Connect with us

National

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീട്ടുതടങ്കലില്‍

Published

|

Last Updated

ന്യൂഡല്‍ഹി | സമരം ചെയ്യുന്ന കര്‍ഷകരെ സന്ദര്‍ശിച്ചതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പോലീസ് വീട്ടുതടങ്കിലാക്കിയതായി ആം ആദ്മി പാര്‍ട്ടി. ഇന്നലെ ഉച്ച മുതല്‍ അദ്ദേഹവും കുടുംബവും വീട്ടുതടങ്കലിലാണെന്ന് എ എ പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിയുന്നില്ല. വീടിന് പുറത്ത് പോലീസ് കാവല്‍ നില്‍ക്കുകയാണ്. ഫോണ്‍ ഉപയോഗിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്ന് എ എ പി അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഡല്‍ഹി പോലീസ്. വലിയ പ്രത്യാഘാതം ഉണ്ടാക്കുന്ന നടപടിയാണ് ഡല്‍ഹി പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. രാജ്യ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു മുഖ്യമന്ത്രിയെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. വലിയ രാഷ്ട്രീയ പ്രാധാന്യം ഇതിനുണ്ട്. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ ഇടയാക്കിയേക്കാവുന്ന നടപടിയാണ് ഡല്‍ഹി പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. എന്നാല്‍ വീട്ടുതടങ്കല്‍ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലോ, മറ്റോ ഇതുവരെ ഒരു പ്രതികരണം കെജ്രിവാളിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിംഘു അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം കെജ്രിവാള്‍ സന്ദര്‍ശിച്ചിരുന്നു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കുടിവെള്ളം അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് ശേഷം വീട്ടിലെത്തിയ ശേഷമാണ് അദ്ദേഹത്തെ തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.