Connect with us

Articles

ചോദ്യം മതേതര പാർട്ടികളോടാണ്

Published

|

Last Updated

കാലമിത്രയും നാൾ ബാബരി പുനർനിർമിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു ഇന്ത്യയിലെ മതനിരപേക്ഷ വിശ്വാസികൾക്ക്. അതില്ലാതായതിന് ശേഷമുള്ള ആദ്യത്തെ ബാബരി ദിനമാണിന്ന്. ചരിത്രത്തിലെ ഏറ്റവും അസംബന്ധവും അന്യായവുമായ വിധിയിലൂടെ ബാബരിയുടെ മണ്ണ് മുസ്‌ലിംകളിൽ നിന്ന് പറിച്ചെടുക്കപ്പെട്ടു. ബാബരി മസ്ജിദ് തകർക്കപ്പെട്ട അതേ സ്ഥലത്ത് രാമക്ഷേത്രം നിർമിക്കാനുള്ള കർമങ്ങളും തന്ത്രങ്ങളും സർക്കാർ ചെലവിൽ നിർവഹിക്കപ്പെട്ടു. പള്ളി തകർത്തവർക്ക് സമാധാനപ്രിയരെന്ന അനുമോദനത്തോടെ കുറ്റവിമുക്തിയും നൽകി.

പള്ളി തകർക്കപ്പെട്ട അതേസ്ഥലത്തിനി പള്ളി ഉയരില്ല എന്ന നിരാശ കനക്കുന്നതിനൊപ്പം, 1992 ഡിസംബർ ആറിന് തകർന്ന് മണ്ണിൽ കുമിഞ്ഞ ഇന്ത്യയിലെ മതനിരപേക്ഷതയുടെയും ആഴത്തിൽ മുറിവേറ്റ മുസ്‌ലിംകളുടെ ആത്മാഭിമാനത്തിന്റെയും കണക്കുകൾ കൂടി ഭാരമായി ഈ രാജ്യത്തിന് മുകളിലുണ്ട്. നാനൂറ് വർഷക്കാലം ഭൂതലത്തിൽ ഉയർന്നു നിന്ന മുസ്‌ലിം ആരാധനാലയം, ഐതിഹ്യങ്ങളിൽ പോലും അവ്യക്തമായ ഏതോ അതിശയോക്തിയിലുള്ള ഹിന്ദു ദേവാലയം, ഇവ രണ്ടും എങ്ങനെയാണ് ഇന്ത്യയുടെ രാഷ്ട്രീയ വ്യവഹാരങ്ങളെ മാറ്റിയത് എന്ന ചർച്ച മതനിരപേക്ഷത നിലനിൽക്കുന്ന, അതേസമയം വർഗീയ രാഷ്ട്രീയം മുതലെടുപ്പിനൊരുങ്ങുന്ന എല്ലാ ഇടത്തിലേക്കും കാലത്തിലേക്കും പ്രസക്തമായിരിക്കും.

“വിഭജിച്ചു ഭരിക്കുക” എന്ന ബ്രിട്ടീഷ് കൊളോണിയൽ നയത്തിന്റെ പിശാചാണ് ഇപ്പോഴും ഈ നാടിനെ നരകത്തിലെ മരുഭൂമിയെന്നോണം ഊഷരമാക്കുന്നത്. കൊളോണിയൽ അടിമത്തത്തിനെതിരായ ദേശീയ സമരങ്ങൾക്ക് വിള്ളലുണ്ടാക്കാൻ ബ്രിട്ടീഷുകാർക്ക് തോന്നിയ കുബുദ്ധിയാണ് ഹിന്ദു- മുസ്‌ലിം ലഹളകൾ. അതിനുള്ള വഴികളെല്ലാം അവർ വെട്ടി. ചരിത്രരചനയിൽ, കാനേഷുമാരിയിൽ, നിയമനിർമാണ സഭകളിൽ, മണ്ഡലങ്ങളിൽ, വേഷത്തിലും ഭക്ഷണത്തിലും ഭാഷയിലും എന്നുതുടങ്ങി എല്ലാത്തിലും അവർ മത ദ്രുവീകരണത്തിന്റെ വിത്തുകൾ പാകി. പലതിന്റെയും ഫലം അവർ കൊയ്തുകൊണ്ടിരുന്നു; ശാപം നമുക്കും ബാക്കിയായി. ബ്രിട്ടീഷുകാർ വിതച്ചുപോയ, എന്നാൽ വിഭജനത്തിന് ശേഷം ഇന്ത്യയെ ഏറ്റവും ആഴത്തിൽ ബാധിച്ച ഏറ്റവും വിഷമുള്ള വിത്തായിരുന്നു അയോധ്യയിലെ മന്ദിർ- മസ്ജിദ് തർക്കം.

