Connect with us

Ongoing News

വോട്ട് ചൂട് കടക്കാൻ പെടാപ്പാട്; മീനച്ചൂടിൽ വിയർത്ത് സ്ഥാനാർഥികൾ

Published

|

Last Updated

കൊച്ചി | കത്തിക്കാളുന്ന മീനച്ചൂടിനെയും വെല്ലുന്ന ഉൾച്ചൂടുമായി വോട്ടുകാലം കടക്കാൻ പെടാപ്പാട് പെടുകയാണ് സ്ഥാനാർഥികൾ. തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളൂവെന്നതിനാൽ ജനങ്ങൾക്ക് പ്രിയപ്പെട്ടവരാകാനും അവരുടെ മനസ്സിൽ ചിഹ്നം പതിപ്പിക്കാനുള്ള വിശ്രമമില്ലാത്ത പരിശ്രമത്തിലാണ് സ്ഥാനാർഥികൾ. തളർത്തുന്ന കാലാവസ്ഥയെയും കൊവിഡിനെയും മറികടന്ന് പരമ്പരാഗത മാതൃകയിൽ തന്നെയാണ് പ്രചാരണം കൊഴുക്കുന്നത്.

മതിലെഴുത്തും പോസ്റ്റർ പതിക്കലും ബോർഡും ബാനറുമെല്ലാമുള്ള പ്രചാരണ രീതികൾക്കൊപ്പം സൈബറിടങ്ങളിലെ ആവേശവും പൊടിപൊടിക്കുന്നുണ്ട്. മുന്നണികളിൽ പുതുമുഖങ്ങളാണ് കൂടുതലും സ്ഥാനാർഥികളെന്നതിനാൽ എല്ലായിടത്തും ഓടിയെത്താൻ ഏറെ പാടുപെടേണ്ടി വരുന്നു. എന്നാൽ സിറ്റിംഗ് എം എൽ എമാർ മണ്ഡലത്തിൽ സുപരിചിതരായതിനാൽ അവർക്ക് പരിചയപ്പെടുത്തലിന്റെ ആവശ്യമേയില്ല. ഒന്നും രണ്ടും ഘട്ട പ്രചാരണങ്ങൾക്കൊപ്പം മൂന്നാം ഘട്ടത്തിൽ വാഹനങ്ങളിലൂടെയുള്ള ചിട്ടയായ പ്രചാരണത്തിനും മുന്നണികൾ കോപ്പുകൂട്ടുകയാണ്. ചുവരെഴുത്തിനൊപ്പം വിവിധ ഘട്ടങ്ങളിൽ വിവിധയിനത്തിലുള്ള പോസ്റ്ററുകളും പുറത്തിറക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ആയിരക്കണക്കിന് പോസ്റ്ററുകളാണ് ഓരോ സ്ഥനാർഥികയുടേതുമായി മണ്ഡലങ്ങളിൽ ഇറങ്ങിയത്.

നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായതോടെ രണ്ടാം ഘട്ട പോസ്റ്ററുകളും ചുവരുകളിൽ ഇടം പിടിച്ചു. സ്ഥാനാർഥിയുടെ ചിത്രത്തോടൊപ്പം ചിഹ്നവുമുള്ള പോസ്റ്ററുകളാണ് ഇവ. ചിഹ്നം ലഭിക്കാൻ വൈകിയ സ്വതന്ത്ര സ്ഥാനാർഥികളുൾപ്പെടെ നേരത്തേ മുന്നണികളുടെ പേരും ചിത്രവും മാത്രമുള്ള പോസ്റ്ററുകളാണ് ഇറക്കിയിരുന്നത്. തിരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളിലാണ് മൂന്നാം ഘട്ട പോസ്റ്ററുകൾ ഇറങ്ങുക.

ആളുകളെ എളുപ്പം ആകർഷിക്കാൻ പലനിറങ്ങളിലുമുള്ളതാണ് ഇത്തവണത്തെ പ്രചാരണ പോസ്റ്ററുകൾ. ഇതു കൂടാതെ ചിഹ്നം മാത്രമുള്ള പോസ്റ്ററുകളും തിരഞ്ഞെടുപ്പ് ദിനത്തോടനുബന്ധിച്ച് കൂടുതലായും അടിച്ചിറക്കും.
പ്രചാരണ രംഗത്ത് നേരത്തേ ഇറങ്ങാൻ കഴിഞ്ഞതിന്റെ നേട്ടം ഇടതുമുന്നണി സ്ഥാനാർഥികൾക്കാണ്. മിക്ക മണ്ഡലങ്ങളിലും ഇടതു സ്ഥനാർഥികൾ ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കിക്കഴിഞ്ഞു. യു ഡി എഫിൽ സിറ്റിംഗ് എം എൽ എമാർ പ്രചാരണത്തിൽ മുന്നിലാണ്. നേരത്തേ തന്നെ ഒരുങ്ങാൻ കഴിഞ്ഞതിനാൽ അവർക്ക് മണ്ഡലത്തിൽ സജീവമാകാനായി.

ദേശീയ നേതാക്കളുടെ വൻ നിര കൂടി അടുത്ത ദിവസങ്ങളിലെത്തുന്നതോടെ പ്രചാരണച്ചൂടിൽ തിരഞ്ഞെടുപ്പ് കളം ചുട്ടു പൊള്ളും.

Latest