Connect with us

Articles

പടരുന്ന അര്‍ബുദവും ‘ഗുരുജി’ സ്മരണയും

Published

|

Last Updated

ഒരു പേരിലെന്തിരിക്കുന്നുവെന്നത്, വിരുദ്ധാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഷേക്‌സ്പീരിയന്‍ ചോദ്യമാണ്. ഇന്ത്യന്‍ യൂനിയനെപ്പോലൊരു ബഹുസ്വര സമൂഹത്തില്‍ തിരിച്ചറിവിന്റെ അടയാളങ്ങളിലൊന്ന് എന്നതിനപ്പുറത്ത് പലതുമുള്ളതിനാല്‍ ഏറെ പ്രസക്തവും. മതനിരപേക്ഷ ജനാധിപത്യത്തെ ഹിന്ദുത്വ വര്‍ഗീയതകൊണ്ട് ആദേശം ചെയ്യാന്‍ ശ്രമം ഊര്‍ജിതമായി നടക്കുമ്പോള്‍ പ്രത്യേകിച്ചും. 2006ല്‍ യു പി എ സര്‍ക്കാര്‍ സ്വയംഭരണാധികാരമുള്ള സ്ഥാപനമായി പ്രഖ്യാപിച്ച തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ ക്യാമ്പസിന് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ നേതാവായിരുന്ന മാധവ് സദാശിവ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചതാണ് പേരിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള പുതിയ ചര്‍ച്ച തുടങ്ങിവെച്ചിരിക്കുന്നത്.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ കീഴില്‍ തുടങ്ങുന്നത് സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡീസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷനാണ്. അര്‍ബുദവും വൈറസ് ബാധയുമുണ്ടാക്കുന്ന സങ്കീര്‍ണമായ രോഗാവസ്ഥകളെക്കുറിച്ച് ഗവേഷണം നടത്താനുള്ള കേന്ദ്രമെന്ന് ഏകദേശ വിവര്‍ത്തനം. അത്തരമൊരു കേന്ദ്രത്തിന് മാധവ് സദാശിവ് ഗോള്‍വാള്‍ക്കറുടെ പേര് തന്നെയല്ലേ നല്‍കേണ്ടത് എന്നാണ് ആദ്യം ചോദിക്കേണ്ടത്. ഇന്ത്യന്‍ യൂനിയനില്‍ ഹിന്ദുത്വ വര്‍ഗീയതയുടെ അര്‍ബുദം പടര്‍ത്തുന്നതിന് ദാര്‍ശനിക അടിത്തറയുണ്ടാക്കിയ മാന്യദേഹമാണ് സംഘ്പരിവാരം “ഗുരുജി” എന്ന് വിശേഷിപ്പിക്കുന്ന ഗോള്‍വാള്‍ക്കര്‍. രാഷ്ട്ര ശരീരത്തില്‍ അര്‍ബുദം പടര്‍ത്താന്‍ പാകത്തിലേക്ക് സംഘടനയെ വളര്‍ത്തിയതിന്റെ ക്രെഡിറ്റുണ്ട് അദ്ദേഹത്തിന്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വധിക്കപ്പെടുമ്പോള്‍ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സര്‍സംഘ് ചാലക്. ഗാന്ധി വധത്തില്‍ ആര്‍ എസ് എസിനുള്ള പങ്ക് അന്വേഷണങ്ങളില്‍ തെളിയിക്കപ്പെട്ടില്ലെങ്കിലും അംഗത്വ രജിസ്റ്ററില്ലാത്തതുകൊണ്ട് നാഥുറാം ഗോഡ്‌സെ ആര്‍ എസ് എസ് അംഗമല്ലെന്ന് വാദിക്കാമെങ്കിലും ഗാന്ധി വധം നടന്നയുടന്‍ സ്വയംസേവകരും നേതാക്കളും മധുര പലഹാരം വിതരണം ചെയ്തത്, ആ കൃത്യം അവര്‍ക്കുണ്ടാക്കിയ ആനന്ദാതിരേകത്തിന് തെളിവായുണ്ട്. അര്‍ബുദത്തിന്റെ പടര്‍ച്ചക്ക് വിഘാതമെന്ന് അവര്‍ കരുതിയതിനെ വെടിവെച്ചിട്ടതിലായിരുന്നു ആ ആനന്ദാതിരേകം.

