Connect with us

Kerala

മധ്യേഷ്യക്കു മുകളില്‍ ബി 52 ബോംബര്‍ വിമാനങ്ങള്‍ പറത്തിയ നടപടി; വിരട്ടല്‍ വേണ്ടെന്ന് അമേരിക്കയോട് ഇറാന്‍

Published

|

Last Updated

ടെഹ്‌റാന്‍ | മധ്യേഷ്യക്കു മുകളില്‍ വീണ്ടും ബി 52 ബോംബര്‍ വിമാനങ്ങള്‍ പറത്തിയ അമേരിക്കയുടെ നടപടിയെ അപലപിച്ച് ഇറാന്‍. ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങള്‍ക്കല്ല, സ്വന്തം പൗരന്മാരുടെ ആരോഗ്യ കാര്യങ്ങള്‍ക്കായാണ് അമേരിക്ക സൈനിക ബജറ്റ് തുക വിനിയോഗിക്കേണ്ടതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് പറഞ്ഞു. “200 വര്‍ഷത്തോളമായി ഒരു യുദ്ധവും ഞങ്ങളായിട്ട് തുടങ്ങിയിട്ടില്ല. എന്നാല്‍, കൈയേറ്റക്കാരെ അടിച്ചമര്‍ത്താന്‍ മടിക്കില്ല.”- സാരിഫ് ട്വിറ്ററില്‍ കുറിച്ചു.

സൈനിക വിന്യാസത്തിന്റെ ഭാഗമായാണ് വിമാനങ്ങള്‍ പറത്തിയതെന്നാണ് യു എസ് സെന്‍ട്രല്‍ കമാണ്ടിന്റെ ന്യായീകരണം. പ്രസിഡന്റ് പദവിയിലെ അവസാന നാളുകളില്‍ ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആസൂത്രിതമായ പുതിയ സൈനിക നീക്കങ്ങള്‍ നടന്നത്. ഇറാനെ ഭയപ്പെടുത്തുന്നതിനായി നിരവധി സൈനിക നടപടികളാണ് അടുത്തിടെ യു എസ് സൈന്യം സ്വീകരിച്ചത്. എന്നാല്‍, പ്രകോപനമില്ലാതെ ഇറാനെതിരെ ഒരു നീക്കവും ആസൂത്രണം ചെയ്യുന്നില്ലെന്നാണ് അമേരിക്ക പുറത്തു പറയുന്നത്.

അണുബോംബുകള്‍ ഉള്‍പ്പെടെ 70,000 പൗണ്ട് (32,000 കിലോഗ്രാം) ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങളാണ് അമേരിക്ക മധ്യേഷ്യക്കു മുമ്പില്‍ പറത്തിയത്. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ദീര്‍ഘദൂര മിസൈലുകളും ഡ്രോണുകളും കടലിലും കരയിലുമായി പരീക്ഷിച്ചതിന് പിന്നാലെയായിരുന്നു ഇത്. കുറഞ്ഞ ദിവസങ്ങള്‍ക്കിടെ അഞ്ചാമത്തെ ബി 52 ഓപ്പറേഷനാണ് അമേരിക്ക മധ്യേഷ്യയില്‍ നടത്തിയത്. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതായാണ് യു എസ് സെന്‍ട്രല്‍ കമാണ്ട് പറയുന്നത്.