Connect with us

Business

ഇ- കൊമേഴ്സ് വിപുലീകരിക്കാൻ ലുലു; യു എ ഇയിലെ ആദ്യ സെൻ്റർ അബുദാബിയിൽ

Published

|

Last Updated

അബുദാബി | ഇ- കൊമേഴ്സ് വിപണിയിൽ പ്രവർത്തനം വിപുലമാക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. യു എ ഇയിലെ  ആദ്യത്തെ ഇ- കൊമേഴ്സ് ഫുൾഫിൽമെൻ്റ് സെൻ്റർ    അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ സോൺസ്കോർപ് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ അസീസ് ബവാസീർ ആണ്  സെൻ്റർ ഉദ്ഘാടനം ചെയ്തത്.

ഓൺലൈനിൽ വഴി ലഭിക്കുന്ന ഓർഡറുകൾ കൂടുതൽ വേഗത്തിലും കാര്യക്ഷമവുമായി പൂർത്തീകരിക്കുന്നതിനുള്ള കേന്ദ്രമായാണ് അബുദാബി ഐക്കാഡ് സിറ്റിയിലുള്ള  സെൻ്റർ പ്രവർത്തിക്കുക.

ഏറ്റവും ആധുനിക സൗകര്യങ്ങളോടെയാണ് ലോജിസ്റ്റിക് സെൻ്റർ നിർമ്മിച്ചിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള ഷോപ്പിംഗ് അനുഭവം സാധ്യമാക്കുന്നതാണ് ലുലുവിൻ്റെ ഓൺലൈൻ പോർട്ടൽ. ഭക്ഷ്യവസ്തുക്കൾ, പാലുത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫാഷൻ തുടങ്ങി ആവശ്യമുള്ള ഏത് സാധനങ്ങളും പോർട്ടലിൽ ലഭ്യമാണ്. ഇത് ഏറ്റവും സുരക്ഷിതവും  വൃത്തിയുള്ളതുമായ  സാഹചര്യത്തിൽ വീട്ടുമുറ്റത്തെത്തിക്കാൻ പ്രത്യേകം രൂപകല്പന ചെയ്ത വാഹനങ്ങളുടെ നീണ്ട നിരതന്നെ ലുലു ഒരുക്കിയിട്ടുണ്ട്.

ഒരു പുതിയ യുഗത്തിലേക്കുള്ള തുടക്കമാണിതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു.  ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ സേവനങ്ങൾ പെട്ടെന്ന് തന്നെ ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് പ്രത്യേകമായ ലോജിസ്റ്റിക് സെൻ്റർ ആരംഭിച്ചത്.  ഭാവി പദ്ധതികളിലേക്കുള്ള നിർണായകമായ ഇ- കൊമേഴ്സ് സെൻ്റർ  കൂടുതൽ രാജ്യങ്ങളിൽ വ്യാപിപ്പിക്കും.  യു എ ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇ- കൊമേഴ്സ് പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നുണ്ടെന്നും  യൂസഫലി കൂട്ടിച്ചേർത്തു.

www.luluhypermarket.com എന്ന വെബ്സൈറ്റ് വഴിയോ  ലുലു ഷോപ്പിംഗ്  ആപ്പ് വഴിയോ ഉപഭോക്താക്കൾക്ക് ഓൺലൈനിൽ  ഷോപ്പിംഗ്  നടത്താവുന്നതാണ്. ഏറ്റവും സുരക്ഷിതമായ ക്രഡിറ്റ് – ഡെബിറ്റ് കാർഡ് വഴിയാണ് പണമടക്കേണ്ടത്.
ലുലു ഗ്രൂപ്പ് സി ഇ ഒ സൈഫീ രൂപാവല, എക്സിക്യൂട്ടീവ് ഡയറക്ടർ അശ്റഫ് അലി എം എ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Latest