Connect with us

Editorial

കൊവിഡാനന്തരവും വേണം ജാഗ്രത

Published

|

Last Updated

കൊവിഡ് 19നുള്ള വാക്‌സിന്‍ ഉടനെ പുറത്തിറങ്ങുമെന്നും അതോടെ രോഗം പൂര്‍ണമായി നിയന്ത്രണ വിധേയമാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ലോകത്തിന്റെ ഇതര പ്രദേശങ്ങള്‍ക്കൊപ്പം കേരളവും. അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ഫൈസറിന്റെ വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം പിന്നിട്ടപ്പോള്‍ 95 ശതമാനവും ഫലപ്രദമാണെന്ന് തെളിഞ്ഞതായി കമ്പനി ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ആല്‍ബര്‍ട്ട് ബൗള വെളിപ്പെടുത്തുകയുണ്ടായി. കേരളത്തില്‍ നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ സമാധാനിക്കാനോ ആശ്വസിക്കാനോ ആയിട്ടില്ല. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ കേരളത്തെ തുറിച്ചു നോക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പലര്‍ക്കും ചെറിയ ലക്ഷണങ്ങളോടെ വന്നുപോകുന്ന കൊവിഡിനെ നിസ്സാരമായി കാണരുതെന്നും വൈറസ് ശരീരത്തിലുണ്ടാക്കുന്ന അസ്വസ്ഥതകളെ ഗൗരവത്തോടെ കാണണമെന്നും അവര്‍ ഉണര്‍ത്തുന്നു.

കൊവിഡ് വൈറസ് ശരീരത്തില്‍ സൃഷ്ടിക്കുന്ന പ്രതിഫലനത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായമാണ്. കൊവിഡ് മുക്തരില്‍ പ്രതിരോധ ശക്തി വര്‍ധിക്കുമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ അതിനെ അപ്പാടെ നിരാകരിക്കുന്നു മറ്റൊരു വിഭാഗം. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെയും സിയാറ്റിലെ ഫ്രഡ് ഹച്ച് ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിലെയും ഗവേഷകര്‍, യു എസിലെ സിയാറ്റിലില്‍ മീന്‍പിടിത്ത കപ്പലിലുണ്ടായ കൊവിഡ് വ്യാപനത്തെ അതിജീവിച്ചവരില്‍ പഠനം നടത്തിയിരുന്നു. ഇതിലൂടെയാണ്, കൊവിഡ് ബാധിതരില്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധമെന്ന നിലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികള്‍ വീണ്ടും രോഗം വരുന്നതിനെ ചെറുക്കുമെന്നും ഇവര്‍ക്ക് രണ്ടാമതും രോഗബാധയേല്‍ക്കാനുള്ള സാധ്യത കുറവാണെന്നും കണ്ടെത്തിയത്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ രോഗപ്രതിരോധശേഷി മാസങ്ങളോളം നിലനില്‍ക്കുമെന്ന് അമേരിക്കയിലെ അരിസോണ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനവും കാണിക്കുന്നു. ചുരുങ്ങിയത് അഞ്ച് മാസമെങ്കിലും പ്രതിരോധശേഷി നീണ്ടുനില്‍ക്കുമത്രെ.

