Connect with us

Kottayam

ഈ വാർഡുകളിൽ സ്ഥാനാർഥികളില്ലാത്തത് കെ പി സി സി പ്രസിഡന്റിന് പോലും അറിയില്ല

Published

|

Last Updated

കോട്ടയം | തദ്ദേശ തിരഞ്ഞെടുപ്പിൽ നൂറ് ശതമാനം വിജയം നേടുമെന്ന് അവകാശപ്പെടുമ്പോഴും ചില വാർഡുകളിൽ സ്ഥാനാർഥികളെ നിർത്താൻ മറന്ന് യു ഡി എഫ്. കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി നഗരസഭയിലെ മൂന്നാം വാർഡിലും അയ്മനം പഞ്ചായത്തിലെ ഏഴാം വാർഡിലുമാണ് യു ഡി എഫിന് സ്ഥാനാർഥികൾ ഇല്ലാത്തത്.

എന്നാൽ ഈ മേഖലകളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടില്ലെന്ന കാര്യം കെ പി സി സി പ്രസിഡന്റ് പോലും അറിഞ്ഞില്ലെന്നതാണ് തമാശ. മത്സര രംഗത്ത് സ്ഥാനാർഥിയെ നിർത്താത്തത് സംബന്ധിച്ച് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിക്കാത്തത് നാണക്കേടായി മാറിയിരിക്കുകയാണ്.
കോൺഗ്രസിനുള്ളിലെ ഭിന്നതയാണ് ഈ വാർഡുകളിൽ സ്ഥാനാർഥികൾ ഇല്ലാത്തതിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്.

ചങ്ങനാശ്ശേരി നഗരസഭയിൽ ആറ്, 35, 36 വാർഡുകളിലാണ് സ്ഥാനാർഥികൾ ഇല്ലാത്തത്. ആറ്, 35 വാർഡുകൾ ജനറൽ വാർഡുകളും 36 വനിതാ വാർഡുമാണ്.
ആറാം വാർഡ് കോൺഗ്രസ് ചങ്ങനാശ്ശേരി ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ പരിധിയിലും 35,36 വാർഡുകൾ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ പരിധിയിലുമാണ്. രണ്ട് മണ്ഡലങ്ങളിലെയും പ്രസിഡന്റുമാർ ഇത്തവണ മത്സരിക്കുന്നുണ്ട്.
ഇവർ സ്വന്തം സീറ്റ് ഉറപ്പിക്കുന്ന നെട്ടോട്ടത്തിനിടയിൽ ഈ വാർഡുകളിലെ കാര്യം വിട്ടുപോയെന്ന് കോൺഗ്രസിലെ എതിർഗ്രൂപ്പ് ആരോപിക്കുന്നു. ആറാം വാർഡായ മോർകുളങ്ങരയിൽ വിജയം ഉറപ്പില്ലാത്തതിനാൽ ആരും സന്നദ്ധരായില്ല. കഴിഞ്ഞ തവണ കൗൺസിലർ ആയിരുന്ന യുവാവിനോട് മത്സരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഒഴിഞ്ഞു മാറി. പകരം ആളെ കണ്ടെത്തിയുമില്ല.

വാർഡുകളിൽ സ്ഥാനാർഥിയെ നിർത്താതിരുന്നത് ഒത്തുകളിയെന്നാണ്് ആക്ഷേപം. അയ്മനത്ത് ഏഴാം വാർഡിൽ കോൺഗ്രസ് എ-ഐ ഗ്രൂപ്പ് തമ്മിൽത്തല്ലാണ് സ്ഥാനാർഥി ഇല്ലാത്തതിന് കാരണം.
അതേസമയം, യു ഡി എഫ് സ്ഥാനാർഥികളെ പല സ്ഥലത്തും പ്രഖ്യാപിക്കാത്തത് ബി ജെ പിയുമായുള്ള കൂട്ടുകെട്ടാണ് വ്യക്തമാക്കുന്നതെന്ന് ഇടത് നേതൃത്വം ആരോപിച്ചു.

കെ പി സി സി സർക്കുലർ പ്രകാരം ഓരോ വാർഡിലും വാർഡ് കമ്മിറ്റികൾ കൂടി മത്സരിക്കാനുള്ളവരെ നിർദേശിക്കണം. ബ്ലോക്ക് ഉപസമിതിയുടെ സാന്നിധ്യത്തിലാണ് ഈ യോഗം ചേരേണ്ടത്. എന്നാൽ ഈ നടപടികളും ഈ വാർഡുകളിൽ ഉണ്ടായില്ല.

Latest