പുനര്‍ജനിക്കുമെന്ന് പറഞ്ഞ് വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ രണ്ട് പെണ്‍കുട്ടികളെ തല്ലിക്കൊന്നു

Posted on: January 25, 2021 4:53 pm | Last updated: January 25, 2021 at 4:53 pm

ഹൈദരാബാദ് | ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ മാതാപിതാക്കള്‍ രണ്ട് പെണ്‍കുട്ടികളെ തല്ലിക്കൊന്നു. പുനര്‍ജനിക്കുമെന്ന് പറഞ്ഞാണ് യുവതികളെ ഡംബല്‍ കൊണ്ട് അടിച്ചുകൊന്നത്. സര്‍ക്കാര്‍ കോളജിലെ വൈസ് പ്രിന്‍സിപ്പലായ വല്ലെരു പുരുഷോത്തം നായിഡു, ഐ ഐ ടി കോച്ചിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പത്മജ എന്നിവരാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ ആകെയുള്ള പെണ്‍കുട്ടികളെ കൊന്നത്.

27കാരിയായ അലേഖ്യ, 23കാരിയായ സായ് ദിവ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭോപ്പാല്‍ ഐ ഐ എഫ് എമ്മിലെ ജോലി രാജിവെച്ച് സിവില്‍ സര്‍വീസ് പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നു അലേഖ്യ. എ ആര്‍ റഹ്മാന്‍ സ്ഥാപനത്തില്‍ സംഗീതം പഠിക്കുകയായിരുന്നു സായ് ദിവ്യ.

ചുവന്ന സാരിയുടുത്ത് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കാണപ്പെട്ടത്. പൂജ നടത്തിയതിന്റെ അടയാളങ്ങളുമുണ്ട്. ലോക്ക്ഡൗണിന്റെ ആരംഭം മുതല്‍ ആരെയും വീട്ടിലേക്ക് ഇവര്‍ കയറ്റിയിരുന്നില്ല.