Connect with us

Kerala

44,000 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു, 1,57,909 നിയമന ശിപാര്‍ശകള്‍ നല്‍കി; ആരോപണങ്ങളെ കണക്കുകള്‍ നിരത്തി പ്രതിരോധിച്ച് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പി എസ് സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നുവെന്ന ആരോപണത്തെ കണക്കുകള്‍ നിരത്തി നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. പിന്‍വാതില്‍ നിയമന ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നത് കണ്ടുവെന്നും സത്യം വിളിച്ചുപറയുന്ന കണക്കുകളാണ് ഇതിനുള്ള മറുപടിയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ നാലു വര്‍ഷ, ഏഴ് മാസ കാലയളവില്‍ 4,012 റാങ്ക് ലിസ്റ്റുകള്‍ പി എസ് സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ 3,113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത്.

പോലീസില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലയളവില്‍ 13,825 നിയമനങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ 4,791 നിയമനങ്ങളാണ് നടന്നിട്ടുള്ളത്. എല്‍ ഡി ക്ലാര്‍ക്ക് നിയമനത്തില്‍ 2016-20 കാലയളവില്‍ 19,120 പേര്‍ക്ക് നിയമനം നല്‍കി. കൊവിഡ് അടക്കമുള്ള സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ടാണ് ഇത്തരം നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്. 2011-16 കാലയളവില്‍ ഇത് 17,711 ആയിരുന്നു.

ഈ സര്‍ക്കാര്‍ വന്ന ശേഷം 1,57,909 നിയമന ശിപാര്‍ശകളാണ് പി എസ് സി നല്‍കിയിട്ടുള്ളത്. നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല, 27,000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44,000 പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കൂടുതല്‍ നിയമനങ്ങളും നിയമന ശിപാര്‍ശകളും ഈ സര്‍ക്കാര്‍ നടത്തി. സംസ്ഥാനത്തെ ചില പ്രധാനപ്പെട്ട തസ്തികകളില്‍ ഉള്ള താരതമ്യം പരിശോധിച്ചാല്‍ നിയമനങ്ങളിലെ വര്‍ധന വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കണക്കുകളും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. ആദിവാസി മേഖലയില്‍ നിന്ന് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി പോലീസ് സേനയിലേക്കും എക്സൈസ് വകുപ്പിലേക്കും സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം നിയമനം നടത്തിയിട്ടുണ്ട്.

നിലവില്‍ നിയമന ലിസ്റ്റിന്റെ പേരിലുള്ള പ്രതിപക്ഷ സമരം സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികളുടെ താത്പര്യത്തിനു വിരുദ്ധമാണ്. എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തിയ എല്ലാ അപവാദ പ്രചാരണങ്ങളും കുത്സിത നീക്കങ്ങളും പൊളിഞ്ഞപ്പോഴാണ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷം രംഗത്തിറങ്ങിയത്. റാങ്ക് ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും നിയമനം കിട്ടണമെന്നും കാലാവധി കഴിഞ്ഞ ലിസ്റ്റ് പുനരുജ്ജീവിപ്പിച്ച് നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന സമരത്തെ പിന്തുണയ്ക്കാന്‍ ഒരു മുന്‍ മുഖ്യമന്ത്രി തന്നെ രംഗത്തുവന്നത് ആശ്ചര്യകരമാണ്. സമരം ചെയ്യുന്നവര്‍ക്ക് ഉദ്യോഗം ലഭിക്കാന്‍ ആഗ്രഹമുണ്ടാകും. അത് സ്വാഭാവികമാണ്. എന്നാല്‍, ആ സമരത്തെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടം കൊതിക്കുന്ന പ്രതിപക്ഷത്തിന്റെത് കുത്സിതമായ ശ്രമമാണ്.

