Connect with us

Articles

ഉന്നം കേരളമാണ്; നമുക്ക് വീഴാതിരിക്കാം

Published

|

Last Updated

‘നൂറ്റാണ്ടുകളായി തലശ്ശേരിയില്‍ ഹിന്ദുക്കളും മുസ്‌ലിംകളും സഹോദരന്മാരായി കഴിഞ്ഞുവരികയായിരുന്നു. ആര്‍ എസ് എസും ജനസംഘവും തലശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ഈ സാഹോദര്യം നഷ്ടപ്പെട്ടത്. അവരുടെ മുസ്‌ലിംവിരുദ്ധ പ്രചാരണം മുസ്‌ലിംകളെ അവരുടെ സാമുദായിക സംഘടനയായ മുസ്‌ലിം ലീഗിനു പിന്നില്‍ അണിനിരത്താന്‍ കാരണമായി. ഈ സാമുദായിക സ്പര്‍ധയാണ് ലഹളക്ക് വഴിയൊരുക്കിയത്”.

ജസ്റ്റിസ് ജോസഫ് വിതയത്തിലാണ്; 1971ലെ തലശ്ശേരി കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്തനായ ആള്‍. ആര്‍ എസ് എസിന്റെ വര്‍ഗീയ പ്രചാരണങ്ങള്‍ എങ്ങനെയാണ് തലശ്ശേരിയെ മുറിപ്പെടുത്തിയത് എന്നതിന്റെ സത്യവാങ്മൂലമാണ് കമ്മീഷന്റെ കണ്ടെത്തലുകളോരോന്നും. ഓര്‍ക്കുമല്ലോ, തലശ്ശേരി കലാപം എന്ന പേരിലറിയപ്പെട്ട ആ അക്രമങ്ങള്‍ പൊടുന്നനെ സംഭവിച്ചതല്ല. അതിനു പിറകില്‍ കൃത്യമായ ആസൂത്രണവും മുന്നൊരുക്കവും ഉണ്ടായിരുന്നു. മുസ്‌ലിംകള്‍ക്കെതിരെ അഴിച്ചുവിട്ട ദുഷ്പ്രചാരണങ്ങളാണ് തലശ്ശേരിയുടെ സമാധാന ജീവിതത്തിനു മേല്‍ അവര്‍ വര്‍ഷിച്ച ആദ്യത്തെ ബോംബ്. കലാപത്തിനുള്ള ആളും ആയുധവും എത്തുന്നതിനു മുമ്പേ വംശീയ വിദ്വേഷത്തിന്റെ കൊടുംവിഷം തളിച്ചിരുന്നു തലശ്ശേരിയിലുടനീളം. അവര്‍ പ്രചരിപ്പിച്ച കഥകളില്‍, അല്ല നിറം പിടിപ്പിച്ച നുണകളില്‍ മുസ്‌ലിംകള്‍ ക്രൗര്യഭാവം കൈവിടാത്ത വില്ലന്മാരായി. സത്യത്തിന് ഒച്ചിന്റെ വേഗവും നുണകള്‍ക്ക് കാറ്റിന്റെ വേഗവുമാണല്ലോ. നുണകള്‍ നിര്‍ലോഭം പരന്നൊഴുകിയ തെരുവിലൂടെ ഒടുവിലവര്‍ ആയുധവും ആക്രോശവുമായി വന്നു. കടകള്‍ക്ക് തീയിട്ടു, പള്ളികള്‍ അക്രമിച്ചു, മുസ്‌ലിം വീടുകള്‍ കൊള്ളയടിച്ചു. ചിലയിടങ്ങളില്‍ തിരിച്ചടികളുണ്ടായി, അങ്ങനെയും നാശനഷ്ടങ്ങള്‍ സംഭവിച്ചു. മുസ്‌ലിം ഭവനങ്ങളില്‍ നിന്ന് അക്രമികള്‍ കടത്തിക്കൊണ്ടുപോയ വിലകൂടിയ വസ്തുക്കളോ കത്തിച്ചു ചാരമാക്കിയ കടകളോ ആയിരുന്നില്ല കലാപത്തിലെ തലശ്ശേരിയുടെ യഥാര്‍ഥ നഷ്ടം. കാലങ്ങളായി ആ നഗരം കാത്തുവെച്ച കുറെയേറെ മൂല്യങ്ങളെയും ഹൃദയത്തില്‍ താലോലിച്ച വിശ്വാസ്യതയെയുമാണ് കലാപത്തിലൂടെ സംഘ്പരിവാരം കവര്‍ന്നെടുത്തത്. അന്നത്തെ സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചതും സി പി എം പ്രവര്‍ത്തകര്‍ കലാപം ആളിപ്പടരാതിരിക്കാന്‍ ഉണര്‍ന്നിരുന്നതുമാണ് നാശനഷ്ടങ്ങളുടെ തോത് കുറച്ചത്.
വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനുമപ്പുറമുള്ള പ്രഹരശേഷിയുണ്ട്. ഒരു ജനതയെ ഒന്നാകെ നശിപ്പിക്കാനുള്ള സ്‌ഫോടക ശേഷിയാണ് ഓരോ നുണയും ഉള്ളില്‍ പേറുന്നത്. അതുകൊണ്ടാണ് അയല്‍പക്കത്ത് ആര്‍ക്കുമാര്‍ക്കും അലോസരമുണ്ടാക്കാതെ ജീവിച്ച കുടുംബം ഒരുനാള്‍ പൊടുന്നനെ ചിലര്‍ക്ക് അന്യരും ശത്രുക്കളുമായിത്തീരുന്നത്. 