Connect with us

National

തന്ത്രങ്ങള്‍ ഏറ്റില്ല; തമിഴകത്ത് നിന്നും നിരാശയോടെ അമിത് ഷാ മടങ്ങി

Published

|

Last Updated

ചെന്നൈ | തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടില്‍ ബി ജെ പിക്ക് അനുകൂലമായ ഒരു രാഷ്ട്രീയ കളം ഒരുക്കാന്‍ വലിയ പ്രതീക്ഷകളുമായി എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിരാശയോടെ ചെന്നൈയില്‍ നിന്നും വിമാനം കയറി. എം അളഗിരിയിലൂടെ ഡി എം കെയില്‍ നിന്ന് ഒരു വിഭാഗത്തെ അടര്‍ത്തി എടുക്കുക, തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ സ്വന്തം പാളയത്തില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് അമിത് ഷാ ചെന്നൈയിലെത്തിയത്. ഇതിനായി നേരത്തെ മുതല്‍ കരുനീക്കങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ അമിത് ഷായെ കാണാന്‍ പോലും രജനികാന്തും അളഗിരിയും തയ്യാറാകാതിരുന്നതോടെ അദ്ദേഹം സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.

അമിത് ഷാ തമിഴ്‌നാട്ടില്‍ കാല് കുത്തിയത് മുതല്‍ വലിയ പ്രതിഷേധങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇത് പെരിയാറിന്റെ മണ്ണാണ്, അമിത് ഷാ ഗോ ബാക്ക് തുടങ്ങിയ ഹാഷ് ടാഗുകള്‍കൊണ്ട് ട്വിറ്റര്‍ നിറഞ്ഞിരുന്നു. അഞ്ച് ലക്ഷത്തോളം ഹാഷ് ടാഗുകളാണ് ഇന്നലെ ട്വിറ്ററിലുണ്ടായത്. ഫേസ്ബുക്ക് അടക്കമുള്ള മറ്റ് സമൂഹ മാധ്യമങ്ങളിലും സ്ഥിതി മറിച്ചായിരുന്നില്ല.

ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് ബി ജെ പി നേതൃത്വത്തെ അറിയിച്ചതോടെയാണ് അമിത് ഷായുടെ ശ്രമം പാളിയത്. ആര്‍ എസ് എസ് നേതാവ് എസ് ഗുരുമൂര്‍ത്തി വഴിയായിരുന്നു അമിത് ഷാ രജനീകാന്തിനെ സമീപിച്ചത്. എന്നാല്‍ സജീവരാഷ്ട്രീയത്തിലേക്ക് ഇപ്പോഴില്ല. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനോട് കുടുംബത്തിന് വലിയ യോജിപ്പില്ലെന്നും രജനീകാന്ത് അറിയിച്ചു. എന്നെങ്കിലും തീരുമാനത്തില്‍ മാറ്റം വരുകയാണെങ്കില്‍ അന്ന് കൂടിയാലോചന നടത്താമെന്നും രജനീകാന്ത് ബി ജെ പി ദൂതരെ അറിയിക്കുകയായിരുന്നു.

കരുണാനിധിയുടെ മകന്‍ എം അളഗിരിയുമായി ഒപ്പംകൂട്ടി ഡി എം കെയെ പിളര്‍ത്താമെന്നും ഷാ കണക്ക് കൂട്ടിയിരുന്നു. എന്നാല്‍ അളഗിരിയുടെ വിശ്വസ്തനായ കെ പി രാമലിംഗം ബി ജെ പി അംഗത്വം സ്വീകരിച്ചതല്ലാതെ അവിടെയും കാര്യമായ നീക്കങ്ങള്‍ നടന്നില്ല.