Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യഘട്ടം നാളെ, അഞ്ച് ജില്ലകള്‍ വിധിയെഴുതും

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ വിധിയെഴുതും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള വോട്ടെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. 88 ലക്ഷം പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാനായി പോളിംഗ് ബൂത്തിലെത്തുക. തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണമാണ്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കൊട്ടിക്കലാശമില്ലാതെയാണ് പരസ്യ പ്രചാരണം അവസാനിച്ചത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്ന് മുന്നണികള്‍ തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. എന്നാല്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ എല്‍ ഡി എഫും യു ഡി എഫും തമ്മിലുള്ള നേരിട്ടുള്ള അങ്കമാണ്. കൈവശമുള്ള കോര്‍പ്പറേഷനും നാല് മുന്‍സിപ്പാലിറ്റികളും ജില്ലാ പഞ്ചായത്തും നിലനിര്‍ത്തുക ലക്ഷ്യം വച്ചുള്ള സജീവ പ്രചാരണമാണ് എല്‍ ഡി എഫ് നടത്തിയത്. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ ഭരണം നേടുകയെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് യു ഡി എഫ് പ്രചാരണം നടത്തിയത്. തിരുവനന്തപുരം കോര്‍പ്പറേഷനിലും ജില്ലയിലെ പതിനഞ്ച് ഗ്രാമ പഞ്ചായത്തുകളിലും ബി ജെ പി പ്രതീക്ഷ പുലര്‍ത്തുന്നു.

കൊല്ലം ജില്ലയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ആദ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെങ്കിലും വിമതന്മാര്‍ രംഗത്തുള്ളത് യു ഡി എഫിന് തലവേദനയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയം അതേപടി നിലനിര്‍ത്താന്‍ എല്‍ ഡി എഫിന് കഴിയുമോ എന്നത് കണ്ടു തന്നെ അറിയണം. സി പി എമ്മും സി പി ഐയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് കൊല്ലത്ത് മുന്നണിയെ കുഴക്കുന്നത്.

ഇടതു മുന്നണിയില്‍ പ്രവേശിച്ച കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം പത്തനംതിട്ടയിലും ഇടുക്കിയിലും കരുത്ത് തെളിയിക്കുമോ എന്നതും ഉറ്റുനോക്കപ്പെടുന്നു. എല്‍ ഡി എഫ് പ്രവേശത്തിനു ശേഷം ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ ജോസ് വിഭാഗത്തിന് ഇത് നിര്‍ണായകമാണ്. അതേസമയം, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ വിജയം യു ഡി എഫിന്റെ അഭിമാന വിഷയമാണ്. ആലപ്പുഴയില്‍ ഭൂരിഭാഗം മേഖലകളിലും എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികള്‍ തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ്.

Latest