Connect with us

Kerala

പ്രതിപക്ഷത്തെ നേരിടാൻ 'ഇരയാക്കുന്നു'വെന്ന വാദമുയർത്തി ലീഗ്

Published

|

Last Updated

കോഴിക്കോട് | മുൻ മന്ത്രി ഇബ്റാഹീം കുഞ്ഞിന്റെ അറസ്റ്റോടെ ആത്മരക്ഷാർഥമുള്ള നടപടിയിലേക്ക് മുസ്‌ലിം ലീഗ്. നിരവധി രാഷ്ട്രീയ പ്രതിസന്ധികൾ അഭിമുഖീകരിച്ചിട്ടുണ്ടെങ്കിലും ഒരു മുൻ മന്ത്രിയടക്കം മൂന്ന് എം എൽ എമാർ ഒരുമിച്ച് അഴിമതിക്കേസിൽ അഴിക്കുള്ളിലേക്ക് പോകുന്ന അവസ്ഥ ഉയർന്നുവന്നതോടെ, പ്രതിപക്ഷത്തെ നേരിടാൻ സി പി എം ലീഗിനെ ഇരയാക്കുകയാണെന്ന വാദമാണ് ലീഗ് ക്യാമ്പിൽ ഉയരുന്നത്.
സർക്കാറിന് നേരെ ഉയർന്ന വിവാദങ്ങൾ ബാലൻസ് ചെയ്യാൻ നടത്തുന്ന നാടകമാണ് അറസ്റ്റെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിട്ടുണ്ടെങ്കിലും ലീഗിനെ മാത്രം ലക്ഷ്യമിട്ടുള്ള നീക്കങ്ങളിൽ പാർട്ടി പരിഭ്രാന്തിയിലാണ്. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള രാഷ്ട്രീയ സഖ്യത്തിന്റെ പേരിൽ ആശയക്കുഴപ്പം നിലനിൽക്കെയാണ് പുതിയ പ്രതിസന്ധി.

എൽ ഡി എഫ് സർക്കാർ ലീഗിനെതിരെ നേരത്തേ തയ്യാറാക്കി പ്രഖ്യാപിച്ച നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് സിറാജിനോട് പ്രതികരിച്ചു. ലീഗിനെതിരായ നീക്കം വൈകാതെ യു ഡി എഫിലെ മറ്റ് നേതാക്കളിലേക്കും നീങ്ങുമെന്നും അതിനാൽ രാഷ്ട്രീയ നീക്കത്തെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നുമാണ് അദ്ദേഹം പറയുന്നത്.”

സ്വാഭാവികമായി കേരളത്തിൽ സംഭവിക്കുന്ന ഭരണമാറ്റം ഇത്തവണ ഉണ്ടാവില്ലെന്ന് പൊതുവെ കരുതിയ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി സ്വർണക്കടത്ത് കേസ് പ്രതിപക്ഷത്തിന് വീണുകിട്ടിയത്. ഈ കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെട്ടതോടെ മാധ്യമങ്ങൾ കാണിച്ച ആവേശം എൽ ഡി എഫ് സർക്കാറിന്റെ ജനപ്രീതി ഇടിക്കുമെന്നും ഭരണത്തുടർച്ച നഷ്ടപ്പെടുമെന്നും യു ഡി എഫ് കണക്കുകൂട്ടിയിരുന്നു. ഇതിനിടയിലാണ് ലീഗ് പക്ഷത്ത് നിന്ന് മൂന്ന് എം എൽ എമാർ അഴിമതിക്കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത്.
ആദ്യം മഞ്ചേശ്വരം എം എൽ എ. എം സി ഖമറുദ്ദീനാണ് അറസ്റ്റിലായത്. നിക്ഷേപത്തിന്റെ പേരിൽ ലീഗ് അനുഭാവികളായ നിരവധി പേരെ വഞ്ചിച്ച ഖമറുദ്ദീന്റെ ഇടപാടുകൾ വെറും വ്യാപാര തകർച്ചയായി ചുരുക്കിക്കണ്ട് പ്രതിരോധം തീർക്കാൻ ലീഗ് ശ്രമിക്കുന്നതിനിടെയാണ് കെ എം ഷാജിയുടെ ഹയർ സെക്കൻഡറി കോഴയും വരവിൽ കവിഞ്ഞ സമ്പാദ്യവും കള്ളപ്പണം വെളുപ്പിക്കലും അന്വേഷണ വിധേയമാകുന്നത്.

സമാനമായ കേസിൽ പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിനെതിരേയും പരാതി ഉയർന്നു. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിനെതിരെ അഴിമതി ആരോപണം ഉയർത്താൻ ലക്ഷ്യമിട്ട “അഴിമതിക്കെതിരെ ഒരു വോട്ട്” എന്ന മുദ്രാവാക്യത്തെയാണ് മുസ്‌ലി ലീഗ് എം എൽ എമാർക്കെതിരായ സർക്കാർ നീക്കം തകർത്തത്. ഈ അഴിമതിക്കേസുകൾ, തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനേക്കാൾ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് വലിയ പ്രശ്‌നം സൃഷ്ടിക്കുകയെന്ന് പാർട്ടി വിലയിരുത്തുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest