവരുത്തുന്നതോടൊപ്പം ഭരണകൂടത്തിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് ചുരുക്കം.

റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്തുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിനെ വിലക്കണമെന്നാവശ്യപ്പെട്ട ഹരജിയില്‍ ഫോറിനേഴ്‌സ് റീജ്യനല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് മുഖേന അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു. അഭയാര്‍ഥി പ്രശ്‌നങ്ങളില്‍ രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാറിന് യുക്തമായ നിലപാട് സ്വീകരിക്കാവുന്നതാണ്. ആ ദിശയിലുള്ള വകുപ്പുകള്‍ രാജ്യത്തെ നിയമങ്ങളിലുണ്ടാകുകയും പലപ്പോഴും അത് ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകുകയും ചെയ്യുമ്പോള്‍ നീതിപൂര്‍വമായ ഇടപെടലുകള്‍ക്ക് ഭരണകൂടത്തെ നിര്‍ബന്ധിക്കാന്‍ കോടതിക്ക് പരിമിതിയുണ്ട്. സമാന സന്ദര്‍ഭങ്ങളില്‍ വിവേചനാധികാരം ഉപയോഗപ്പെടുത്തി ഭരണകൂടത്തിന് തീരുമാനമെടുക്കാം എന്നാണ് 1946ലെ ഫോറിനേഴ്‌സ് ആക്ടിന്റെ തീര്‍പ്പ്. പക്ഷേ ആ വിവേചനാധികാരം വര്‍ത്തമാനകാല ഇന്ത്യനവസ്ഥയില്‍, പ്രതീക്ഷകളസ്തമിച്ച റോഹിംഗ്യന്‍ അഭയാര്‍ഥികളെ തുണക്കുമെന്ന് കരുതുക വയ്യ. അത്രമേല്‍ മുസ്‌ലിം വിരുദ്ധവും കപട വംശീയ വിശുദ്ധിയില്‍ അഭിരമിക്കുന്നതുമായ പ്രത്യയശാസ്ത്രത്തിന്റെ സമഗ്രാധിപത്യ വാഴ്ചക്കാലമാണ് ഇന്ത്യയില്‍. അവര്‍ക്ക് മാതൃക ആര്യ വംശശുദ്ധി ഉയര്‍ത്തിക്കാട്ടി എല്ലാ വൈജാത്യങ്ങളെയും റദ്ദാക്കി കുഴിമാടത്തിലേക്ക് പറഞ്ഞയച്ച അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജര്‍മനിയാണ്. ഭരണഘടന അട്ടിമറിക്കപ്പെടുകയും പാര്‍ലിമെന്റിനെ കാഴ്ചപ്പണ്ടമാക്കി തോന്നിയ പോലെ നിയമ നിര്‍മാണം നടത്തുകയും ചെയ്യുന്ന ഒരു കാലസന്ധിയില്‍ ഇന്ത്യയിലെത്തിയ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ ലഭ്യമാകുമെന്ന് കണക്കുകൂട്ടുന്നതെങ്ങനെയാണ്.

---- facebook comment plugin here -----

Latest