ഗാന്ധി വധത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തപ്പെട്ട നിരോധനം ഒഴിവാക്കി ആര്‍ എസ് എസിനെ സാംസ്‌കാരിക സംഘടനയെന്ന മുഖംമൂടിയണിയിച്ച്, വളര്‍ത്തിയെടുക്കുന്നതില്‍ ഗോള്‍വാള്‍ക്കര്‍ വഹിച്ച പങ്ക് ചെറുതല്ലാത്തതാണ്. ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യം ഉറപ്പിക്കുന്നതില്‍, ആ ലക്ഷ്യത്തിലേക്ക് ചരിക്കാന്‍ പാകത്തില്‍ സംഘടനാ രൂപങ്ങളുണ്ടാക്കുന്നതില്‍ ഒക്കെ. ആ അര്‍ബുദം വളര്‍ന്ന്, വൈറസിനെപ്പോലെ പടര്‍ന്ന കാലത്ത് ഇത്തരമൊരു ഇന്‍സ്റ്റിറ്റ്യൂട്ടിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നത് തികച്ചും അന്വര്‍ഥമാണ്.
“”നിശ്ചിതാതിര്‍ത്തികളെ അധികരിച്ചുള്ള ദേശീയതയെന്നാല്‍ ഈ ഭൂഭാഗത്ത് അധിവസിക്കുന്നവരൊക്കെ ചേര്‍ന്നുള്ള ഇന്ത്യയെന്ന രാജ്യം രൂപവത്കരിക്കുക എന്നതാണ്. ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളുമൊക്കെ ദേശവാസികളാണെന്നും അവരൊക്കെ ചേര്‍ന്നാണ് വൈദേശികാധിപത്യത്തിനെതിരായ ശക്തിയാകേണ്ടത് എന്നും സ്ഥാപിച്ചെടുക്കാനുള്ള ശ്രമം നിരന്തരം നടക്കുന്നുണ്ട്”” – വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ എഴുതിയത് ഇങ്ങനെയാണ്. ഹിന്ദുക്കളൊഴികെയുള്ളവര്‍ ചേരുന്ന രാജ്യമോ ദേശീയതയോ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ എല്ലാ വിഭാഗങ്ങളെയും അണിനിരത്തി, ബ്രിട്ടീഷ് അധിനിവേശത്തെ ചെറുക്കുന്നതിന്റെ ഭാഗമായുമില്ല. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ അതിനെ അംഗീകരിക്കാന്‍ പോലും മടികാണിച്ച ഈ “മഹത്” വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കേണ്ട ഉത്തരവാദിത്വമുണ്ട് നരേന്ദ്ര മോദി സര്‍ക്കാറിന്. പൗരത്വ നിയമ ഭേദഗതിയിലൂടെയും ദേശീയ പൗരത്വ പട്ടികയിലൂടെയും ഇത് നിങ്ങളുടെ രാജ്യമല്ലെന്ന് ന്യൂനപക്ഷ വിഭാഗങ്ങളെ ഓര്‍മിപ്പിക്കുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും. അതിനുള്ള പൊടിക്കൈകളിലൊന്നാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയുടെ പുതിയ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിട്ടത്.