2002ല്‍ ഗുജറാത്തില്‍ അത് കണ്ടതാണ്. വംശഹത്യയുടെ നാളുകളില്‍ വീടുകളിലേക്കും കോളനികളിലേക്കും ഇരച്ചുകയറി മുസ്‌ലിംകളെ കൊന്നതും സ്ത്രീകളെ ബലാത്സംഗം ചെയ്തതും അപരിചിതരായിരുന്നില്ല. എന്നും കാണുകയും സംസാരിക്കുകയും ചെയ്തിരുന്നവര്‍. ഉള്ളിലെ തേറ്റ അവര്‍ സമര്‍ഥമായി മറച്ചുവെക്കുകയും “അവസരം” ഒത്തുവന്നപ്പോള്‍ പുറത്തെടുക്കുകയും ചെയ്തു. അവരില്‍ വലിയൊരു വിഭാഗത്തെ മുസ്‌ലിംകള്‍ക്കെതിരെ തിരിച്ചത് ഹിന്ദുത്വ ശക്തികള്‍ ഗുജറാത്തില്‍ നടത്തിയ വര്‍ഗീയ പ്രചാരണങ്ങള്‍ ആണെന്ന് സ്വതന്ത്രാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതൊക്കെ ഇപ്പോള്‍ എന്തിനു പറയുന്നു എന്നാണോ? കാര്യമുണ്ട്; കാരണവും. കേരളത്തിലെ പ്രമുഖ ബി ജെ പി നേതാവ് ഒരു ക്രൈസ്തവ പുരോഹിതനോട് വോട്ട് തേടുന്നത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ഥി കൂടിയായ ആ നേതാവ് പറയുന്നതത്രയും പച്ചയായ വര്‍ഗീയതയാണ്. മുസ്‌ലിംകളെ എന്തുകൊണ്ട് മൂലക്കിരുത്തണം എന്ന് വിശദീകരിക്കാനാണ് അയാള്‍ സമയം ചെലവിടുന്നത്. ക്രൈസ്തവ മനസ്സുകളില്‍ മുസ്‌ലിംകളോട് ശത്രുത ജനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള നുണകളുടെ പ്രളയം. മറ്റൊരു സ്ഥാനാര്‍ഥി സ്ത്രീ തൊഴിലാളികളോട് വോട്ട് ചോദിക്കുന്നതിന്റെ വീഡിയോ ദൃശ്യവും ഈയിടെ പുറത്തുവന്നു. ലവ് ജിഹാദ് എന്ന ഇല്ലാക്കഥയെ വ്യാജവും അതിശയോക്തിയും സമം ചേര്‍ത്ത് അവതരിപ്പിക്കുന്നുണ്ട് ടിയാന്‍. ഹൈന്ദവ, ക്രൈസ്തവ പെണ്‍കുട്ടികളെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ കേരളത്തിലെ മുസ്‌ലിം സമൂഹം ക്വട്ടേഷനെടുത്തു എന്ന മട്ടിലാണ് വാഗ്‌ധോരണി. നിന്നനില്‍പ്പില്‍ ഇത്രയും നുണകള്‍ കെട്ടഴിച്ചുവിടാന്‍ ഇവര്‍ക്ക് സാധിച്ചു എന്നതില്‍ അതിശയിക്കാനൊന്നുമില്ല. കൂടിയ അളവില്‍ നുണകള്‍ ഉത്പാദിപ്പിക്കുകയും അവ യഥേഷ്ടം വിപണനം ചെയ്യുകയും നുണകള്‍ക്ക് മേല്‍ രാഷ്ട്രീയ സിംഹാസനം പണിയുകയും ചെയ്തതാണല്ലോ ഇന്ത്യയിലെ സംഘ്പരിവാറിന്റെ ചരിത്രം. നാവ് പിഴക്കാതെയും വാക്കുകള്‍ തപ്പാതെയും കല്ലുവെച്ച നുണകള്‍ ഒരാളുടെയോ ഒരാള്‍ക്കൂട്ടത്തിന്റെയോ മുമ്പാകെ അവതരിപ്പിക്കാന്‍ ഒരു വ്യക്തിക്ക് കഴിയുന്നുവെങ്കില്‍ ഒന്നുകില്‍ അയാളൊരു സംഘ്പരിവാറുകാരനാകണം, അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി ഒച്ചയിടുന്ന മാധ്യമ പ്രവര്‍ത്തകനാകണം. ഈ നിലയിലാണ് കാര്യങ്ങളുടെ കിടപ്പ്.
കേരളം ഇന്ത്യന്‍ യൂനിയനിലെ ഒരു സംസ്ഥാനമാണ്. പക്ഷേ, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പലനിലകളില്‍ വേറിട്ട അസ്തിത്വമുണ്ട് ഈ നാടിന്. ജനാധിപത്യത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള ഉജ്ജ്വലമായ പോരാട്ടങ്ങള്‍ ഈ കൊച്ചുദേശത്തിന്റെ ഇന്നലെകളില്‍ അടയാളപ്പെട്ടു കിടക്കുന്നുണ്ട്. കണ്ണും കരുണയുമില്ലാത്ത ജാതിഭ്രാന്തിന്റെ അപമാനഭാരം പേറുന്ന ഗ്രാമങ്ങളും നഗരങ്ങളും ഇപ്പോഴുമുണ്ടല്ലോ ഇന്ത്യയില്‍. കേരളം ആ ഗണത്തില്‍ ഇല്ലെന്നുറപ്പാണ്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേചനങ്ങളോട് വിസമ്മതം