Connect with us

Kannur

കണ്ണൂർ കോർപറേഷനിൽ യു ഡി എഫ് വിമതപ്പേടിയിൽ

Published

|

Last Updated

കണ്ണൂർ | 150 വർഷത്തോളം പഴക്കമുള്ള കണ്ണൂർ നഗരസഭയുടെ ചരിത്രം എന്നും കോൺഗ്രസിന്റേതായിരുന്നു. ചുരുക്കം കാലമൊഴിച്ച് ഭരണം യു ഡി എഫിനായിരുന്നു. കോർപറേഷനായി കണ്ണൂർ ഉയർത്തപ്പെട്ടപ്പോൾ ഭരണം തങ്ങൾക്ക് തന്നെയാകുമെന്നതിൽ യു ഡി എഫിന് സംശയമൊന്നുമുണ്ടായിരുന്നില്ല.
2015 ലെ തദ്ദേശ തിരഞ്ഞെടുപ്പ് കണ്ണൂർ കോർപറേഷന്റെ കന്നിയങ്കമായിരുന്നു. തിരഞ്ഞെടുപ്പിൽ ഇരു മുന്നണികൾക്കും തുല്യ സീറ്റ് ലഭിച്ചതോടെ വിജയിച്ച ഒരേയൊരു കോൺഗ്രസ് വിമതൻ നിർണായകമായി. ഭരണം യു ഡി എഫിന് കൈവിട്ടു പോകുകയും ചെയ്തു. അങ്ങനെ ആദ്യത്തെ നാല് വർഷത്തോളം വിമതന്റെ പിന്തുണയിൽ എൽ ഡി എഫ് ഭരിച്ചു. ഒടുവിൽ ഒരു വർഷം ബാക്കി നിൽക്കെ വിമതൻ കോൺഗ്രസിൽ തിരിച്ചെത്തുകയും ഭരണം യു ഡി എഫിന്റെ കൈയിലെത്തുകയും ചെയ്തു.

കോർപറേഷനിൽ ഇത്തവണയും യു ഡി എഫ് വിമതപ്പേടിയിലാണ്. 2015 ആവർത്തിക്കാതിരിക്കാൻ മുന്നൊരുക്കങ്ങളിൽ യു ഡി എഫ് ജാഗ്രതയോടെയാണ് കാര്യങ്ങൾ നീക്കിയത്. സ്ഥാനാർഥി നിർണയത്തിൽ വിമതർ തലപ്പൊക്കാതിരിക്കാനുള്ള ശ്രദ്ധയും നൽകി. എന്നാൽ ചില സ്ഥാനാർഥികളെ കുറിച്ച് പരാതി ഉയരുകയും ചിലർക്ക് സീറ്റ് ലഭിക്കാതിരിക്കുകയും ചെയ്തതോടെ ഇത്തവണയും കോൺഗ്രസും യു ഡി എഫും ആശങ്കയിലാണ്.
കോൺഗ്രസുകാരായ നാല് പേർ വിമതരായി രംഗത്തുണ്ട്. ഇതിൽ മൂന്നിടങ്ങളിൽ കോൺഗ്രസും ഒരിടത്ത് ലീഗുമാണ് മത്സരിക്കുന്നത്. ചില പ്രമുഖർക്ക് സീറ്റ് നൽകാത്തത് ലീഗിലും അമർഷമുണ്ടാക്കിയിട്ടുണ്ട്. തായത്തെരു, തെക്കീബസാർ, കാനത്തൂർ, ചാലാട് എന്നിവിടങ്ങളിലാണ് വിമതരുള്ളത്. കാനത്തൂർ വാർഡിൽ ഔദ്യോഗിക സ്ഥാനാർഥിയെ വെട്ടി റിബലിനെ ഔദ്യോഗികമാക്കിയതോടെ നേരത്തേ പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥി റിബലായി മത്സരിക്കുകയായിരുന്നു. ഷിബു ഫെർണാണ്ടസാണ് അവസാന നിമിഷം ഔദ്യോഗിക സ്ഥാനാർഥിയായത്.
ഇതോടെ സുരേഷ് മത്സരത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. തായത്തെരുവിൽ മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ നൗഫലാണ് വിമത സ്ഥാനാർഥി. ഇവിടെ ഡി സി സി ജന. സെക്രട്ടറി സുരേഷ്ബാബു എളയാവൂരാണ് സ്ഥാനാർഥി. ഡി സി സി ജന. സെക്രട്ടറി പി മാധവൻ മാസ്റ്റർ മത്സരിക്കുന്ന തെക്കീ ബസാറിൽ പി സി അശോകനും മത്സര രംഗത്തുണ്ട്.

ചാലാട് മുസ്‌ലിംലീഗിലെ കെ പി റാശിദാണ് യു ഡി എഫ് സ്ഥാനാർഥിയെങ്കിലും കോൺഗ്രസിലെ പി പി മനോജും മത്സര രംഗത്തുണ്ട്. മാത്രമല്ല സ്ഥാനാർഥി നിർണയത്തെ ചൊല്ലി കോൺഗ്രസിൽ അമർഷം നില നിൽക്കുന്നുണ്ട്. ഇത് ചില വാർഡുകളിലെങ്കിലും കോൺഗ്രസിന് ഭീഷണിയാണ്.
മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന ലീഗ് തീരുമാനത്തെ തുടർന്ന് മുൻ ഡെപ്യൂട്ടി മേയർ സി സമീറിനെ മത്സര രംഗത്ത് നിന്ന് മാറ്റി നിർത്തിയതിനെ ചൊല്ലി ലീഗിലും ശക്തമായ അമർഷമുണ്ട്.
രണ്ടോ മൂന്നോ വാർഡുകളിൽ ഈ പ്രതിഷേധം വിജയത്തെ ബാധിച്ചേക്കുമെന്നാണ് സൂചന. കോർപറേഷനിൽ ഏതാനും ഡിവിഷനുകളിൽ കോൺഗ്രസും ലീഗും തമ്മിലും തർക്കം നില നിൽക്കുന്നുണ്ട്. ഇതൊക്കെ യു ഡി എഫിന്റെ വിജയ സാധ്യതക്ക് ഭീഷണിയാണെന്ന് കരുതുന്നവരുണ്ട്.
ഡെപ്യൂട്ടി മേയറായിരുന്ന പി കെ രാഗേഷിന്റെ നേതൃത്വത്തിൽ കോൺഗ്രസ് വിമതർ പ്രത്യേക പാർട്ടി തന്നെ രൂപവത്കരിച്ചാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഒരു സീറ്റിൽ അവർക്ക് വിജയിക്കാനും ചില വാർഡുകൾ കോൺഗ്രസിന് നഷ്ടപ്പെടാനും ഇത് ഇടയാക്കി.

കെ സുധാകരൻ എം പി തന്നെ മുൻകൈയെടുത്താണ് ഒരു വർഷം മുമ്പ് പി കെ രാഗേഷിനെ കോൺഗ്രസിൽ തിരിച്ചെടുത്തത്. ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താനാണ് ഇരു മുന്നണികളുടെയും ഒരുക്കം. ആകെ 55 ഡിവിഷനുകളാണ് ഉള്ളത്. ഇതിൽ കാലാവധി അവസാനിച്ച ഭരണസമിതിയിൽ 28 യു ഡി എഫും 27 എൽ ഡി എഫുമാണ്.

Latest