2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിറകെ, രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരുന്ന പല പദ്ധതികളുടെയും പേര് മാറ്റിയിരുന്നു. ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരാണ് പല പദ്ധതികള്‍ക്കും നല്‍കിയത്. അതിന് പിറകെ, ആര്‍ എസ് എസിന്റെ പാതയാണ് കോണ്‍ഗ്രസ് പിന്തുടരേണ്ടത് എന്ന ആഗ്രഹം മനസ്സില്‍ കൊണ്ടുനടന്നിരുന്നുവെങ്കിലും മരണം വരെ കോണ്‍ഗ്രസുകാരനായി തുടര്‍ന്ന സര്‍ദാര്‍ പട്ടേലിനെ അദ്ദേഹത്തിന്റെ യഥാര്‍ഥ സ്വത്വത്തില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമം നടന്നു. മതനിരപേക്ഷ നിലപാടില്‍ വിട്ടുവീഴ്ചയില്ലാതിരുന്ന രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനേക്കാള്‍ വലിയ, കരുത്തുറ്റ നേതാവായി പട്ടേലിനെ ചിത്രീകരിക്കുകയായിരുന്നു ഉദ്ദേശ്യം. അതേതാണ്ട് ഭംഗിയായി നടപ്പാക്കിയെന്ന് പറയണം. സഹോദരിക്കും മരുമകള്‍ക്കുമൊപ്പമൊക്കെയുള്ള നെഹ്‌റുവിന്റെ ചിത്രം ദുഷ്ടലാക്കോടെ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താനും മടികാണിച്ചില്ല ഇക്കൂട്ടര്‍. ഇതിനിടെ ഗോഡ്‌സെക്ക് ക്ഷേത്രം പണിയാനും മറ്റും സംഘ ബന്ധമുള്ള സംഘടനകള്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു. അത്തരം നീക്കങ്ങളുടെ തുടര്‍ച്ചയായി വേണം തിരുവനന്തപുരത്തെ പുതിയ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കിയത്.

സര്‍ദാര്‍ പട്ടേലും ദീന്‍ ദയാല്‍ ഉപാധ്യായയും കഴിഞ്ഞു. ഇനിയങ്ങോട്ട് ഗോള്‍വാള്‍ക്കറാണെന്ന് പ്രഖ്യാപിക്കുകയാണ് ഹിന്ദുത്വ തീവ്രവാദം. ഗോള്‍വാള്‍ക്കറാണെന്ന് പറഞ്ഞാല്‍ ആ വിചാരധാരയാണെന്നാണ് അര്‍ഥം. അതിന് തുടക്കമിടാന്‍, സംഘ്പരിവാരത്തിന് ഇപ്പോഴും വേരോട്ടം കുറഞ്ഞ കേരളം തിരഞ്ഞെടുത്തതും പ്രധാനമാണ്. ഉയരാനിടയുള്ള എതിര്‍പ്പിന്റെ വലുപ്പം അറിയാം. എതിര്‍പ്പുകള്‍ ഹിന്ദുക്കള്‍ക്കെതിരാണെന്ന വ്യാഖ്യാനം ചമച്ച് ഹിന്ദുത്വ തീവ്രവാദത്തിന്റെ വേരുകള്‍ കൂടുതല്‍ ആഴ്ത്താന്‍ ശ്രമിക്കാം. അതാണ് യഥാര്‍ഥ പദ്ധതി. ജവഹര്‍ലാല്‍ നെഹ്‌റു വള്ളം തുഴച്ചിലുകാരനായത് കൊണ്ടാണോ വള്ളംകളിക്ക് നെഹ്‌റു ട്രോഫി എന്ന് പേരിട്ടത് എന്ന് ചോദിച്ച്, അതുപോലെയേയുള്ളൂ ഇതുമെന്ന് ലഘൂകരിക്കുന്നത് യഥാര്‍ഥ അജന്‍ഡയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്. നെഹ്‌റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയുമൊക്കെ പേര് പല പദ്ധതികള്‍ക്കും നല്‍കിയപ്പോഴുണ്ടാകാതിരുന്ന എതിര്‍പ്പ് “യഥാര്‍ഥ ഹിന്ദു”വിന്റെ പേര് നല്‍കിയപ്പോഴുയരുന്നുവെന്ന് വിലപിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും.

