Connect with us

Editorial

സംസ്ഥാനത്തിന്റെ തൊഴിൽ ശക്തിയിൽ ഇടിവ്

Published

|

Last Updated

ശുഭസൂചകമല്ല സംസ്ഥാനത്തെ തൊഴിൽ മേഖലയെ സംബന്ധിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിലെ വിവരങ്ങൾ. കേരളത്തിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം ഭാവിയിൽ ഇതര സംസ്ഥാനങ്ങളിൽ തൊഴിൽ ചെയ്യുന്നവരേക്കാൾ കുറവായിരിക്കുമെന്നും സംസ്ഥാനത്തെ തൊഴിൽ ശക്തിക്ക് ഇത് തിരിച്ചടി സൃഷ്ടിക്കുമെന്നും വ്യാഴാഴ്ച ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ വെച്ച റിപ്പോർട്ട് വിലയിരുത്തുന്നു. വർധിച്ചു വരുന്ന വിവാഹപ്രായവും കുടുംബാസൂത്രണവും മൂലം കേരളത്തിലെ ജനന നിരക്കിലുണ്ടാകുന്ന ഇടിവിന്റെ വേഗം കൂടുന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ ജനസംഖ്യാ വർധനയുടെ തോത് നിലവിൽ 5.2 ശതമാനമാണ്. ഇത് ഭാവിയിൽ 1.4 ആയി കുറയുമെന്നാണ് കേന്ദ്ര ജനസംഖ്യാ കമ്മീഷൻ റിപ്പോർട്ടിലെ വിലയിരുത്തൽ.
ജനന നിരക്ക് കുറയുമ്പോൾ കുട്ടികളുടെയും യുവാക്കളുടെയും മധ്യവയസ്‌കരുടെയും എണ്ണം കുറയുകയും വയോധികരുടെ എണ്ണം കൂടുകയും ചെയ്യും. ആകെ ജനസംഖ്യയുടെ 21.8 ശതമാനമാണ് ഇപ്പോൾ സംസ്ഥാനത്തെ കുട്ടികളുടെ എണ്ണം. ഭാവിയിൽ ഇത്17.7 ശതമാനം ആകും. 15 -59 പ്രായ പരിധിയിലുള്ള യുവാക്കളുടെയും മധ്യവയസ്‌കരുടെയും എണ്ണം 22.39 ലക്ഷത്തിൽ നിന്ന് 21.97 ലക്ഷമായും കുറയും. 60ന് മുകളിൽ പ്രായമായവരുടെ എണ്ണം നിലവിലെ 50 ലക്ഷത്തിൽ നിന്ന് 84 ലക്ഷമായി ഉയരുകയും ചെയ്യും. തൊഴിൽ ചെയ്യാൻ കഴിയുന്നവരുടെ എണ്ണം കുറയുക, തൊഴിലെടുക്കാത്തവരുടെ എണ്ണം കൂടുക എന്നതാണ് ഇതിന്റെ ഫലം. കുടുംബാസൂത്രണം ഒരു തരത്തിൽ ഗുണകരമെങ്കിലും മനുഷ്യ വിഭവ ശക്തിയിലെ കുറവ് ഉൾപ്പെടെ ഗണ്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അത് നടപ്പാക്കിയ കാലത്ത് പലരും ചൂണ്ടിക്കാട്ടിയതാണ്. ഇത് പുലരുന്നുവെന്നാണ് സംസ്ഥാനത്തെ തൊഴിൽ ശക്തിയിൽ അനുഭവപ്പെടുന്ന തിരിച്ചടി കാണിക്കുന്നത്.

ഇക്കാര്യത്തിലുള്ള ചൈനയുടെ തിക്താനുഭവം നമ്മുടെ മുമ്പിലുണ്ട്. ജനസംഖ്യയിൽ ലോകത്ത് ഒന്നാമതുള്ള ചൈന, ജനസംഖ്യാ വർധന ഭാവിയിൽ രാജ്യത്തിന്റെ സാമ്പത്തിക, ഭക്ഷ്യ, രംഗത്ത് പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന മിഥ്യാധാരണയിൽ 1979 മുതൽ ഒറ്റക്കുട്ടി നയം അടിച്ചേൽപ്പിച്ചു. അതിന് തയ്യാറാകാത്തവരെ നിർബന്ധിച്ചു വന്ധ്യംകരണവും ഗർഭച്ഛിദ്രവും നടത്തി. രാജ്യത്ത് യുവാക്കളുടെ എണ്ണം ക്രമാതീതമായി കുറയുകയും തൊഴിൽ, സാമ്പത്തിക മേഖലയിലും രാജ്യത്തിന്റെ വളർച്ചയിലും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെന്നതായിരുന്നു ഇതിന്റ പരിണതി. അതോടെ ചൈനീസ് ഭരണാധികാരികൾ നയം തിരുത്തുകയും ദമ്പതികൾക്ക് രണ്ട് കുട്ടികൾ വരെ ആകാമെന്നു ഇളവ് വരുത്തുകയും ചെയ്തു. 2017ൽ 1.72 കോടി കുട്ടികളാണ് ചൈനയിൽ ജനിച്ചിരുന്നതെങ്കിൽ 2018ൽ 1.52 കോടിയായും 2019ൽ 1.46 കോടിയായും ഇടിയുകയാണുണ്ടായത്. തൊഴിലെടുക്കുന്നവരുടെ എണ്ണം (16നും 59നും ഇടയിൽ പ്രായമുള്ളവർ) 89.73 കോടിയായിരുന്നു 2018ൽ. 2019ൽ ഇത് 89.64 കോടിയായി കുറഞ്ഞു. തൊഴിലെടുക്കുന്നരുടെ നിരക്ക് ഭാവിയിൽ ഇനിയും കുറയുമെന്നാണ് ജനസംഖ്യാ വിദഗ്ധരുടെ വിലയിരുത്തൽ.

