Connect with us

Malappuram

മൺമറഞ്ഞത് മദ്റസാ പ്രസ്ഥാനത്തിന് ദേശീയ വിലാസം പകർന്ന സംഘാടകൻ

Published

|

Last Updated

മലപ്പുറം | ഇസ്‌ലാമിക് എജ്യുക്കേഷൻ ബോർഡ് ഡയറക്ടർ ശാഹുൽ ഹമീദ് ബാഖവി ശാന്തപുരത്തിന്റെ വിയോഗത്തോടെ നഷ്ടപ്പെട്ടത് കേരളത്തിലെ മദ്റസാ പ്രസ്ഥാനത്തിന് ദേശീയ തലത്തിൽ വിലാസമുണ്ടാക്കിയ സംഘാടകനെ.

കേന്ദ്ര സർക്കാറിന്റെയും വിവിധ സംസ്ഥാന സർക്കാറുകളുടെയും ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ കൺസൽട്ടന്റ്ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലും വിവിധ ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലുമായി ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ചു. താൻസാനിയയിലെ ജാമിഅ നൂരിയ സ്ഥാപനങ്ങളുടെ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഉത്തരേന്ത്യയിലെ മദ്‌റസകളെ ഇസ്‌ലാമിക് എജ്യുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിൽ ഏകോപിപ്പിക്കുകയും അവയുടെ ആധുനികവത്കരണത്തിൽ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തിരുന്നു അദ്ദേഹം. മർകസ് ആർട്‌സ് കോളജിലെ ഇസ്‌ലാമിക പഠന വിഭാഗം, മർകസ് ശരീഅ കോളജിലെ ഉറുദു ഡിപ്പാർട്ട്മെന്റ് ട്രെയിനിംഗ് വിഭാഗം എന്നിവയുടെ മേധാവിയായും പ്രവർത്തിച്ചു. പ്രമുഖ ഉറുദു കവികളുടെ കവിതകൾ ഉറുദു കാവ്യ മഞ്ജരി എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.

ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൂടെ (യാത്രാ വിവരണം), സി എം വലിയുല്ലാഹി, അഹ്മദ് റസാഖാൻ ബറേൽവി (ജീവചരിത്രം) എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പരേതനായ കുരിയാട്ട് വട്ടംപറമ്പിൽ ഹസന്റെയും ആഇശയുടെയും മകനാണ്.
മലപ്പുറം മഅ്ദിനിലും വീട്ടിലും പള്ളിയിലും മയ്യിത്ത് നിസ്‌കാരം നടന്നു. പട്ടിക്കാട് ശാന്തപുരം മഹല്ല് പള്ളിയിൽ നടന്ന നിസ്‌കാരത്തിന് മക്കളായ നുഅ്മാൻ ഷാ അസ്ഹരി, അബൂബക്കർ ദഅവാൻ എന്നിവർ നേതൃത്വം നൽകി. സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, കെ കെ എസ് തങ്ങൾ പെരിന്തൽമണ്ണ, സയ്യിദ് മുത്തുക്കോയ തങ്ങൾ, കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, പള്ളങ്കോട് അബ്ദുൽഖാദർ മദനി, അബ്ദുല്ലത്വീഫ് സഅദി കുട്ടില, പത്തപ്പിരിയം അബ്ദുർറശീദ് സഖാഫി, അസൈനാർ നദ്‌വി അന്തമാൻ, തറയിട്ടാൽ ഹസൻ സഖാഫി, സൈതലവി ചെങ്ങര, പ്രൊഫ. കെ എം എ റഹീം സന്ദർശിച്ചു.

ശാഹുൽ ഹമീദ് ബാഖവി ശാന്തപുരത്തിന്റെ നിര്യാണത്തിൽ സഅദിയ്യ പ്രസിഡന്റും സുന്നി വിദ്യാഭ്യാസ ബോർഡ് ഫൈനാൻസ് സെക്രട്ടറിയുമായ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സഅദിയ്യ ശരീഅത്ത് കോളജ് പ്രിൻസിപ്പൽ എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് അനുശോചിച്ചു.