Connect with us

Ongoing News

രഹസ്യ വാറോലകൾ; അയോഗ്യതയുടെ അനുഭവത്തിൽ എല്ലാവർക്കും വീണ്ടു വിചാരം

Published

|

Last Updated

കോഴിക്കോട് | തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ പൊടിക്കൈകളായി പ്രത്യക്ഷപ്പെടുന്ന വാറോലകൾ സാധാരണമാണ്. ഇത്തരം രഹസ്യ പ്രചാരണ വസ്തുക്കൾ തയ്യാറാക്കുന്നതിനെ ഇപ്പോൾ എല്ലാ മുന്നണികളും ഭയപ്പെടുകയാണ്. അഴീക്കോട് എം എൽ എ. കെ എം ഷാജിയുടെ അയോഗ്യതയാണ് രാഷ്ട്രീയ പ്രവർത്തകരുടെ ആശങ്കക്ക് ഹേതു. എതിർപക്ഷത്തിന് മറുപടി പറയാൻ കഴിയാത്ത വിധം അവസാന മണിക്കൂറുകളിൽ എല്ലാ കാലത്തും രഹസ്യ സ്വഭാവമുള്ള നോട്ടീസുകളും ലഘുലേഖകളും പ്രത്യക്ഷപ്പെടാറുണ്ട്. തയ്യാറാക്കിയവരുടെ പേരും ഊരും ഇല്ലാത്ത ഇത്തരം പ്രചാരണ സാമഗ്രികൾ അവസാന നിമിഷം വോട്ടർമാരെ സ്വാധീനിക്കുന്നതിൽ പങ്കു വഹിക്കുന്നവയാണ്. മതപരവും ജാതീയവുമായ ചേരിതിരിവ് സൃഷ്ടിക്കുന്നവ, വർഗീയത പടർത്തുന്നവ, സ്ഥാനാർഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നവ, എതിർ പക്ഷത്തിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവ തുടങ്ങി നോട്ടീസുകളും മറ്റുമാണ് അവസാന നിമിഷം പ്രചാരണത്തിനെത്തുക.

എന്നാൽ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കുകയും സുപ്രീം കോടതി അയോഗ്യത ശരിവെക്കുകയും ചെയ്തതോടെ ഇത്തരം രഹസ്യ പ്രചാരണ സാമഗ്രികളെ എല്ലാ കക്ഷികളും ഭയപ്പെടുകയാണ്. ഏതു തരം പ്രചാരണ വസ്തുവാണെങ്കിലും നിയമ വിരുദ്ധമെങ്കിൽ അത് ഒടുക്കം സ്ഥാനാർഥിയുടെ അയോഗ്യതക്ക് കാരണമായിത്തീർന്നേക്കാം എന്നതിനാലാണ് പാർട്ടികളെല്ലാം ജാഗ്രത പുലർത്തുന്നത്.

കെ എം ഷാജിയുടെ അയോഗ്യത സുപ്രീം കോടതി ഉപാധികളോടെ സ്റ്റേ ചെയ്‌തെങ്കിലും ഷാജിക്ക് നിയമസഭയിൽ പ്രവേശിക്കാമെന്നല്ലാതെ വോട്ടവകാശവും ശമ്പളവും ആനുകൂല്യവും ലഭിച്ചില്ല. വർഗീയത പറയുന്ന ലഘുലേഖ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ചു എന്നതായിരുന്നു ഷാജിക്കെതിരായ ആരോപണം. വിശ്വാസി അല്ലാത്തവർക്ക് വോട്ടുകൊടുക്കരുതെന്ന് പരാമർശിച്ച് കെ എം ഷാജിക്ക് വേണ്ടി തയ്യാറാക്കിയതെന്ന് കരുതുന്ന നോട്ടീസ് യു ഡി എഫ് പ്രാദേശിക നേതാവിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തുവെന്ന ഹരജിയിലാണ് ഷാജിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്.

എന്നാൽ, പ്രചാരണം പൂർണമായി സാമൂഹിക മാധ്യമങ്ങളിലേക്ക് മാറിയതോടെ ഇത്തരം വർഗീയ, വ്യാജ പ്രചാരണങ്ങൾ അവസാന നിമിഷം സൈബർ ഇടങ്ങളിൽ നടന്നേക്കാമെന്ന ആശങ്ക പാർട്ടികൾക്കുണ്ട്. പാർട്ടിയുടെ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിൽ നിന്നല്ലാതെ പോലും ഇത്തരം പ്രചാരണങ്ങൾ ഉണ്ടായാൽ അതു സ്ഥാനാർഥിക്ക് തിരിച്ചടിയാവും. ഇതിനാൽ പാർട്ടിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം കൈകാര്യം ചെയ്യുന്നവർക്കെല്ലാം പാർട്ടികൾ കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest