Connect with us

Gulf

ഐ സി എഫ് ദേശീയദിനാഘോഷ പരിപാടി ഇന്ന്

Published

|

Last Updated

അബുദാബി | യു എ ഇയുടെ 49ാ മത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഐ സി എഫ് സംഘടിപ്പിക്കുന്ന നാഷണല്‍ ഡേ പരിപാടി ഇന്ന് നടക്കും. സിറാജ് ദിനപത്രത്തിന്റെ സഹകരണത്തോടെയാണ് പരിപാടികൾ.

ജന്മനാടിനോടൊപ്പം അന്നം തരുന്ന നാടിനോടുമുള്ള സ്നേഹപ്രകടനത്തിൻറെ ഭാഗമാണ് യു എ ഇ ദേശീയദിനാഘോഷത്തിൽ ഐ സി എഫ് പങ്കാളികളാകുന്നതെന്ന് നേതാക്കൾ അറിയിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടികളെന്ന് നേതാക്കൾ വിശദീകരിച്ചു.

യുഎഇ സമയം വൈകീട്ട് 5.45ന് ആരംഭിക്കുന്ന പരിപാടി സൂം ആപ്പിലാണ് നടക്കുക. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സിറാജ് ചെയർമാനുമായ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാരുടെ അധ്യക്ഷതയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ഇന്ത്യയിലെ യു എ ഇ അംബാസിഡർ ഡോ. അഹ്്മദ് അബ്ദുര്‍റഹ്്മാൻ അൽ ബന്ന, ലുലു ഗ്രൂപ്പ് മധാവി പദ്മശ്രീ എം എ യൂസുഫലി തുടങ്ങിയവർ പങ്കെടുക്കും.

കേരള മുസ്ലിം ജമാഅത്ത്, ഐ സി എഫ് ഗൾഫ് കൗൺസിൽ നേതാക്കൾക്ക് പുറമെ യു എ ഇയിലെയും കേരളത്തിലെയും സാമൂഹിക സാംസ്‌കാരിക നായകന്മാരും സ്ഥാപന സാരഥികളും പ്രാസ്ഥാനിക നേതാക്കളും സംബന്ധിക്കും. യുഎഇയുടെ പരമ്പരാഗത സാംസ്‌കാരിക, കലാപരിപാടികളും നടക്കുമെന്ന് നേതാക്കൾ അറിയിച്ചു. വിവരങ്ങൾക്ക്: 055-4395126

Latest