Connect with us

Kerala

സ്വകാര്യ ചാനലിന്റെ ഭരണത്തുടര്‍ച്ചാ സര്‍വേ ആസൂത്രിതം; രാഷ്ട്രീയ അന്തരീക്ഷം തകിടം മറിക്കാന്‍ യു ഡി എഫും ബി ജെ പിയും ഒന്നിക്കുന്നു- പിണറായി വിജയന്‍

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷത്തോളമുണ്ടായിരിക്കെ, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്തെ സ്വകാര്യ ചാനല്‍ നടത്തിയ ഭരണത്തുടര്‍ച്ചാ സര്‍വേ തികച്ചും ആസൂത്രിതമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ ഡി എഫ് സംഘടിപ്പിച്ച വെബ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍വേ പുറത്തുവന്നതിന് ശേഷം സര്‍ക്കാറിനെതിരെ ആസൂത്രിത നീക്കമാണുണ്ടായത്. രാഷ്ട്രീയ അന്തരീക്ഷം തകിടംമറിക്കാന്‍ യു ഡി എഫും ബി ജെ പിയും ഒന്നിക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. കേരളത്തിന്റെ യശസ്സ് തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ അവിശുദ്ധ കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടിന്റെ താത്പര്യം സംരക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികളും ഇടപെടുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫും ബിജെപിയും തമ്മില്‍ രഹസ്യവും പരസ്യവുമായ ധാരണയുണ്ട്. സര്‍ക്കാരിനെതിരെ കെട്ടിച്ചമക്കുന്ന ആരോപണങ്ങള്‍, വഴിവിട്ടു നീങ്ങുന്ന കേന്ദ്ര ഏജന്‍സികളെ ന്യായീകരിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ബി ജെ പിക്കും യു ഡി എഫിനും ഒരേ സ്വരമാണ്. ഒരു ഭിന്നതയും അവര്‍ തമ്മിലില്ല. യു ഡി എഫ് നേതാക്കളിലൊരാള്‍പോലും ബി ജെ പിയെ വിമര്‍ശിക്കുന്നത് കേള്‍ക്കാനില്ല. അത്ര വലിയ ആത്മബന്ധത്തിലാണവര്‍. കേരളത്തില്‍ യു ഡി എഫിന്റെ ബാന്ധവം ബി ജെ പിയുമായി മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയുമായും പരസ്യബന്ധമുണ്ട്. ഇതിന് നേതൃത്വം കൊടുത്തത് മുസ്ലീം ലീഗാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇതിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Latest