Connect with us

Kerala

തൃശൂര്‍ പൂരം; പൂരം എക്സിബിഷനും സാമ്പിള്‍ വെടിക്കെട്ടും ഒഴിവാക്കി സംഘടിപ്പിക്കാന്‍ തയാറെന്ന് ദേവസ്വങ്ങള്‍

Published

|

Last Updated

തൃശൂര്‍ | കൊവിഡ് പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തൃശൂര്‍ പൂരം നടത്താന്‍ തയാറാണെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. തൃശൂര്‍ പൂരം സംഘടിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളുമായി നടന്ന ചര്‍ച്ചയിലാണ് ദേവസ്വങ്ങള്‍ തീരുമാനമറിയിച്ചത്. പൂരം എക്സിബിഷനും സാമ്പിള്‍ വെടിക്കെട്ടും ഒഴിവാക്കാന്‍ ഇരു ദേവസ്വങ്ങളും യോഗത്തില്‍ സമ്മതമറിയിച്ചിട്ടുണ്ട്. അണിനിരത്താവുന്ന ആനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ബുധനാഴ്ച ചേരുന്ന യോഗത്തിലുണ്ടാകും.

ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേംബറിലാണ് യോഗം നടന്നത്. ഇരു ദേവസ്വങ്ങളുടെയും പ്രതിനിധികള്‍ക്ക് പുറമെ, ആരോഗ്യ, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. നിലവില്‍ നടത്താന്‍ കഴിയുന്ന ചടങ്ങുകളുടെ പട്ടിക ദേവസ്വം അധികൃതര്‍ കലക്ടര്‍ക്ക് കൈമാറി. ഫെബ്രുവരി 27 ന് ആരോഗ്യ, പോലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പൂരപ്പറമ്പ് സന്ദര്‍ശിച്ച്, പങ്കെടുപ്പിക്കാവുന്ന ആളുകളെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും. എന്നാല്‍, പൂരത്തിന് തൊട്ടു മുമ്പുള്ള ദിനങ്ങളിലെ കൊവിഡ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ നിര്‍ദേശിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ പറഞ്ഞു.