Connect with us

Kozhikode

ഫണ്ട് തട്ടിപ്പിനെതിരായ മൗനം ലീഗിനെതിരെ പ്രചാരണായുധമാക്കും

Published

|

Last Updated

കോഴിക്കോട് | യൂത്ത്‌ലീഗിലേയും എം എസ് എഫിലേയും കോടികളുടെ ഫണ്ട് തട്ടിപ്പ് തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രചാരണായുധമാക്കുമെന്നു യൂത്ത് ലീഗ് മുന്‍ ദേശീയ സമിതി അംഗം യുസൂഫ് പടനിലം. യൂത്ത് ലീഗ്  ദേശീയ കമ്മിറ്റിയുടെ കത്വ, ഉന്നാവോ ഫണ്ട്  തിരിമറി സംബന്ധിച്ചു സുപ്രധാന കാര്യങ്ങള്‍ പുറത്തു വന്നിട്ടും മുസ്ലിം ലീഗ് നേതൃത്വം മൗനം പാലിക്കുന്നതിനെതിരെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം അസംതൃപ്തരാണ്.

ആരോപണ വിധേയരുടെ പ്രതികരണം പൊരുത്തക്കേടുകള്‍ നിറഞ്ഞതാണ്. ഈ പ്രതികരണം നടത്തിയ ദേശീയ ജനറല്‍ സെക്രട്ടറി രാജിവെച്ചിട്ടും ഫണ്ട് തട്ടിപ്പില്‍ കാര്യമായ വിശദീകരണം ഉണ്ടായിട്ടില്ല. 39.33 ലക്ഷം പിരിച്ചെന്നും 14 ലക്ഷം അക്കൗണ്ടില്‍ ബാക്കിയുണ്ടെന്നുമാണ് യൂത്ത് ലീഗ് വിശദീകരിച്ചിരുന്നത്. എന്നാല്‍ 1.08 കോടി രൂപ പിരിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍.  കോടിയുടെ കണക്ക് തെളിയിച്ചാല്‍ ഇനാം പ്രഖ്യാപിച്ചവരെല്ലാം മാളത്തില്‍ ഒളിച്ചു.

ഇതിനിടെയാണ് എം എസ് എഫിലും ഗുരുതരമായ ഫണ്ട് തട്ടിപ്പ് വിവാദം പുറത്തു വന്നിരിക്കുന്നത്.  ഉത്തരേന്ത്യയില്‍ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ എന്ന പേരില്‍ എം എസ് എഫ് ദേശീയ കമ്മിറ്റി “നയാ ദിശ നയാ രാഷ്ട്ര” എന്ന മുദ്രാവാക്യമുയര്‍ത്തി ഒരു കുട്ടിക്ക് സ്‌കൂള്‍ കിറ്റിനായി 500 രൂപ എന്ന നിലയില്‍ നടത്തിയ പിരിവിലൂടെ ലക്ഷങ്ങളുടെ തിരിമറി നടന്നതായി പരാതി ഉയര്‍ന്നിട്ടും മുസ്ലിം ലീഗ് നേതൃത്വം ഇക്കാര്യത്തില്‍ ഇടപെടുന്നില്ല.

എം എസ് എഫ് 2018 -19 ല്‍ പള്ളികളിലും പ്രദേശിക തലങ്ങളിലും പിരിവ് നടത്തിയിരുന്നു. എന്നാല്‍ പിരിച്ച പണം ദേശീയ കമ്മറ്റിയുടെ ചെന്നൈയിലുള്ള ഐ ഒ ബി ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാതെ എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലി നിലമ്പൂരിലെ രണ്ട് ആക്‌സിസ് ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. ഇത് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അധികം തുക അക്കൗണ്ടില്‍ സൂക്ഷിച്ചതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പ് നിയമനടപടി ആരംഭിച്ചിട്ടുണ്ട്. 38 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്. വിദേശ യാത്രയ്ക്കും ആഡംബര ജീവിതത്തിനുമാണ് തുക ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.  ഈ പണം മറ്റുപല അക്കൗണ്ടുകളിലേക്കും വകമാറ്റിയതും പുറത്തുവന്നിട്ടുണ്ട്.

കെ എം സി സികള്‍ ഇത്തരം ഫണ്ടുകളിലേക്ക് നല്‍കിയ പണത്തിന്റെ കണക്ക് അവര്‍ ശേഖരിച്ചു വരികയാണ്. പണം കൈകാര്യം ചെയ്തവര്‍ ദൈവത്തോടു മറുപടി പറയട്ടെ എന്നു കരുതുന്നതിനാല്‍ വിശ്വാസികള്‍ പിരിച്ച ഫണ്ടിന്റെ കണക്കു ചോദിക്കാറില്ല. മുമ്പ് കെ ടി ജലീല്‍ ലീഗിലെ ഫണ്ട് തട്ടിപ്പിന്റെ കഥ വെളിപ്പെടുത്തി പുറത്തുപോയപ്പോള്‍ വിശ്വസിക്കാതിരുന്ന വലിയൊരു വിഭാഗം ഇപ്പോള്‍ ഇത്തരം തട്ടിപ്പുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ നേതൃത്വത്തിനെതിരെ രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

Latest