Connect with us

Editorial

ഓരോരുത്തരും കൊവിഡ് പോരാളികളാകുക

Published

|

Last Updated

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ദൃശ്യമായിരിക്കുന്നു. 11 സംസ്ഥാനങ്ങളില്‍ സ്ഥിതി അത്യന്തം സങ്കീര്‍ണമാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും വലിയ പ്രതിസന്ധി. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ പ്രധാന സവിശേഷത അതിന്റെ വ്യാപനത്തോത് കൂടുതലാണ് എന്നതാണ്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന സ്ഥിതിവിശേഷം ഏതെങ്കിലും സംസ്ഥാനത്ത് മാത്രമായി ഒതുങ്ങില്ല.

അകത്തേക്കും പുറത്തേക്കും നിരന്തരം സഞ്ചാരം നടന്നു കൊണ്ടിരിക്കുന്ന പ്രദേശമെന്ന നിലയിലും ജനസാന്ദ്രതയേറിയ സംസ്ഥാനമെന്ന നിലയിലും കേരളത്തിന് കൊവിഡ് വ്യാപനത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകാത്ത സ്ഥിതിയാണുള്ളത്. ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. മറ്റു പലയിടങ്ങളിലും കൊവിഡ് പെരുക്കം കുറഞ്ഞിട്ടും ഇവിടെ ശമനമുണ്ടായിരുന്നില്ല. പിന്നെ അല്‍പ്പമൊന്നു പത്തി താഴ്ത്തിയെങ്കിലും ഒരിക്കല്‍ കൂടി കേരളം അതിതീവ്ര വ്യാപനത്തിലേക്ക് പോകുകയാണ്. ഇത് ഇപ്പോള്‍ പൊടുന്നനെ സംഭവിച്ച കുതിച്ചു ചാട്ടമെന്ന നിലയിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതരും മാധ്യമങ്ങളും കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. സത്യമെന്താണ്? കൊവിഡ് ഇവിടെ ഉണ്ടായിരുന്നു. അത് പടരുന്നുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ചൂടില്‍ ആരുമത് ഗൗനിച്ചില്ല. തികച്ചും നിരുത്തരവാദപരമായാണ് എല്ലാവരും പെരുമാറിയത്. സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം ഇക്കാര്യത്തില്‍ കുറ്റക്കാരാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും ആരെങ്കിലും അനുസരിച്ചോ? മിനിമം നിയന്ത്രണങ്ങളെങ്കിലും പാലിക്കാന്‍ നേതാക്കള്‍ അണികളെ പ്രേരിപ്പിച്ചോ? വല്ല പരിശോധനയും നടന്നോ? ഇല്ലെന്ന് മാത്രമല്ല, വലിയ ആള്‍ക്കൂട്ടങ്ങളെയും ആഘോഷങ്ങളെയും വലിയ മേനിയായി ഉദ്‌ഘോഷിക്കുകയാണ് നേതാക്കള്‍ ചെയ്തത്. മത സമൂഹങ്ങളുടെ ഒത്തുചേരലുകള്‍ക്ക് നേരേ നിയന്ത്രണത്തിന്റെ ചാട്ട വീശിയവരാരും ഈ തിരഞ്ഞെടുപ്പ് ആഘോഷത്തില്‍ വേവലാതി കൊണ്ടില്ലെന്നത് വിചിത്രമായി തോന്നുന്നു. ഇത്തരം ഘട്ടത്തില്‍ എങ്ങനെ തിരഞ്ഞെടുപ്പ് പോലുള്ള പ്രക്രിയകള്‍ നടപ്പാക്കാം എന്നതിന് കൃത്യമായ രൂപരേഖയുണ്ടാക്കുകയും അത് കര്‍ശനമായി നടപ്പാക്കാനുള്ള ക്ഷമയും ഭാവനയും പ്രകടിപ്പിക്കുകയും വേണമായിരുന്നു. നേതാക്കളും ഉന്നതരുമായിരുന്നു ഈ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയിരുന്നത്. ഈ അലംഭാവത്തിന്റെ കൂടി ഫലമാണ് നാം അനുഭവിക്കാന്‍ പോകുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ വ്യാപനമാണ് കാരണമെന്നത് ഭാഗികമായി മാത്രമേ ശരി ആകുന്നുള്ളൂ. ഇന്നലെ കേരളത്തില്‍ 4,000ത്തിലേറെ പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഇത് ഇവിടെ നില്‍ക്കില്ല. ടെസ്റ്റ് ഊര്‍ജിതമാക്കിയാല്‍ മാത്രമേ വ്യാപനത്തിന്റെ യഥാര്‍ഥ ചിത്രം വ്യക്തമാകുകയുള്ളൂ.