1949 ഡിസംബർ 23ന് പള്ളിക്കകത്തേക്ക് രാമവിഗ്രഹം ഒളിച്ചുകടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വതന്ത്ര ഭാരതത്തിൽ ബാബരി പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. പള്ളിക്കകത്ത് ശ്രീരാമ വിഗ്രഹം “സ്വയം ഭൂവായിരിക്കുന്നു” എന്നും വലിയ സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്നും അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനോട് പറഞ്ഞപ്പോൾ, മര്യാദ പുരുഷോത്തം രാമന്റെ ആ വിഗ്രഹം സരയൂ നദിയിലൊഴുക്കൂ എന്നായിരുന്നു മറുപടി. പക്ഷേ, വിഗ്രഹം ഇളക്കപ്പെട്ടില്ല; അതേസമയം തർക്ക സ്ഥാനം എന്ന നിലക്ക് പള്ളി അടച്ചിടാൻ വിധിയായി. പിന്നീട് കോടതികളിലേക്ക് പരാതികളുടെ, അവകാശ വാദങ്ങളുടെ പരമ്പര. 1983ൽ വിശ്വഹിന്ദു പരിഷത്ത് ദേശവ്യാപക രാമക്ഷേത്ര നിർമാണ ക്യാന്പയിൻ ആരംഭിച്ചുകൊണ്ട് ഇനി ഭാവിയിൽ വരാൻ പോകുന്ന രാഷ്ട്രീയ നീക്കങ്ങളുടെ ഗതി കാണിച്ചു.

1986 ഫെബ്രുവരി ഒന്നിന് ഹരിശങ്കർ ദുബേയുടെ ഹരജിയിൽ ഹിന്ദു വിശ്വാസികൾക്ക് ദർശനത്തിന് വേണ്ടി ബാബരി മസ്ജിദ് തുറന്നുകൊടുക്കാൻ വിധിയായി. മുസ്‌ലിംകൾ ഒരു പള്ളിസംരക്ഷണ ആക്്ഷൻ കമ്മിറ്റി രൂപവത്കരിക്കുന്നത് അപ്പോഴാണ്.
ഇന്ദിരാ ഗാന്ധിക്ക് ശേഷം രാഷ്ട്രീയത്തിൽ മുൻപരിചയങ്ങളില്ലാത്ത രാജീവ് ഗാന്ധിയുടെ വരവോടെ പതുക്കെ പലയിടത്തും കോൺഗ്രസിന് പാളിത്തുടങ്ങിയിരുന്നു. രാജീവ് ഗാന്ധി തനിക്ക് ചുറ്റുമുള്ളവരുടെ ഉപദേശങ്ങൾക്കൊത്ത് നീങ്ങി. വി എച്ച് പി ബാബരി മസ്ജിദിൽ ക്ഷേത്രത്തിന്റെ ശിലാന്യാസം നടത്തി. രാജീവ് ഗാന്ധി തന്റെ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യാൻ അയോധ്യ തന്നെ തിരഞ്ഞെടുത്തു. കോൺഗ്രസ് “നല്ല ഹിന്ദു പാർട്ടി”യാകാൻ ശ്രമിച്ചപ്പോൾ കോൺഗ്രസ് ഇതര സർക്കാർ അധികാരത്തിൽ വന്നു. വി പി സിംഗ് മുഖ്യമന്ത്രി.

അതിനിടക്ക് ഗുജറാത്തിലെ സോമനാഥിൽ നിന്ന് തുടങ്ങിയ അഡ്വാനിയുടെ രഥയാത്ര ചെല്ലുന്നിടത്തൊക്കെ വിഷം വിതച്ചു. “പള്ളി തള്ളി വീഴ്ത്താനും, അമ്പലം അവിടെ തന്നെ പണിയാനു”മുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങിക്കൊണ്ടിരുന്നു. ബീഹാറിൽ ലാലു പ്രസാദ് യാദവ് രഥയാത്ര തടഞ്ഞ് അദ്വാനിയെ പൂട്ടി. ശേഷം വന്ന പൊതുതിരഞ്ഞെടുപ്പിൽ ബി ജെ പി മുഖ്യ പ്രതിപക്ഷം- 120 സീറ്റ്. ഭരണം കോൺഗ്രസ് നേടിയത് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടയിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന്റെ സഹതാപം കൊണ്ടാകണം. ഉത്തർ പ്രദേശിലും ഭരണമാറ്റം സംഭവിച്ചു- കല്യാൺ സിംഗിന്റെ ബി ജെ പി സർക്കാർ.

