Connect with us

Ongoing News

കൊവിഡ് വർധിക്കുമെന്ന് ആശങ്ക: കേരളത്തിനെ കാത്തിരിക്കുന്നത് അമേരിക്കൻ അനുഭവമോ?

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ടാകുമെന്ന ആശങ്ക പങ്കുവെച്ച് ഡോക്ടർമാർ. പ്രചാരണ രംഗത്ത് പ്രകടമാവുന്ന ജാഗ്രതക്കുറവാണ് ഈ ആശങ്കക്ക് അടിസ്ഥാനമെന്ന് ആരോഗ്യ വിദഗ്ധൻ ഡോ. സുൽഫി നൂഹു സിറാജിനോട് പറഞ്ഞു.
അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ തിരഞ്ഞെടുപ്പിന് ശേഷം വൻകുതിച്ചുകയറ്റമാണുണ്ടായത്. ജാഗ്രത കൈവിട്ടാൽ കേരളത്തിലും ഈ സ്ഥിതി വിശേഷമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറയുന്നു. വീടുകൾ കയറിയിറങ്ങി പ്രചാരണം നടത്തുന്ന സ്ഥാനാർഥികളും പ്രവർത്തകരും കൂടുതൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് മെഡിക്കൽ വിഭാഗത്തിന്റെ ആശങ്ക വിരൽചൂണ്ടുന്നത്. കൃത്യമായി മാസ്‌കുകൾ ധരിക്കുന്നതിലും ശാരീരിക അകലം പാലിക്കുന്നതിലും സ്ഥാനാർഥികളും പ്രവർത്തകരും പലയിടത്തും വീഴ്ച വരുത്തുന്നതായുള്ള ആക്ഷേപം ശക്തമാണ്. സ്ഥാനാർഥികൾ പരസ്പരം കൈ പിടിക്കുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കണമെന്ന നിർദേശം പലയിടത്തും പാലിക്കപ്പെടുന്നില്ല. ജാഗ്രതക്കുറവ് വരുത്തുന്ന സ്ഥാനാർഥികളുടെ സ്ഥാനാർഥിത്വം റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്നാണ് ആരോഗ്യ മേഖലയിലെ പ്രമുഖരുടെ അഭിപ്രായം. കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാത്ത സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യില്ലെന്ന ഉറച്ച നിലപാടെടുക്കാൻ വോട്ടർമാർ തയ്യാറാകണമെന്നും ഇവർ പറയുന്നു.

ജാഗ്രത കൈവിട്ടാൽ തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കയിലുണ്ടായത് പോലുള്ള സ്ഥിതിവിശേഷം കേരളത്തിലുമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് ഡോ. പി ഗോപകുമാറും പറയുന്നു. സംസ്ഥാനത്ത് അഞ്ച് ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ ഇതിന്റെ ഇരുപതിരട്ടി പേർക്ക് രോഗം വന്നുപോയിട്ടുണ്ടാകാമെന്നാണ് വിദഗ്ധരുടെ പക്ഷം. ജനുവരി 30ന് ആദ്യ രോഗം സ്ഥിരീകരിച്ച കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 500 കടന്നത് മൂന്ന് മാസം പിന്നിട്ട് മെയ് ആദ്യവാരമാണ്. സെപ്തംബർ 11നായിരുന്നു രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലെത്തിയത്.

ഇതിന് ശേഷം രണ്ട് മാസം കൊണ്ട് നാല് ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും 25ലേറെ പേരുടെ മരണമാണ് ഓരോ ദിവസവും ഔദ്യോഗിക കണക്കിൽ വരുന്നത്. എന്നാൽ, അനൗദ്യോ ഗിക കണക്കുകളിൽ ഇതിന്റെ ഇരട്ടിയിലേറെയാണ് മരണം. രോഗ മുക്തി നേടിയ ശേഷവും ഗുരുതരാവസ്ഥയിലേക്കും മരണത്തിലേക്കും നീങ്ങുന്നവരുടെ എണ്ണം ആശങ്കക്കിടയാക്കുന്നു. രോഗവ്യാപനം കുറഞ്ഞുവരുന്നുണ്ടെങ്കിലും മരണ നിരക്കിൽ കാര്യമായ കുറവുണ്ടായിട്ടില്ല. പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടും പ്രതിദിന മരണം ശരാശരി ഇപ്പോഴും 20ന് മുകളിലാണ്.

സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ മരണം ഉണ്ടായത് ആഗസ്റ്റ് രണ്ടിനാണ്. അന്ന് ഒരു മരണമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി കണക്ക് 24 മരണം എന്നതാണ്. ആകെ മരണ നിരക്കാകട്ടെ 0.37 ശതമാനം ആണ്. ഒക്ടോബറിലുണ്ടായ മരണം 742 ആണ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും മരണ നിരക്കിൽ കാര്യമായ കുറവുണ്ടായിട്ടില്ല. സംസ്ഥാനത്ത് ഞായറാഴ്ച വരെ റിപ്പോർട്ട് ചെയ്തത് 2,223 മരണങ്ങളാണ്. രോഗവ്യാപനത്തിലെ കുറവ് മരണനിരക്കിൽ പ്രതിഫലിച്ച് തുടങ്ങാൻ സമയമെടുക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.