പറഞ്ഞും മനുഷ്യരെ തമ്മിലടിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങളെ അകറ്റിനിറുത്തിയും കേരളം താണ്ടിയെത്തിയ വഴിദൂരങ്ങളിലെ വെളിച്ചവും തിളക്കവും കെടുത്തിക്കളയാന്‍ ശ്രമിക്കുന്നവര്‍ ആര്‍ക്ക് വേണ്ടിയാണ് ഈ കഠിനകൃത്യത്തിനു മുതിരുന്നത് എന്നത് ഉത്തരം കിട്ടാത്ത പ്രഹേളികയല്ല. അരങ്ങിലെ ക്രൗര്യ വേഷങ്ങളേക്കാള്‍ മലയാളി ഭയക്കേണ്ടത് അണിയറയിലെ രൗദ്ര ഭാവങ്ങളെയാണ്. ഈ നാടിനു തീ കൊടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നതിനര്‍ഥം കേരളത്തിന്റെ നവോത്ഥാന പൈതൃകത്തെ അവര്‍ ചവിട്ടിത്തേക്കുന്നു എന്നാണ്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണില്‍ ചവിട്ടി നിന്നുകൊണ്ടുള്ള ഈ ആഭാസം മലയാളികള്‍ക്കാകെ അപമാനമാണ്. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും പയറ്റിത്തെളിഞ്ഞ വര്‍ഗീയതയുടെയും അപരദ്വേഷത്തിന്റെയും ചീമുട്ടകള്‍ കേരളത്തിന്റെ തെരുവുകളില്‍ കൊണ്ടിറക്കി ഈ നാട് നാറ്റിക്കാനാണ് സംഘ്പരിവാറിന്റെ പുറപ്പാട് എന്ന് ന്യായമായും സംശയിക്കാവുന്ന രാഷ്ട്രീയ സന്ദര്‍ഭങ്ങളെയാണ് മലയാളികള്‍ അഭിമുഖീകരിക്കുന്നത്.
ഈയൊരു തിരഞ്ഞെടുപ്പ് കാലത്തുമാത്രം എന്തെല്ലാം വ്യാജങ്ങളാണ് ഇക്കൂട്ടര്‍ കൂടുതുറന്നു വിട്ടത്. 1977ല്‍ ജനസംഘം സ്ഥാനാര്‍ഥിയായി ഉദുമയില്‍ മത്സരിച്ച കെ ജി മാരാരുടെ ബൂത്ത് ഏജന്റ് ആയിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് പറഞ്ഞത് ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് എം ടി രമേശ്. ആ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ഥി ആയിരുന്നു പിണറായി എന്നത് രമേശിന് അറിയാത്തതു കൊണ്ടാണ് ആ പ്രസ്താവന ഉണ്ടായത് എന്നാണോ നിങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്. അങ്ങനെയല്ല. ആദ്യം അവര്‍ കെട്ടുകഥകള്‍ സത്യമെന്നോണം പറയും; മുഖത്ത് ഒരു ഭാവമാറ്റവും ഇല്ലാതെ തന്നെ. പിന്നെയവര്‍ പുതിയ “സത്യത്തെ” സ്ഥാപിക്കാന്‍ അനേകം നുണകള്‍ പടച്ചുണ്ടാക്കും. അത് പ്രചരിപ്പിക്കാന്‍ ഏജന്‍സികളെ കളത്തിലിറക്കും. അത് സ്ഥാപിച്ചെടുക്കാന്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. അങ്ങനെ കെട്ടുകഥകള്‍ സത്യമെന്നോണം വാദിച്ചെടുത്താണ് അവര്‍ ബാബരി മസ്ജിദ് മണ്ണോടുചേര്‍ത്തത്. ബാബരി മസ്ജിദ് നിന്ന സ്ഥലം രാമജന്മ ഭൂമിയാണ് എന്ന് സ്ഥാപിച്ചെടുക്കാന്‍ എത്ര പുസ്തകങ്ങളാണ് ഇപ്പോള്‍ വിപണിയിലുള്ളത്? ഒന്നും രണ്ടുമല്ല, അനേകമുണ്ട്. കോഴിക്കോട്ടുകാരന്റെ പോലും സംഭവനയുണ്ട് ആ നിരയിലേക്ക് എന്നതും അറിയാമല്ലോ. ഇന്നത്തെ നുണ നാളത്തെ സത്യം, മറ്റന്നാള്‍ അത് ചരിത്രം, അതും പിന്നിട്ടാല്‍ കുട്ടികള്‍ക്ക് അത് പാഠഭാഗം. ഇങ്ങനെയാണ് സംഘ്പരിവാര്‍ ചരിത്രത്തില്‍ ഇടപെടുന്നത്. ഇങ്ങനെയാണ് അവര്‍ സ്വന്തം രാഷ്ട്രീയം വികസിപ്പിക്കുന്നത്. നുണ പറയുമ്പോള്‍ നേതാവെന്നോ അനുയായി എന്നോ വ്യത്യാസമില്ല. എല്ലാവരും ഒരുപോലെ.