1992 ഡിസംബർ ആറിന് നേരത്തേ തീരുമാനിച്ചുറപ്പിച്ചതു പ്രകാരം നവംബർ ഒടുവിൽ തന്നെ അയോധ്യയിൽ സംഘടിച്ചു തുടങ്ങിയ കർസേവകർ ബാബരി മസ്ജിദ് തകർത്ത് നിലം പരിശാക്കി. ലോകം നടുങ്ങിയ ആ സംഭവത്തോടെ മതേതര ഇന്ത്യയുടെ തല കുനിഞ്ഞു. അന്നത്തെ പ്രധാന മന്ത്രി നരസിംഹ റാവുവിന്റെ മൗനം ഉത്തർ പ്രദേശ് മുഖ്യമന്ത്രി കല്യാൺ സിംഗിന്റെ സർവസമ്മതത്തോളം തന്നെ പ്രതിക്കൂട്ടിലായി. പള്ളി തകർക്കുമ്പോൾ അണികൾക്ക് ആവേശം നൽകി അഡ്വാനിയും അശോക് സിംഗാളും മുരളി മനോഹർ ജോഷിയും ഉമാ ഭാരതിയുമൊക്കെ അവിടെ തന്നെയുണ്ടായിരുന്നു. എന്നിട്ടും കോടതി അവരെ വെറുതെ വിട്ടു. പള്ളി പൊളിക്കുമെന്ന് അവർ അറിഞ്ഞിരുന്നില്ലത്രെ. പോരാത്തതിന് അവർ പൊളിക്കരുതെന്ന് കർസേവകരോട് അപേക്ഷിക്കുയായിരുന്നുപോൽ.

“പള്ളി പൊളിക്കാനാണ് അവരുടെ തീരുമാനമെങ്കിൽ ഞാൻ ആ കവാടത്തിൽ ചെന്നു നിൽക്കും. എന്നെ വകവരുത്തിയിട്ടേ അവർക്ക് എന്തെങ്കിലും ചെയ്യാനാകൂ” എന്ന് രാജീവ് ഗാന്ധി തന്റെ വീഴച്ചകളെ പറ്റി സോണിയാ ഗാന്ധിയോട് നിരാശപ്പെട്ടിരുന്നത്രെ. ഇത് രാഹുൽ ഗാന്ധി തന്നെ പറഞ്ഞതായി ശശി തരൂർ എഴുതിയത് ഈ അടുത്താണ്. പക്ഷേ, പള്ളി ശിലാന്യാസത്തിന് തുറന്നുകൊടുക്കാനുള്ള ഫൈസാബാദ് മജിസ്ട്രേറ്റിന്റെ ഉത്തരവ് നടപ്പിലാക്കിയ തന്റെ തീരുമാനം കോൺഗ്രസിന്റെയും ഈ രാജ്യത്തിന്റെയും തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയായി എന്നത് രാജീവ് ഗാന്ധി കാണാത്ത ക്രൂരമായ സത്യമാണ്. കാരണം, മുസ്‌ലിം രാഷ്ട്രീയം കൂടുതൽ ദുർബലമായി. ആരെ വിശ്വസിക്കും എന്ന ചോദ്യം സമുദായത്തിന്റെ രാഷ്ട്രീയത്തെ ഭയപ്പെടുത്തി. ഇന്ത്യയിലെ മുസ്‌ലിംകളായിരിക്കുന്നതിൽ അഭിമാനം കണ്ടെത്തിയവരാണ് വിഭജന ശേഷവും ഇന്ത്യയിൽ അവശേഷിച്ച മുസ്‌ലിംകളെന്ന ചരിത്ര യാഥാർഥ്യം തമസ്‌കരിക്കപ്പെടുംപോലെ മുസ്‌ലിംകൾ അരികുവത്കരിക്കപ്പെട്ടു. അപരവത്കരണം ഇന്ത്യയിൽ ശക്തിയായി; മുസ്‌ലിംകൾ അതിന്റെ എഴുന്നേറ്റുനിൽക്കാൻ കെൽപ്പില്ലാത്ത ഇരകളും.

