Connect with us

Editorial

ഫ്രാന്‍സിലെ വര്‍ണവെറി കാണൂ

Published

|

Last Updated

കൊവിഡ് 19 വൈറസിനോളം അപകടകാരിയായ മഹാമാരിയെന്നാണ് വര്‍ണ വിവേചനത്തെക്കുറിച്ച് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അടുത്തിടെ അഭിപ്രായപ്പെട്ടത്. അമേരിക്കയിലെ മിനിയാപോളിസില്‍ ആഫ്രിക്കന്‍ – അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയ്ഡ് പോലീസ് പീഡനത്തില്‍ മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി യു എന്നില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം, ആധുനിക സമൂഹം ഇല്ലായ്മ ചെയ്യേണ്ട പ്ലേഗാണ് വര്‍ണ വിവേചനമെന്ന് പ്രസംഗിച്ചത്. വര്‍ണ വിവേചനവും മാനസിക പീഡനവും തടയാന്‍ കൃത്യമായ നിയമങ്ങള്‍ യു എന്നിലുണ്ട്. എന്നാല്‍, വംശീയമായ പക്ഷപാതവും വിവേചനവും ഇല്ലാതാക്കുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുകയാണെന്നും ഇത് നിര്‍മാര്‍ജനം ചെയ്യാന്‍ ഇനിയും ചര്‍ച്ചകളും നിയമ നിര്‍മാണങ്ങളും ആവശ്യമാണെന്നും ഗുട്ടറസ് അന്ന് ഓര്‍മപ്പെടുത്തിയിരുന്നു.

