Connect with us

Ongoing News

വോട്ടിനായി ഗുജറാത്തിയും

Published

|

Last Updated

ആലപ്പുഴ| ഇടതുമുന്നണി ആലപ്പുഴ മണ്ഡലം സ്ഥാനാർഥി പി പി ചിത്തരഞ്ജന് വേണ്ടി ഗുജറാത്തി ഭാഷയിൽ ചുവരെഴുത്ത്. നഗരത്തിന്റെ പടിഞ്ഞാറെ അറ്റത്ത് സീവ്യൂ വാർഡിലാണ് എൽ ഡി എഫ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ച് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.

ആലപ്പുഴ നഗരത്തിന്റെ ശിൽപ്പിയായ രാജാകേശവദാസിന്റെ ക്ഷണപ്രകാരം ഗുജറാത്തിൽ നിന്നെത്തിയ വ്യവസായികൾ കൂട്ടത്തോടെ താമസമാക്കിയിരുന്നത് സീവ്യൂ വാർഡിലാണ്. ഇവിടുത്തെ ഗുജറാത്തി സ്ട്രീറ്റ് ഏറെ പ്രസിദ്ധമാണ്.
പൈതൃക നഗര പദ്ധതിയുടെ ഭാഗമായി ഗുജറാത്തി സ്ട്രീറ്റ് നവീകരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. 16 കുടുംബങ്ങളിൽ നിന്ന് 50 വോട്ടർമാരാണ് ഗുജറാത്തികളായി ഇവിടെയുള്ളത്. നൂറുകണക്കിന് കുടുംബങ്ങളാണ് ആലപ്പുഴയിൽ ഉണ്ടായിരുന്നതെങ്കിലും വ്യവസായ മേഖല തളർന്നതോടെ ഇവരിൽ അധിക പേരും സ്വന്തം നാട്ടിലേക്ക് മടങ്ങി. ശേഷിക്കുന്ന കുടുംബങ്ങൾ പലതും ജീവിത മാർഗം പോലും ഇല്ലാതെ വിഷമിക്കുകയാണ്.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് ഇവരെ രാഷ്ട്രീയക്കാർ തിരിഞ്ഞുനോക്കുന്നതെങ്കിലും ആർക്കും ഇതേക്കുറിച്ച് പരിഭവമില്ല. വോട്ടെടുപ്പ് ദിവസം പ്രായമായവരുൾപ്പെടെയുള്ളവർ ബൂത്തുകളിൽ പോയി വോട്ട് രേഖപ്പെടുത്തും.

എന്നാൽ ഇവരുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും മറ്റും അയൽവാസികൾക്ക് പോലും കാര്യമായ പിടിയില്ലെന്ന് സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നു.