ബാബരി ധ്വംസനത്തോടെ അധികാരത്തിലേക്കുള്ള സംഘ്പരിവാറിന്റെ കാര്യങ്ങൾ എളുപ്പമായിത്തുടങ്ങി. 1996ൽ പതിമൂന്ന് ദിവസവും 1998ൽ 13 മാസവും എ ബി വാജ്പയി ഇന്ത്യയുടെ പ്രധാന മന്ത്രിയായി. 1999ൽ ബി ജെ പിയുടെ എൻ ഡി എ സഖ്യം അധികാരത്തിൽ വന്നു അഞ്ച് വർഷം തികച്ചു. എല്ലാ കാലത്തും രാമക്ഷേത്ര നിർമാണം മുഖ്യ തിരഞ്ഞെടുപ്പ് വാഗ്ദാനമായി.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെയും അതുവരെ നടന്ന വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളിലും രാമക്ഷേത്ര നിർമാണം ബി ജെ പിക്ക് അനുകൂലമായ വിധികളുമുണ്ടാക്കി. 2004ലെ “ഇന്ത്യ തിളങ്ങുന്നു” എന്ന വാജ്പയിയുടെ മുദ്രാവാക്യം മാത്രം പരാജയപ്പെട്ടു. 2019 നവംബറിലെ സുപ്രീം കോടതി വിധി മസ്ജിദുണ്ടായിരുന്നിടത്ത് ക്ഷേത്രം പണിയാനും പള്ളിക്ക് വേറെ അഞ്ചേക്കർ ഭൂമി നൽകാനുമായിരുന്നല്ലോ. ഇതോടെ പതിറ്റാണ്ടുകൾ നീണ്ട മന്ദിർ- മസ്ജിദ് രാഷ്ട്രീയത്തിന് വിരാമമാകുമെന്ന് കോൺഗ്രസ് അടക്കമുള്ളവർ നിഷ്‌കളങ്കപ്പെട്ടു.
പക്ഷേ, ഇതിനിയും തീർന്നിട്ടില്ലെന്ന് ഇപ്പോഴും നമ്മൾ കാണുന്നു. ക്ഷേത്ര നിർമാണത്തെ ചൊല്ലി കോൺഗ്രസിൽ തന്നെ രണ്ടഭിപ്രായങ്ങളുണ്ടാകുന്നു. രാമക്ഷേത്ര രാഷ്ട്രീയം ബി ജെ പിക്ക് ഇനിയും നേട്ടങ്ങളുണ്ടാക്കുന്നു എന്ന സത്യത്തോട് കോൺഗ്രസ് എങ്ങനെ പ്രതികരിക്കണമെന്ന് പോലും നിശ്ചയമില്ലാതെ ഉഴലുന്നതിനാലാണ് കമൽനാഥിനും ഗെഹ്്ലോട്ടിനും ക്ഷേത്ര നിർമാണത്തിന് കല്ലു കയറ്റേണ്ടി വരുന്നത്. അയോധ്യയിലെ ക്ഷേത്ര നിർമാണം കൊണ്ട് തീരുന്നതല്ല ഇന്ത്യയിലെ മന്ദിർ- മസ്ജിദ് രാഷ്ട്രീയമെന്ന് തെളിയിക്കുന്നതാണ് മഥുരയിലെ മസ്ജിദ് ഈദ്ഗാഹിനെ ചുറ്റിപ്പറ്റി ഇപ്പോൾ ഉയർത്തുന്ന വിവാദങ്ങൾ എന്നുകൂടി ഓർക്കണം.
ദാരിദ്ര്യം, തൊഴിലില്ലായ്മ, അതിർത്തി പ്രശ്‌നങ്ങൾ, കർഷക ദ്രോഹ ബില്ലുകൾ, ന്യൂനപക്ഷ-ദളിത് പീഡനങ്ങൾ, താറുമാറായ സാമ്പത്തിക ആരോഗ്യ മേഖലകൾ എന്നിങ്ങനെയുള്ള ജീവൽ പ്രശ്‌നങ്ങളൊന്നും ബാധിക്കാത്തവരുടെ വോട്ട് കൊണ്ട് ഇന്ത്യയിൽ ജനാധിപത്യം സംഘ്പരിവാറിന് അധികാരത്തിലേക്ക് വഴി തുറക്കുമെന്ന് വ്യക്തമാണ്. അത്തരക്കാർക്ക് പള്ളികളിനിയും പൊളിക്കപ്പെട്ടാൽ മതി. നഗരങ്ങളുടെ മുസ്‌ലിം ചുവയുള്ള പേരുകൾ മാറ്റിയാലും മതി. അവർക്ക് ലൗ ജിഹാദ് എന്ന അസംബന്ധത്തിനെതിരെ നിയമം വരേണ്ടതേയുള്ളൂ. അയോധ്യയിൽ രാമജന്മഭൂമി എന്ന പേരിൽ ക്ഷേത്രങ്ങൾ അനവധിയുണ്ട്. എന്നിട്ടും ബാബരി മസ്ജിദ് ഇരിക്കുന്നിടത്താണ് രാമൻ ജനിച്ചതെന്ന സംഘ്പരിവാർ നുണ രാജ്യം മുഴുവൻ വിറ്റുപോയതുപോലെ മഥുരയിൽ കൃഷ്ണ ജന്മഭൂമി സംബന്ധിച്ച വാദങ്ങൾ നന്നായി വിളയും. ചാർമിനാറിന് ചുവട്ടിൽ ക്ഷേത്രം ഉയരുന്നതും നമ്മൾ വൈകാതെ കാണും. ഹൈദരാബാദും മാറുന്നുണ്ടെന്നല്ലേ കോർപറേഷൻ തിരഞ്ഞെടുപ്പ് ഫലം വിളിച്ചോതുന്നത്.

