Connect with us

Palakkad

മുൻ എം എൽ എയും മത്സര രംഗത്ത്

Published

|

Last Updated

പാലക്കാട് | തദ്ദേശ തിരഞ്ഞടുപ്പിൽ തുടങ്ങി നിയമസഭ വഴി മന്ത്രി പദവിയിലേക്കാണ് നേതാക്കളുടെ ലക്ഷ്യമെങ്കിലും മുൻ എം എൽ എയും ഡി സി സി പ്രസിഡന്റുമായ എ വി ഗോപിനാഥിനെ സംബന്ധിച്ചിടത്തോളം ലക്ഷ്യം തിരിച്ചാണ്. ഇടത് കോട്ടയായ ആലത്തൂർ മണ്ഡലത്തിൽ 1957 മുതൽ 2016 വരെ സി പി എം സ്ഥാനാർഥികളാണ് വിജയിച്ചത്. ഇതിനൊരു അപവാദം നടന്നത് എ വി ഗോപിനാഥ് കോൺഗ്രസ് സ്ഥാനാർഥിയായതോടെയാണ്. 1991 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എ വി ഗോപിനാഥ് ഇടത് കോട്ട പൊളിച്ചടക്കി. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പ് രംഗത്ത് വിട്ടു നിന്ന എ വി ഗോപിനാഥൻ കഴിഞ്ഞ തവണ നെന്മാറ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയവും തോൽവിയും ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും തദ്ദേശം ഒരിക്കലും ഗോപിനാഥിനെ ചതിച്ചിട്ടില്ല. അതിന്റെ പിൻബലത്തിലാണ് ഇത്തവണയും പെരുങ്ങോട്ടുകുർശ്ശി ആറാം വാർഡിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നത്.

കാൽനൂറ്റാണ്ട് പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഗോപിനാഥ്. 1979ലാണ് ഗോപിനാഥ് ആദ്യമായി പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റാവുന്നത്. അഞ്ച് തവണയാണ് പഞ്ചായത്ത് പ്രസിഡന്റായത്. ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയതിനെ തുടർന്ന് കഴിഞ്ഞ വർഷം സ്ഥാനമൊഴിയുകയായിരുന്നു. രണ്ട് തവണ മാത്രമേ ഗോപിനാഥ് മത്സര രംഗത്തില്ലാതിരുന്നുള്ളൂ. കഴിഞ്ഞ തവണയും പഞ്ചായത്തിൽ കോൺഗ്രസ് മികച്ച വിജയമാണ് നേടിയത്. 16ൽ 13 സീറ്റുകളും നേടിയാണ് അധികാരത്തിലെത്തിയത്.
പ്രത്യേക പരിഗണന നൽകിയാണ് ഇത്തവണ ഗോപിനാഥിന് സ്ഥാനാർഥിത്വം നൽകിയത്. പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ട പ്രകാരം സ്ഥാനാർഥിയാകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എ വി ഗോപിനാഥ് പറഞ്ഞു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കോൺഗ്രസിലേക്ക് കടന്നുവന്ന എ വി ഗോപിനാഥ് 25ാം വയസ്സിൽ പഞ്ചായത്ത് പ്രസിഡന്റായി. ആകെ അഞ്ച് തവണയായി 28 വർഷം പഞ്ചായത്തംഗം. അതിൽ 27 വർഷവും പ്രസിഡന്റും. എതിരാളിയായി സി പി എമ്മും ബി ജെ പിയുമുണ്ടെങ്കിലും ഇത്തവണയും കോൺഗ്രസ് പ്രതീക്ഷ കൈവിടുന്നില്ല.

Latest