കേരളത്തിൽ കാർഷിക മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നതാണ് സാമ്പത്തികാവലോകന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം. നിലവിൽ 21.3 ലക്ഷം (16.7 ശതമാനം) പേർ മാത്രമാണ് സംസ്ഥാനത്ത് കാർഷിക മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നത്. മൊത്തം തൊഴിലാളികളിൽ അധികവും കാർഷിക മേഖലക്ക് പുറത്തുള്ളവരാണ്. ഭാവിയിൽ ഈ അന്തരം വർധിക്കുകയും കാർഷിക മേഖലയിൽ തൊഴിൽ ചെയ്യാനുള്ള പ്രവണത കുറഞ്ഞുവരികയും ചെയ്യുമെന്നും റിപ്പോർട്ട് ആശങ്ക പ്രകടിപ്പിക്കുന്നു. ചെളിപുരളാതെ കസേരകളിൽ ഇരുന്നു ചെയ്യുന്ന ജോലി മാന്യവും കാർഷക ഭൂമിയിലെ ജോലി അമാന്യവും എന്നൊരു കാഴ്ചപ്പാടാണ് ഇതിനൊരു പ്രധാന കാരണം. അധിനിവേശ കാലത്ത് വെള്ളക്കാർ നടപ്പാക്കിയ വിദ്യാഭ്യാസ രീതിക്ക് ഈ ധാരണയിൽ വലിയൊരു പങ്കുണ്ട്. “ഞാനൊരു കർഷകനായിപ്പോയി, എന്റെ കുട്ടിയെങ്കിലും ഇങ്ങനെയാകരുത്” എന്ന ചിന്താഗതിയാണല്ലോ, ദൈനംദിനം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വകയില്ലാത്തവർ പോലും ഉയർന്ന ഫീസ് നൽകി കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ചേർക്കാൻ പ്രേരകം. കാർഷിക വൃത്തിയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിലേക്കുള്ള വ്യക്തമായൊരു ചൂണ്ടുപലകയാണിത്.

കാർഷിക മേഖലയുടെ വളർച്ച നാടിന്റെ സാമ്പത്തിക മേഖലക്ക് കരുത്തു പകരുന്നുവെന്ന് മാത്രമല്ല, അത്തരം സമ്പദ്‌വ്യവസ്ഥക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുകയും ചെയ്യുന്നു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് മികച്ചൊരു പങ്കായിരുന്നു കാർഷിക മേഖല വഹിച്ചിരുന്നത്. ഇന്നത് ചുരുങ്ങിച്ചുരുങ്ങി വരികയാണ്. 1990-91ൽ സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 26.9 ശതമാനവും കാർഷിക മേഖലയിൽ നിന്നായിരുന്നു. 2011-12ൽ 9.1 ആയി ഇത് കുറഞ്ഞു.

ചലനാത്മകമായ ഒരു കാർഷിക മേഖലയുടെ സാന്നിധ്യമില്ലാതെ ഒരു വികസ്വര രാജ്യത്തിനും നാടിനും സ്വാശ്രിത വളർച്ച കൈവരിക്കാനാകില്ല. നിത്യോപയോഗ സാധനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുകയും അവിടെ നിന്നുള്ള ചരക്കു ലോറികൾ ഒരാഴ്ച പണിമുടക്കിയാൽ അടുക്കളകൾ പണിമുടക്കുകയും ചെയ്യുന്ന കേരളത്തെ പോലുള്ള സംസ്ഥാനങ്ങൾക്ക് പ്രത്യേകിച്ചും കാർഷിക മേഖലയിൽ സാശ്രിതത്വം കൈവരിക്കേണ്ടത് അനിവാര്യമാണ്.

ഡോക്ടർമാരും എൻജിനീയർമാരും സിവിൽ സർവീസ് ഉദ്യോഗസ്ഥരും അധ്യാപകരുമെല്ലാം അനിവാര്യമാണ് നമ്മുടെ നാടിന്. ഇതോടൊപ്പം നാടിന്റെ വളർച്ചക്ക് അത്യാവശ്യമാണ് കർഷക തൊഴിലാളികളെന്നും ഇതും മികച്ച തൊഴിലാണെന്നുമുള്ള ബോധ്യം സമൂഹത്തിൽ സൃഷ്ടിച്ചെടുക്കാൻ സർക്കാറുകൾക്കോ രാഷ്ട്രീയ നേതൃത്വങ്ങൾക്കോ ആയില്ല. സമൂഹത്തിൽ അള്ളിപ്പിടിച്ചു പോയ ഈ ചിന്താഗതി മാറ്റിയെടുക്കുക അത്ര എളുപ്പമല്ല. കാർഷിക വൃത്തിയുടെ അനിവാര്യതയും മറ്റ് ജോലികൾക്ക് തുല്യം മികച്ചൊരു ജോലിയാണിതെന്നുമുള്ളബോധം വിദ്യാലയങ്ങളിലൂടെ വളർന്നുവരുന്ന തലമുറയിൽ രൂഢമൂലമാക്കുകയാണ് ഇതിനുള്ള പ്രായോഗിക മാർഗം. ഇതു കൂടി ഉൾപ്പെടുത്തി നമ്മുടെ പാഠ്യപദ്ധതി പരിഷ്‌കരിക്കേണ്ടതുണ്ട്.

Latest