കേരളം ഈ തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ പലതുണ്ട്. പെട്രോള്‍ വില വര്‍ധന, തൊഴിലില്ലായ്മ, പാചകവാതക വില, പട്ടിണി, കൊവിഡ് കാലത്തെ കേന്ദ്ര സര്‍ക്കാര്‍ അനാസ്ഥ, ദളിതുകള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍, കര്‍ഷകദ്രോഹ നടപടികള്‍, കോര്‍പറേറ്റ് ചങ്ങാത്തം, പൊതുമേഖല വിറ്റഴിക്കല്‍… ഇതൊന്നും ഇവിടെ ചര്‍ച്ചയാകരുത് എന്ന് ബി ജെ പി ആഗ്രഹിക്കുന്നു. അതിന് നല്ല വഴി വര്‍ഗീയത വിളമ്പുകയാണ്, അതുവഴി ജനശ്രദ്ധ തിരിക്കാം. ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാം. അതില്‍ ഒരളവോളം ബി ജെ പി വിജയിക്കുകയും ചെയ്തു. യു ഡി എഫ് വിശ്വാസത്തില്‍ ചുറ്റുന്നത് കാണുന്നില്ലേ? സംഘ്പരിവാറിനെതിരെ പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും യുദ്ധം നയിച്ച എല്‍ ഡി എഫിനെ പോലും സംസ്ഥാന വിഷയങ്ങളിലേക്ക് ഒതുക്കി നിര്‍ത്തുന്നതില്‍ ബി ജെ പി വിജയിച്ചു എന്ന് പറയേണ്ടിവരും.

