Connect with us

Kerala

പി ജെ ജോസഫിന്റെ ഹരജി ഹൈക്കോടതി തള്ളി; രണ്ടില ജോസിന്

Published

|

Last Updated

കൊച്ചി |  കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് പിജെ ജോസഫ് സമര്‍പ്പിച്ച ഹരജി കേരള ഹൈക്കോടതി തള്ളി. ചിഹ്നം സംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ ഏറെ നാളായി തുടരുന്ന തര്‍ക്കത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം. ജോസഫ് വിഭാഗത്തിന്റെ ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി അന്ന് തന്നെ ജോസ് വിഭാഗം ചിഹ്നം ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു.

വാദം കേട്ട ഹൈക്കോടതി  ചിഹ്നം സംബന്ധിച്ച കാര്യങ്ങള്‍ ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍, വസ്തുതകളും രേഖകളും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തത്. അതില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇരു പാര്‍ട്ടികള്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ഉപയോഗിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് ടേബിള്‍ ഫാനുമാണ് കമ്മീഷന്‍ അനുവദിച്ച ചിഹ്നം. അതേ സമയം ജോസ് വിഭാഗത്തിന് തങ്ങള്‍ക്ക് അവകാശപ്പെട്ട ചിഹ്നം ഉപയോഗിക്കാനാവുമോയെന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ് നിലപാടെടുക്കേണ്ടത്. ചിഹ്നത്തിനായി അപ്പീലുമായി പിജെ ജോസഫ് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയോ റിവിഷന്‍ ഹരജി സമര്‍പ്പിക്കുകയോ ചെയ്യുകയെന്ന നിയമനടപടി സ്വീകരിക്കാനാകും

Latest