ഇന്ത്യയുടെ മതനിരപേക്ഷ രാഷ്ട്രീയം തകർന്നതുപോലെ ഇന്ത്യയിലെ മുസ്‌ലിംകളുടെ ഭാഗധേയത്വം തിരസ്‌കരിക്കപ്പെടുക കൂടി ചെയ്തതാണ് ബാബരിയുടെ തകർച്ച എന്നിരിക്കെ, തകർത്തവരോട് തിരുത്ത് ചോദിക്കുന്നത് മൗഢ്യമാണ്. പകരം, തിരുത്തേണ്ടതും തിരിച്ചുവരേണ്ടതും തകരാൻ പ്രത്യക്ഷമായോ പരോക്ഷമായോ കാരണക്കാരായ ഇന്ത്യയിലെ മുഖ്യധാരാ മതേതര പാർട്ടികളാണ്. മതം തിരിച്ചുള്ള വോട്ട് ബേങ്ക് അവഗണിച്ചും എന്നാൽ അരികുവത്കരിക്കപ്പെട്ടവരുടെ ഭാഗധേയത്വം ഉറപ്പാക്കിയും പുതിയൊരു രാഷ്ട്രീയ വ്യവഹാരം ഉയർത്തിക്കൊണ്ടുവരാതെ ഇനി ജനാധിപത്യ-മതേതരത്വ ഇന്ത്യ ഉണ്ടാകില്ല.

വർഗീയ രാഷ്ട്രീയത്തിന് വർഗീയ രാഷ്ട്രീയം കൊണ്ട് മറുപടി പറയുക സാധ്യമല്ല. സർവനാശമാണ് ലക്ഷ്യമെങ്കിൽ അതാകാമായിരുന്നു. എന്നാൽ പുനർനിർമിക്കലാണ് വേണ്ടത്. അങ്ങനെയെങ്കിൽ പുലർന്നുകാണേണ്ട മൂല്യങ്ങളാകണം ബദൽ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യം. എന്നാൽ കാലമിത്രയും ഈ രാജ്യം ഇവിടുത്തെ മുസ്‌ലിംകളോട് ചെയ്തുപോന്ന നീതികേട് മാറ്റാൻ ഉത്തരവാദപ്പെട്ടവർക്ക് ബോധോദയം വരുന്നതും കാത്ത് ഇരിക്കുന്നത് ആത്മഹത്യാപരമാവും.
പകരം, അവരെ അങ്ങോട്ട് ചെന്ന് ഉണർത്തുകയാണ് അതിജീവനത്തിന് ഉത്തമം; അതിജയിക്കാനും.

Latest