കേന്ദ്ര സര്‍വകലാശാലകളിലെ ഡിഗ്രിക്ക് ഇനി ഒരു പ്രവേശന പരീക്ഷ

Posted on: December 26, 2020 10:34 am | Last updated: December 26, 2020 at 5:11 pm

ന്യൂഡല്‍ഹി |  രാജ്യത്തെ കേന്ദ്രസര്‍വ്വകലാശാലകളില്‍ ഡിഗ്രിക്ക് പ്രവേശനനത്തിന് ഒറ്റ പ്രവേശന പരീക്ഷ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 2020-21 അധ്യയന വര്‍ഷം പദ്ധതി നടപ്പിലാക്കും. ഇതിനായി ഉയര്‍ന്ന നിലവാരത്തിലുള്ള അഭിരുചി പരീക്ഷ നടത്തുന്നതിനുള്ള നടപടിക്രമം തീരുമാനിക്കാന്‍ ഏഴംഗ വിദഗ്ദ്ധ സമിതി രൂപവത്ക്കരിച്ചു. ദേശിയ ടെസ്റ്റിംഗ് ഏജന്‍സിയാണ് കമ്പ്യുട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ നടത്തുകയെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെ അറിയിച്ചു.

ഒരു മാസത്തിനുള്ളില്‍ വിദഗ്ദ്ധ സമിതി പരീക്ഷ നടത്തിപ്പിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് യു ജി സി ചെയര്‍പേഴ്സണ്‍ ഡി പി സിംഗ് അറിയിച്ചു. പൊതു പരീക്ഷക്കൊപ്പം വിഷയ കേന്ദ്രീകൃത പരീക്ഷയും ഉണ്ടാകും. ഓരോ വര്‍ഷവും രണ്ട് തവണ പ്രവേശന പരീക്ഷ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ 2020 -21 വര്‍ഷത്തില്‍ ഒരു തവണ മാത്രമേ പരീക്ഷ ഉണ്ടാകുകയുള്ളൂ.

വിവിധ കേന്ദ്ര സര്‍വകലാശാലകളില്‍ ഉയര്‍ന്ന കട്ട് ഓഫ് മാര്‍ക്ക് കാരണം വിദ്യാര്‍ഥി പ്രവേശനത്തില്‍ ഉണ്ടാകുന്ന സങ്കീര്‍ണ്ണത ഒറ്റ പ്രവേശന പരീക്ഷയിലൂടെ ഇല്ലാതാകുമെന്ന് കേന്ദ്രം കണക്ക് കൂട്ടുന്നു. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയുന്ന തരത്തിലാകും ഒറ്റ പ്രവേശന പരീക്ഷഎഴുതാനുള്ള മിനിമം മാര്‍ക്ക് നിശ്ചയിക്കുക.