ഏതായാലും ഈ ഘട്ടത്തില്‍ ആരോഗ്യവകുപ്പും സര്‍ക്കാര്‍ സംവിധാനവും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നത് ആശ്വാസകരമാണ്. വരുന്ന മൂന്നാഴ്ച നിര്‍ണായകമാണെന്നും ഈ സാഹചര്യം മുന്നില്‍ കണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. “ബാക് ടു ബേസിക്‌സ്” ക്യാമ്പയിന്‍ ശക്തിപ്പെടുത്താനാണ് തീരുമാനം. കരുതലിലേക്ക് തിരിച്ചു പോകണമെന്ന് സാരം. മറന്നുവെച്ചതെല്ലാം തിരിച്ചെടുക്കണം. സോപ്പും മാസ്‌കും സാമൂഹിക അകലവും മറക്കരുത്. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കേണ്ടതാണ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇടക്കിടക്ക് കൈകള്‍ സാനിറ്റൈസര്‍ കൊണ്ടോ സോപ്പുപയോഗിച്ചോ വൃത്തിയാക്കണം. വാക്‌സീന്‍ എടുത്തവരില്‍ മിക്കവരും ഒറ്റ ഡോസ് മാത്രമെടുത്തവരാണ്. രണ്ടാം ഡോസ് എടുത്താല്‍ മാത്രമേ സുരക്ഷ ലഭിക്കുകയുള്ളൂ. എന്നാല്‍ തന്നെയും ജാഗ്രത തുടരണം. ഒരു വാക്‌സീന്‍ നിര്‍മാതാവും നൂറ് ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്നില്ലെന്നോര്‍ക്കണം. അതുകൊണ്ട് വാക്‌സീന്‍ വരുമെന്ന ആത്മവിശ്വാസം നല്ലതിനല്ല. വാക്‌സീന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള എത്രയായിരിക്കണം എന്നതില്‍ ആശയക്കുഴപ്പമുണ്ട്. 28 ദിവസം എന്നാണ് നേരത്തേ പറഞ്ഞത്. ഒന്നര മാസം ആകട്ടെയെന്നാണ് ഇപ്പോള്‍ പറയുന്നത്. ഈ അവ്യക്തത അധികൃതര്‍ നീക്കണം. രണ്ടാം വ്യാപനത്തെ മാരകമാക്കുന്നത് അണുബാധിതരുടെ എണ്ണത്തിലുള്ള വര്‍ധനവാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തവണ പ്രതിദിന നിരക്ക് ഒരു ലക്ഷം കടന്നിരുന്നില്ല. ഇക്കുറി തുടര്‍ച്ചയായി മൂന്ന് ദിവസം ഒരു ലക്ഷത്തിനപ്പുറത്തേക്ക് പോയി. നേരത്തേയുള്ളതിനേക്കാള്‍ ഇരട്ടിയെങ്കിലും വ്യാപന സ്വഭാവമുള്ള വൈറസാണ് പുതിയ ഇനം.

സംസ്ഥാനത്ത് എസ് എസ് എല്‍ സി- പ്ലസ് ടു പരീക്ഷ നടക്കുകയാണിപ്പോള്‍. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളെ കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കും സംഭവിക്കുക. നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണം. അണ്‍ ലോക്ക് പ്രക്രിയയിലേക്ക് നീങ്ങേണ്ടത് നമ്മുടെ സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കാന്‍ അനിവാര്യമായിരുന്നു. അതുപോലെ തിരഞ്ഞെടുപ്പും പരീക്ഷയും ഉത്സവങ്ങളുമെല്ലാം വേണ്ടതു തന്നെയാണ്. ജീവിതം മുന്നോട്ട് പോകണമല്ലോ. നാം കൊവിഡിനൊപ്പമാണെന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് മാത്രം. ആ തിരിച്ചറിവ് നഷ്ടപ്പെടുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. നമ്മുടെ ആരോഗ്യ സംവിധാനം മികച്ചതാണെന്ന ആത്മവിശ്വാസം മാരകമായ രോഗവ്യാപനത്തിന് മുന്നില്‍ ഇടിഞ്ഞു വീഴും.

ആശുപത്രികള്‍ക്ക് താങ്ങാനാകാത്ത വിധം രോഗികള്‍ പെരുകുകയും അവരില്‍ തന്നെ വെന്റിലേറ്റര്‍ സൗകര്യം ആവശ്യമുള്ളവരുടെ എണ്ണം ഉയരുകയും ചെയ്താല്‍ എങ്ങനെ മുന്നോട്ട് പോകും? സര്‍ക്കാര്‍ സംവിധാനം നടപ്പാക്കുന്ന പ്രതിരോധ നീക്കങ്ങളുടെയെല്ലാം ഫലപ്രാപ്തി സംസ്ഥാനത്തെ മുഴുവന്‍ പേരുടെയും ഇവിടേക്ക് വരുന്നവരുടെയും കൈകളിലാണ്. ഓരോരുത്തരും കൊവിഡ് പോരാളികളായെങ്കില്‍ മാത്രമേ നമുക്ക് അതിജീവിക്കാനാകുകയുള്ളൂ. വല്ലാത്ത ഒരു ആലസ്യം നമ്മെ പിടികൂടിയിട്ടുണ്ട്. അത് മറികടന്നേ തീരൂ. എല്ലാം അടച്ചിട്ട് ഒരു സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോകുന്നത് ഒട്ടും അഭികാമ്യമല്ലെന്നാണ് വിദഗ്ധര്‍ ഒരു പോലെ പറയുന്നത്. സ്വയം വരക്കുന്ന അതിര്‍ വരമ്പുകളേക്കാള്‍ ശക്തമായി മറ്റെന്തുണ്ട്? പോലീസിനെ ഇറക്കി കൊവിഡ് പ്രോട്ടോകോള്‍ നടപ്പാക്കേണ്ടി വരുന്നത് നമുക്ക് നാണക്കേടാണ്.

Latest