അതേസമയം, ലണ്ടനിലെ ഇംപീരിയല്‍ കോളജില്‍ നടന്ന പഠനം കാണിക്കുന്നത്, കൊവിഡ് രോഗമുക്തിക്കു ശേഷം പ്രതിരോധശേഷി വര്‍ധിക്കുമെന്ന നിരീക്ഷണം തന്നെ തെറ്റാണെന്നാണ്. ഇംഗ്ലണ്ടിലെ 3.65 ലക്ഷം ആളുകള്‍ക്കിടയില്‍ നടത്തിയ പഠനം, വൈറസ് ബാധിച്ചവരുടെ ആന്റിബോഡികള്‍ പെട്ടെന്ന് ദുര്‍ബലമായതായി കണ്ടെത്തുകയുണ്ടായി. വൈറസ് ഒരു തവണ ബാധിച്ചാല്‍ ശരീരത്തിന് ആര്‍ജിത പ്രതിരോധം ഉണ്ടാകുമെന്നത് തെറ്റിദ്ധാരണയാണെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനവും തറപ്പിച്ചു പറയുന്നു. ഈ പ്രചാരണം അധാര്‍മികമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇത്തരത്തില്‍ പ്രതിരോധം നിര്‍മിക്കാന്‍ വാക്‌സിന്‍ കൊണ്ട് മാത്രമേ സാധിക്കൂവെന്നും വ്യക്തമാക്കി. കൊവിഡ് ബാധിച്ച് സുഖപ്പെട്ടവരെ മറ്റു പല രോഗങ്ങളും ബാധിക്കുന്നതായി കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും കാണിക്കുന്നു. തലച്ചോറില്‍ രക്തം കട്ട പിടിക്കല്‍, ഹൃദയത്തില്‍ നീര്‍ക്കെട്ട്, ഹൃദയാഘാതം, ശ്വാസകോശത്തിലുണ്ടാകുന്ന ഫൈബ്രോസീസ്, കരള്‍ രോഗം, വൃക്ക രോഗം, പാന്‍ക്രിയാസ് ഗ്രന്ഥിക്കുണ്ടാകുന്ന തകരാറുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇവരില്‍ മറ്റുള്ളവരേക്കാള്‍ കൂടുതലായി കണ്ടുവരുന്നു.
ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം നിരവധി മാനസിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട് കൊവിഡ്. കൊവിഡ് മുക്തരില്‍ ഉറക്കമില്ലായ്മ, മറവി, ഉത്കണ്ഠ തുടങ്ങിയവ കാണപ്പെടുന്നതായി ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ വിദഗ്ധര്‍ പറയുന്നു. ചൈനയിലെ 214 രോഗികളില്‍ നടത്തിയ പഠനത്തില്‍ 78 പേരിലും ന്യൂറോളജിക് പ്രശ്‌നങ്ങള്‍ കണ്ടെത്തി. കൊവിഡാനന്തര ലോകത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ പൊതുവെ വൈറസ് ബാധമൂലം അഭിമുഖീകരിക്കുന്ന സാമ്പത്തിക, സാമൂഹിക പ്രതിസന്ധികളും അവയെ അതിജീവിക്കാനുള്ള മാര്‍ഗവുമാണ് പരാമര്‍ശിക്കപ്പെടുന്നത്. ഇവയേക്കാള്‍ പ്രധാനമാണ് വൈറസ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെന്നും കൊവിഡ് മുക്തരില്‍ മറ്റു പല രോഗങ്ങളും വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അവയെ നേരിടാനുള്ള കരുതലും ജാഗ്രതയും സജ്ജീകരണങ്ങളും ആവശ്യമാണെന്നുമാണ് മേല്‍പറഞ്ഞ പഠനങ്ങളെല്ലാം ബോധ്യപ്പെടുത്തുന്നത്.

കൊവിഡ് ചികിത്സക്കുള്ള വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. റഷ്യ, ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി, ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ വാക്‌സിന്‍ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ആരോഗ്യ മേഖല ഇതേ പ്രാധാന്യത്തോടെ തന്നെ കാണേണ്ടതുണ്ട് കൊവിഡാനന്തര രോഗങ്ങളുടെ പ്രതിരോധവും. കേരളത്തിലെ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശ പ്രകാരം ഇക്കാര്യത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് ചില നീക്കങ്ങള്‍ നടത്തുന്നുവെന്നത് ആശ്വാസകരമാണ്. കൊവിഡാനന്തര ചികിത്സക്കായി പ്രത്യേക വിഭാഗം തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് കെയര്‍ സിസ്റ്റം നടപ്പാക്കുമെന്നും അതിനാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടന്‍ തയ്യാറാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിക്കുകയുണ്ടായി. കൊവിഡ് മുക്തരില്‍ കൂടുതല്‍ ആരോഗ്യ പരിചരണവും കൃത്യമായ ഇടവേളകളില്‍ ടെസ്റ്റുകളും ആവശ്യമാണ്. ഇക്കാര്യത്തില്‍ ബോധവത്കരണവും ക്യാമ്പയിനും സംഘടിപ്പിക്കേണ്ടതും ആവശ്യമാണ്. ജനസാന്ദ്രത കൂടിയ സംസ്ഥാനമായിട്ടും കൊവിഡിന്റെ അതിവ്യാപനം തടയുന്നതില്‍ ഏറെക്കുറെ വിജയിക്കാന്‍ കേരളത്തിനായി. ആരോഗ്യ വകുപ്പിന്റെ ജാഗ്രതക്കൊപ്പം സന്നദ്ധ സംഘടനകളും കേരളീയരുടെ വിദ്യാഭ്യാസ, സാംസ്‌കാരിക ഉന്നതിയും ഇക്കാര്യത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ തരണം ചെയ്യുന്നതിലും ഈ കൂട്ടായ്മയും അനുഭവവും വൈദഗ്ധ്യവും നമുക്ക് മുതല്‍ക്കൂട്ടാകണം.

Latest