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്ത് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പാര്‍ട്ടി നേതാവിന്റെ പേരിടുന്ന പതിവ് തുടങ്ങിയത് കോണ്‍ഗ്രസാണ്. എല്ലാ പദ്ധതികളും കോണ്‍ഗ്രസ് ഭരണത്തിലിരിക്കെ നല്‍കിയ ഔദാര്യമാണെന്ന് ജനത്തെ ബോധ്യപ്പെടുത്തുക എന്ന ലജ്ജയില്ലാത്ത രാഷ്ട്രീയം. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാനങ്ങള്‍ നടപ്പാക്കുമ്പോഴും കോണ്‍ഗ്രസ് നേതാക്കളുടെ പേര് നില്‍ക്കും. സംസ്ഥാനം ഏത് പാര്‍ട്ടി ഭരിച്ചാലും പദ്ധതിയുടെ പേരുകൊണ്ടുള്ള ഗുണം കോണ്‍ഗ്രസ് പാര്‍ട്ടിക്ക്. എങ്കിലും ആ നേതാക്കള്‍ ഈ രാജ്യത്തിന് വേണ്ടി ചിലതൊക്കെ ചെയ്തവരാണെന്ന് ആശ്വസിക്കാമായിരുന്നു. അധികാരത്തിനായി ഹിന്ദുത്വ കാര്‍ഡ് കളിച്ച്, ഹിന്ദുത്വ വര്‍ഗീയതക്ക് വഴിയൊരുക്കിയെങ്കിലും മുഴു വര്‍ഗീയതയുടെ വക്താക്കളായിരുന്നില്ലെന്നും. അതേമാര്‍ഗം സംഘ്പരിവാരം ഉപയോഗിക്കുമ്പോള്‍ (കോണ്‍ഗ്രസുപയോഗിച്ച വഴികളാണ് തീവ്ര ഹിന്ദുത്വം എതാണ്ടെല്ലായിടത്തും ഉപയോഗിക്കുന്നത് എന്നത് യാദൃച്ഛികതയല്ല) അതിന് പിറകില്‍ കൃത്യമായ അജന്‍ഡയുണ്ട്. പുതിയ തലമുറയുടെ മുന്നില്‍ ഗോള്‍വാള്‍ക്കറൊരു മഹാനായിരുന്നുവെന്ന് ചിത്രീകരിച്ച്, ചരിത്രത്തെ മറയ്ക്കുക എന്ന അജന്‍ഡ.

ഇനിയങ്ങോട്ട്, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളൊക്കെ ഗോള്‍വാള്‍ക്കറുടെ പേരിലുള്ള പദ്ധതികളുമായി രംഗത്തുവരും. ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരില്‍ പദ്ധതികളുണ്ടായത് പോലെ. ബ്രിട്ടീഷ് ഭരണകൂടത്തിന് പലകുറി മാപ്പെഴുതിക്കൊടുത്ത് ജയില്‍ മോചിതനായ “വീര” സവര്‍ക്കറുടെ ചിത്രം സ്വാതന്ത്ര്യ സമര പോരാളിയെന്ന പേരില്‍ പാര്‍ലിമെന്റില്‍ അനാച്ഛാദനം ചെയ്തതിന് പിറകെ ആ ദേഹം സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി. ആര്‍ എസ് എസ് സ്ഥാപകനായ ഹെഡ്‌ഗേവാറും ദീന്‍ദയാല്‍ ഉപാധ്യായയും ശ്യാമപ്രസാദ് മുഖര്‍ജിയും നാനാജി ദേശ്മുഖുമൊക്കെ പഠന വിഷയമാകണമെന്നാണ് ആര്‍ എസ് എസിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും ഇംഗിതം. ഇവരെക്കുറിച്ച് തയ്യാറാക്കിയ ചെറു പുസ്തകം ഉത്തര്‍ പ്രദേശിലെ സ്‌കൂളുകളില്‍ വിതരണം ചെയ്തത് അടുത്തിടെയാണ്. ഗോള്‍വാള്‍ക്കറും വിചാരധാരയും പാഠ്യവിഷയമാകുന്ന കാലം വിദൂരമല്ലെന്ന് തന്നെ കരുതണം. അതിന്റെയൊക്കെ കേളികൊട്ടാണ് ഇവിടെ തിരുവനന്തപുരത്ത് അരങ്ങേറുന്നത്. വൈറസിന്റെ വേഗം പ്രാപിച്ച് അര്‍ബുദം പടരുമ്പോള്‍ ആചാര്യ സ്മരണ പ്രധാനമാണ്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്