2020 ജൂണില്‍ കാലാവധി തീര്‍ന്ന സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നാണ് ഉയര്‍ത്തുന്ന ഒരാവശ്യം. കാലഹരണപ്പെട്ട ലിസ്റ്റ് എങ്ങനെ പുനരുജ്ജീവിപ്പിക്കും? അതിന് പറ്റുന്ന ഏതെങ്കിലും നിയമമോ സാധ്യതയോ നാട്ടിലുണ്ടോ? അതറിയാത്തവരാണോ മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെയായി നാടുഭരിച്ചിരുന്ന പ്രതിപക്ഷ നേതാക്കള്‍? അപ്പോള്‍ അതറിയാഞ്ഞിട്ടല്ല. ഉദ്യോഗം മോഹിക്കുന്ന യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക. അതുവഴി രാഷ്ട്രീയ നേട്ടം കൊയ്യുക. അതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സിന്റെ കാര്യത്തില്‍ റാങ്ക്ലിസ്റ്റിന്റെ കാലാവധി ആഗസ്ത് മൂന്നുവരെ നീട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏപ്രില്‍, മെയ് മാസങ്ങളില്‍ റിട്ടയര്‍മെന്റ് മൂലം വരുന്ന ഒഴിവുകളും ഇപ്പോഴത്തെ ലിസ്റ്റിലുള്ളവര്‍ക്ക് ലഭിക്കും.

ഒരു നിശ്ചിത കാലയളവില്‍ ഒഴിവുവരുന്ന തസ്തികകളിലേക്കുള്ള നിയമനത്തിനാണ് പി എസ് സി വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. പരീക്ഷ നടത്തി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവുള്ള തസ്തികയില്‍ നിയമനം നടത്തുന്ന രീതിയാണ് നിലവിലുള്ളത്. ഒരോ വകുപ്പിന്റെയും ആവശ്യകത കണക്കിലെടുത്താണ് തസ്തികകള്‍ സൃഷ്ടിക്കുന്നത്. അത് പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പി എസ് സി ലിസ്റ്റില്‍ നിന്ന് നിയമനം നല്‍കുന്നു. അതായത് വകുപ്പുകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ഒഴിവുകള്‍ ഉണ്ടാകുക. റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാന്‍ തസ്തിക സൃഷ്ടിക്കുക എന്ന രീതിയില്ല.

പി എസ് സി റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ പോലും ദിവസവേതനക്കാരെ നിയമിക്കുന്ന നില കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ അത് തിരുത്തിയത് എല്‍ ഡി എഫ് സര്‍ക്കാരാണ്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ താത്ക്കാലിക ജീവനക്കാരുടെ എണ്ണം 5,910 ആണ്. അതിലൊന്നും വ്യക്തമായ മാനദണ്ഡമുണ്ടായിരുന്നില്ല. രണ്ടു വര്‍ഷമായവരെയടക്കം സ്ഥിരപ്പെടുത്തി. ഇനി നിയമിക്കാന്‍ പോകുന്നവരെ കൂടി സ്ഥിരപ്പെടുത്താന്‍ ഉത്തരവിട്ടു കഴിഞ്ഞിട്ടുണ്ട്. വ്യക്തമായ മാനദണ്ഡത്തോടെ യോഗ്യരായവരെ സ്ഥിരപ്പെടുത്താനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്.

മൂന്നു ലക്ഷം താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്ന പ്രചാരണം യു ഡി എഫ് നേതാക്കള്‍ നടത്തുന്നുണ്ട്. സംസ്ഥാനത്തെ ആകെ ജീവനക്കാരുടെ എണ്ണം 5,28,231 ആണ്. പിന്നെ എവിടെനിന്നാണ് ഇത്തരം കണക്കും കൊണ്ടുവരുന്നതെന്ന് അവര്‍ തന്നെ വ്യക്തമാക്കേണ്ടതാണ്.
റാങ്ക് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും അഡൈ്വസ് ലഭിക്കണം എന്ന വിചിത്രമായ വാദഗതി ചിലര്‍ ഉയര്‍ത്തുന്നത് കണ്ടു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകളുടെ അഞ്ചിരട്ടിയോളം വരും റാങ്ക് ലിസ്റ്റ്. റാങ്ക് ലിസ്റ്റ് കാലാവധിക്കുള്ളില്‍ ലിസ്റ്റിലുള്ള എല്ലാവര്‍ക്കും നിയമനം നല്‍കുന്നത് അസാധ്യമാണ്. പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാര്യത്തില്‍ ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ പ്രകാരമാണ് ഇത്തരം വിപുലമായ റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest