Connect with us

Wayanad

തദ്ദേശ തിരഞ്ഞെടുപ്പ്: ആരവങ്ങളില്ലാതെ വനാന്തര ഗ്രാമങ്ങൾ

Published

|

Last Updated

സുൽത്താൻ ബത്തേരി | നഗരങ്ങളും ഗ്രാമങ്ങളും തിരഞ്ഞെടുപ്പ് ആവേശത്തിലെത്തിയെങ്കിലും നൂൽപ്പുഴയിലെ വനാന്തര ഗ്രാമങ്ങളിലേക്ക് ഈ ആരവം എത്തിയിട്ടില്ല. മുന്നണികളെല്ലാം ഇടക്ക് എത്താറുണ്ടങ്കിലും എവിടെയും സ്ഥാനാർഥികളുടെ പോസ്റ്ററുകളൊന്നും പ്രത്യക്ഷപെട്ടിട്ടില്ല. പത്രിക പിൻവലിക്കാനുള്ള ദിവസം കൂടി കഴിഞ്ഞാകും ഒരു പക്ഷേ ഇവിടങ്ങളിൽ ആവേശം എത്തുക.

കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതും ഒരു പരിധിവരെ ആരവത്തിന്റെ മാറ്റ് കുറച്ചിട്ടുണ്ട്. എങ്കിലും നഗര നാട്ടിൻ പുറങ്ങളിൽ സാമൂഹിക മാധ്യമങ്ങൾ വഴി തന്നെ തിരഞ്ഞെടുപ്പിന്റെ ആരവങ്ങൾ കൊട്ടിക്കയറി തുടങ്ങിയിട്ടുണ്ട്. വനാന്തര ഗ്രാമങ്ങളിൽ സ്മാർട്ട് ഫോണുകളുടെ അഭാവവും മൊബൈൽ നെറ്റ്‌വർക്ക് കുറവും പരിമിതികൾക്ക് കാരണമാകുന്നുണ്ട്. നഗരങ്ങളിൽ തിരഞ്ഞെടുപ്പ് ആരവം കൊട്ടിക്കയറുമ്പോഴും ഉപജീവനമാർഗം മുന്നോട്ടു കൊണ്ടുപോകാനുള്ള തിരക്കിലാണ് ഇവിടത്തെ ജനങ്ങൾ. ഇതിനിടയിൽ ഇവരെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പും രാഷ്ട്രീയവും വിഷയമാകാറില്ല. എന്നാൽ കൃത്യമായി വോട്ട് രേഖപ്പെടുത്താറുണ്ട് ഇവർ.

ആടുമാടുകളുമായി രാവിലെ കാടുകയറിയാൽ വൈകീട്ടാണ് തിരിച്ചെത്തുകയെന്ന്് പിലാക്കാവിലെ രാഘവൻ പറയുന്നു. നെൽകൃഷിയാണ് മുഖ്യ ജിവിതോപാതി. ഇപ്പോൾ കൊയ്ത്തിന്റെ കാലം കൂടിയാണ്. മിക്ക പാടങ്ങളും വിളവെടുപ്പിന് പാകമായിട്ടുണ്ട്്. അതുകൊണ്ടുതന്നെ മഴയെത്തുന്നതിന് മുന്നേ നെല്ല് കൊയ്തെടുക്കാനുള്ള തത്രപാടിലാണ് ഇവർ. കൂടാതെ, വന്യമൃഗ ശല്യത്തിൽ നിന്ന് വിളയെ കാത്തുരക്ഷിക്കുകയും വേണം. അതിനായി രാപ്പകൽ ഭേദമില്ലാതെ നെൽവയലിൽ ഏറുമാടംകെട്ടി കാവൽ കിടക്കുകയാണ് കർഷക ജനത. നൂൽപ്പുഴ പഞ്ചായത്തിൽ പാമ്പുംകൊല്ലി, മണിമുണ്ട, പൂത്തൂർ, ചെട്യാലത്തൂർ, കുറിച്യാട് തുടങ്ങി നിരവധി വനാന്തര ഗ്രാമങ്ങളാണുള്ളത്. ഇവിടങ്ങളിലേറെയും താമസിക്കുന്നത്് ഗോത്ര കുടുംബങ്ങളാണ്. പുറംലോകത്തു നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് ചെട്യാലത്തൂർ ഗ്രാമം. ചെതലയത്തു നിന്ന് 12 കിലോമീറ്റർ വനത്തിനുള്ളിലാണ് കുറിച്യാട്് വനാന്തര ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ രണ്ട് ഗ്രാമങ്ങളിലും പുനരധിവാസ പദ്ധതിയുടെ ഭാഗമായി നൂറിലേറെ കുടുംബങ്ങൾ പുറത്തേക്ക്് മാറിയിട്ടുണ്ട്. എങ്കിലും കുറിച്യാട് 36ഉം ചെട്യാലത്തൂർ 33ഉം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഈ രണ്ട് ഗ്രാമങ്ങളിലും 160ഓളം വോട്ടർമാരാണുള്ളത്. ഇവിടങ്ങളിലേക്കൊന്നും തന്നെ തിരഞ്ഞെടുപ്പിന്റെ ആവേശ കാഴ്്ചകൾ എത്തിയിട്ടില്ല.

Latest