ഇന്ത്യ, അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങി ജനാധിപത്യ രാജ്യങ്ങളിലടക്കം വര്‍ണ, വംശീയ വിവേചനം രൂക്ഷമാണ്. ഫ്രാന്‍സില്‍ ഇപ്പോള്‍ വര്‍ണ വിവേചനവുമായി ബന്ധപ്പെട്ട പ്രക്ഷോഭം ആളിപ്പടര്‍ന്നു കൊണ്ടിരിക്കുന്നു. കറുത്ത വര്‍ഗക്കാരനും സംഗീത സംവിധായകനുമായ മൈക്കല്‍ സെക്ടറെ പാരീസില്‍ പോലീസ് മര്‍ദിച്ചതാണ് സംഭവത്തിന്റെ തുടക്കം. മര്‍ദനം കാണാനിടയായ ചിലര്‍ രംഗം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചു. ഭരണകൂടമാകട്ടെ പോലീസിന്റെ വര്‍ണവെറിക്കെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം, പോലീസിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമം കൊണ്ടുവരികയാണ് ചെയ്തത്. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ അവര്‍ക്ക് “മാനസികമോ ശാരീരികമോ ആയി ബുദ്ധിമുട്ടു”ണ്ടാക്കുന്ന രീതിയില്‍ പങ്കിടുന്നത് ഒരു വര്‍ഷം വരെ തടവും 45,000 യൂറോ പിഴയും ചുമത്താകുന്ന കുറ്റമാക്കുന്നതാണ് പുതിയ നിയമം. ഓണ്‍ലൈന്‍ ദുരുപയോഗത്തില്‍ നിന്ന് പോലീസിന് സംരക്ഷണം നല്‍കാനാണ് നിയമ നിര്‍മാണമെന്നാണ് സര്‍ക്കാര്‍ ന്യായീകരണം. തുടര്‍ന്ന് ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ അടിസ്ഥാന സ്വഭാവമായ പൊതു സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പുതിയ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര രംഗത്തിറങ്ങിയിരിക്കുകയാണ് ജനങ്ങള്‍. കൊവിഡ് മഹാമാരിയെ അവഗണിച്ച് പതിനായിരക്കണക്കിനാളുകളാണ് ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. കറുത്ത വര്‍ഗക്കാര്‍ക്കെതിരെയും അറബ് വംശജര്‍ക്കെതിരെയും പോലീസ് അടക്കമുള്ള ഭരണ സംവിധാനങ്ങളില്‍ കടുത്ത വംശീയ വിവേചനം നിലനില്‍ക്കുന്നതായി പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളെ പോലെ ഫ്രാന്‍സിലും പ്രകടമാണ് സര്‍വ രംഗത്തും വര്‍ണ, വംശീയ വിവേചനം. ഉന്നത രാഷ്ട്രീയ നേതാക്കള്‍ പോലും ഇതിനിരയാകുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ കറുത്ത വര്‍ഗക്കാരനായ എം പിയെ ഒരു ഫ്രഞ്ച് മാസിക അടിമയായി ചിത്രീകരിച്ചത് വന്‍ വിവാദമായതാണ്. ഇടത് എം പിയായ ഡാനിയല്‍ ഒബാനോയെയാണ് തീവ്ര വലതുപക്ഷ ചായ്‌വുള്ള മാസിക ചങ്ങലകൊണ്ട് ബന്ധിച്ച് കഴുത്തില്‍ ഇരുമ്പ് വടവുമണിഞ്ഞ് നില്‍ക്കുന്ന രീതിയില്‍ ചിത്രീകരിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടക്കം ഇതിനെ അപലപിച്ച് രംഗത്തുവന്നു. ലോക ഫുട്‌ബോളിലെ കരുത്തരെന്നറിയപ്പെടുന്ന ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിന്റെ കരുത്ത് ആഫ്രിക്കന്‍ താരങ്ങളാണ്. ഫ്രാന്‍സിലേക്ക് ലോക കപ്പ് എത്തിക്കുന്നതില്‍ ഇവര്‍ വഹിച്ച പങ്ക് അനിഷേധ്യമാണ്. എന്നാല്‍ രാജ്യത്തിന്റെ അഭിമാനമായ ആഫ്രിക്കന്‍ വംശജരായ സ്‌പോര്‍ട്‌സ് താരങ്ങള്‍ പോലും പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് വര്‍ണവെറിയും വംശീയ അധിക്ഷേപവും. ഫുട്‌ബോളിലെ വംശവെറിക്കെതിരെ പ്രവര്‍ത്തിക്കുന്ന കിക്ക് ഈറ്റ് ഔട്ട് എന്ന ബ്രിട്ടീഷ് സംഘടനയുടെ കണക്ക് പ്രകാരം കഴിഞ്ഞ സീസണില്‍ യൂറോപ്യന്‍ ഫുട്‌ബോളിലെ വിവേചന സംഭവങ്ങളുടെ എണ്ണത്തില്‍ 32 ശതമാനം വര്‍ധനവുണ്ടായി. വംശീയ വിവേചനം മാത്രം കണക്കിലെടുത്താല്‍ വിവേചനം 43 ശതമാനം വരും. 2018-19 സീസണില്‍ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ നിന്ന് 422 വിവേചന അധിക്ഷേപങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കറുത്തവര്‍ക്കെതിരായ പോലീസ് അതിക്രമവും പ്രതിഷേധ സമരങ്ങളും ഫ്രാന്‍സില്‍ പതിവ് സംഭവമാണ്. 2017 ഫെബ്രുവരിയില്‍ തിയോ എന്ന കറുത്ത വര്‍ഗക്കാരന് നിഷ്ഠൂരമായ പോലീസ് മര്‍ദനമേല്‍ക്കേണ്ടി വന്നതിനെ തുടര്‍ന്ന് വ്യാപകമായ പ്രക്ഷോഭം അരങ്ങേറിയിരുന്നു. കാര്യമായും വിദ്യാര്‍ഥികളാണ് അന്ന് സമരമുഖത്തുണ്ടായിരുന്നത്. രാജ്യത്ത് നിന്ന് വര്‍ണ വിവേചനവും വംശീയ വെറിയും തുടച്ചു മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പോലീസില്‍ നിന്നും ഭരണ സംവിധാനത്തില്‍ നിന്നും ഉത്തരവാദിത്വവും സുതാര്യതയുമാണ് ഫ്രാന്‍സിലെ കറുത്തവരും യൂറോപ്യേതരരും വിശിഷ്യാ അറബ് വംശജരും ആവശ്യപ്പെടുന്നത്. പോലീസ് അതിക്രമത്തിനിരയായി കൊല്ലപ്പെട്ടവരുടെ നിരവധി കുടുംബങ്ങള്‍ നീതിക്കായി കാത്തിരിക്കുന്നു രാജ്യത്ത്. തൊഴിലില്ലായ്മ കറുത്ത വര്‍ഗക്കാരില്‍ രൂക്ഷമാണ്. തൊഴിലുള്ളവരാകട്ടെ കുറഞ്ഞ വരുമാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയും ചെയ്യുന്നു.
തങ്ങളുടേതല്ലാത്ത എല്ലാ സംസ്‌കാരങ്ങളോടും ഫ്രഞ്ച് ജനതയും ആധുനിക യൂറോപ്യന്‍ രാജ്യങ്ങളും ഹിംസാത്മക നിലപാടാണ് സ്വീകരിക്കുന്നത്. പര്‍ദയും ശിരോവസ്ത്രവും നിരോധിച്ചതിന്റെയും മുസ്‌ലിം പള്ളികള്‍ അക്രമിക്കപ്പെടുന്നതിന്റെയും അറബ് വംശജര്‍ ഫ്രാന്‍സ് വിട്ടു പുറത്തു പോകണമെന്ന വലതുപക്ഷത്തിന്റെ മുറവിളിയുടെയും പിന്നിലെ വികാരം ഇതാണ്. യൂറോപ്യന്‍ വംശജരുടെ വിശിഷ്യാ അധികാര വര്‍ഗമായ വെളുത്തവരുടെ സംസ്‌കാരങ്ങളും സങ്കല്‍പ്പങ്ങളും മാത്രമാണ് അവര്‍ക്കു സ്വീകാര്യം. മറ്റെല്ലാം അവരുടെ കണ്ണില്‍ രണ്ടാം തരവും അസ്വീകാര്യവുമാണ്. ഒരു കാലത്ത് ജൂത വംശജരായിരുന്നു യൂറോപ്പിന്റെ വംശീയ വിവേചനത്തിനും അപരവത്കരണത്തിനും ഇരയായതെങ്കില്‍ ഇന്ന് കറുത്ത വര്‍ഗക്കാരും അറബ് വംശജരുമാണ് ഇരകള്‍. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവുമായിരുന്നു 1789-1799കളിലെ ഫ്രഞ്ച് വിപ്ലവ വേദികളില്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യമെങ്കില്‍ ആധുനിക ഫ്രാന്‍സ് ആ അടിസ്ഥാന തത്വങ്ങളെ പാടേ മറന്നിരിക്കുന്നു. യു എന്‍ സെക്രട്ടറി ജനറല്‍ അഭിപ്രായപ്പെട്ടതു പോലെ ഐക്യരാഷ്ട്ര സഭയില്‍ ചര്‍ച്ച ചെയ്തതുകൊണ്ട് ഇല്ലാതാക്കാവുന്നതല്ല ഈ പ്രവണത. യൂറോപ്യന്‍ മനസ്സുകളെ ബാധിച്ച സാംസ്‌കാരിക ജീര്‍ണത ചികിത്സിച്ചു ഭേദമാക്കുന്നതിലൂടെ മാത്രമേ ഇത് പരിഹരിക്കാനാകൂ.

Latest