Connect with us

Kerala

കുത്തനെ താഴ്ന്ന് സവാള വില

Published

|

Last Updated

കൊച്ചി | കുത്തനെ താഴ്ന്ന് സവാള വില. കഴിഞ്ഞ മാസം കിലോക്ക് 100 രൂപക്ക് മുകളിലെത്തിയ സവാള വിലയാണ് ഇപ്പോൾ കുറഞ്ഞത്. കിലോക്ക് 50 രൂപ നിരക്കിലാണ് ഇന്നലെ കൊച്ചിയിൽ മൊത്ത വ്യാപാരം നടന്നത്. ചില്ലറ വില 55 രൂപയാണ്. ഓണക്കാലത്ത് കിലോക്ക് 20 മുതൽ 22 വരെ രൂപയായിരുന്ന സവാള വില ആഗസ്റ്റ് അവസാനത്തോടെയാണ് വർധിച്ചത്.

കനത്ത മഴയെ തുടർന്നുണ്ടായ കൃഷി നാശവും ലോക്ക്ഡൗണിനെ തുടർന്നുണ്ടായ ഉത്പാദന കുറവുമായിരുന്നു വിലക്കയറ്റത്തിനിടയാക്കിയത്. രാജ്യത്തെ പല നഗരങ്ങളിലും കഴിഞ്ഞ മാസം കിലോക്ക് 90 രൂപ കടന്നിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും നൂറ് രൂപക്ക് മുകളിലുമെത്തി. കഴിഞ്ഞ മാസം അവസാന വാരം കൊച്ചിയിൽ സവാള മൊത്തവില 80- 85 രൂപയും ചില്ലറ വില 100- 110 രൂപയിലുമെത്തിയിരുന്നു. ലോക്ക്ഡൗണാനന്തരം ഹോട്ടലുകൾ തുറന്നതും ആഘോഷങ്ങൾ കൂടിയതുമാണ് സവാളയുടെ ഡിമാൻഡ് വർധിപ്പിച്ചത്.

ഇതോടെ വില കയറുകയായിരുന്നു. വടക്കൻ കർണാടകയിൽ കനത്ത മഴയെ തുടർന്ന് താരിഫ് വിള വൻതോതിൽ നശിച്ചതോടെ ആഗസ്റ്റ് അവസാന വാരം മുതലാണ് വിലക്കയറ്റം തുടങ്ങിയത്.

സെപ്തംബറിന് ശേഷം എത്തിച്ചേരേണ്ടിയിരുന്ന ഈ വിളവെടുപ്പ് ഒക്ടോബർ അവസാനം മഹാരാഷ്ട്രയിൽ നിന്ന് വിള വരുന്നതുവരെ വിപണിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സെപ്തംബറിലെ കനത്ത മഴയിൽ കർണാടകയിലെ പുതിയ വിളക്കൊപ്പം മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ സംഭരിച്ച സവാളയും നശിച്ചു. മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് പ്രധാനമായും സവാളയെത്തുന്നത്.

അതേസമയം, മറ്റ് പച്ചക്കറികൾക്കൊന്നും വിലയിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. സവാളക്കൊപ്പം കാരറ്റ്, കാബേജ്, ഉരരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികൾക്കും വില കുതിച്ചുയർന്നിരുന്നെങ്കിലും ഇവക്കൊന്നും വലിയ തോതിൽ വില കുറഞ്ഞിട്ടില്ല. ഉരുളക്കിഴങ്ങിന് 60ഉം കാബേജിന് 43ഉം കാരറ്റിന് 85 രൂപയുമാണ് ഇന്നലത്തെ ചില്ലറ വിപണി വില. എന്നാൽ 120 രൂപയിലെത്തിയിരുന്ന ചെറിയ ഉള്ളി നൂറിലേക്ക് താഴ്ന്നു. തക്കാളിക്ക് 27ഉം ഇഞ്ചിക്ക് 35ഉം പച്ചമുളകിന് 40ഉം ആയി വില കുറഞ്ഞിട്ടുണ്ട്.