വര്‍ഗീയത ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ്. കരുതലോടെ നേരിട്ടില്ലെങ്കില്‍ കാലുഷ്യം നാട്ടുനടപ്പാകും, കേരളത്തിന് മുറിവേല്‍ക്കും. വിവേകത്തോടെ പ്രതികരിക്കുക എന്നതാണ് പ്രധാനം. ഒരു വര്‍ഗീയതയെ മറ്റൊരു വര്‍ഗീയത കൊണ്ട് തോല്‍പ്പിക്കാനാകില്ല. ഫാസിസത്തിന് മറുപടി ഹിംസയല്ല. കേരളം തോറ്റാലും വേണ്ടില്ല, തങ്ങള്‍ക്ക് ജയിക്കണം എന്നേയുള്ളൂ സംഘ്പരിവാറിന്. അതനുവദിക്കരുത്. ഇടതുമുന്നണിയും ഐക്യമുന്നണിയും ഉണര്‍ന്നിരിക്കണം. തലശ്ശേരി കലാപത്തെ കുറിച്ചുള്ള ബി ജെ പി നേതാവ് അഡ്വ. ഗോപാലകൃഷ്ണന്റെ ആഖ്യാനം കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് ഏറ്റെടുത്ത സമീപകാല അനുഭവം കേരളത്തിന്റെ മുന്നിലുണ്ട്. കേരളമുണ്ടെങ്കിലേ ഇരു മുന്നണികള്‍ക്കും ഭരിക്കാനാകൂ. താത്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടി ബി ജെ പി ഒരുക്കിവെച്ച കുഴിയില്‍ ചെന്നുചാടരുത്. പരസ്പരം മത്സരിക്കുമ്പോള്‍ത്തന്നെ കേരളത്തിലെ ജനവും ജനാധിപത്യവും തോറ്റുപോകാതിരിക്കാനുള്ള ജാഗ്രത ഇരു മുന്നണികളും പ്രകടിപ്പിക്കും എന്നുതന്നെയാണ് ബി ജെ പിയിതര മലയാളികള്‍ ആഗ്രഹിക്കുന്നത്.