Connect with us

Eranakulam

തിരഞ്ഞെടുപ്പിൽ പാലാരിവട്ടം കത്തും

Published

|

Last Updated

കൊച്ചി | സ്വർണക്കടത്തും ലൈഫും സർക്കാറിനെതിരെ തിരഞ്ഞെടുപ്പ് ഗോഥയിൽ പ്രയോഗിച്ച് തുടങ്ങിയ യു ഡി എഫിന് പാലാരിവട്ടം ഏൽപ്പിക്കുന്ന പ്രഹരശേഷി താങ്ങാനാകില്ല. ഒരിടവേളക്ക് ശേഷം പാലാരിവട്ടം പാലം വീണ്ടും ചർച്ചയാകുമ്പോൾ സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയെ എന്തു പറഞ്ഞ് വെള്ള പൂശുമെന്ന ആശങ്കയാണ് യു ഡി എഫിന്റെ പ്രതിരോധത്തെ ദുർബലപ്പെടുത്തിയേക്കുക.

അഴിമതിയിലും തട്ടിപ്പിലും പെട്ട് രണ്ട് എം എൽ എമാർ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിൽ അഴിമതിക്കഥകളുടെ പട്ടികയുമായി എൽ ഡി എഫ് പ്രചാരണ രംഗത്ത് സജീവമാകുമ്പോൾ പ്രതിപക്ഷ നിരയിൽ അത് സൃഷ്ടിക്കുക വലിയ അങ്കലാപ്പാണെന്ന് ഉറപ്പ്.
സംസ്ഥാന സർക്കാറിനെതിരെയുള്ള കേന്ദ്രത്തിന്റെ ഗൂഢാലോചനയാണ് സ്വർണക്കടത്ത് കേസെന്നും എല്ലാം വസ്തുതാരഹിതങ്ങളായ ആരോപണമാണെന്നുമുള്ള വാദങ്ങൾക്കൊപ്പം യു ഡിഎഫിന്റെ അഴിമതി തുറന്നു കാട്ടിയുള്ള വലിയ പ്രചാരണ പരിപാടികൾക്കാണ് എൽ ഡി എഫ് കോപ്പുകൂട്ടുന്നത്. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ സഞ്ചാര പാതകളിൽ ഒന്നിൽ 39 കോടി രൂപ ചെലവിൽ രണ്ട് വർഷം കൊണ്ട് കെട്ടിപ്പൊക്കിയ മേൽപ്പാലം പൊളിച്ച് പണിയേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടി എൽ ഡി എഫ് നേരത്തേ പ്രചാരണ പരിപാടികൾ നടത്തിയിരുന്നു.

എറണാകുളം ഉൾപ്പെടെയുള്ള മധ്യകേരളത്തിലെ തിരഞ്ഞെടുപ്പ് വേദികളിലും ലഘുലേഖകളിലും ഇതിനകം തന്നെ പാലാരിവട്ടമാണ് പ്രധാന പ്രചാരണായുധം.
പുതിയ സാഹചര്യത്തിൽ ഇത് കുറേക്കൂടി ശക്തമാക്കിയാകും സംസ്ഥാനത്ത്‌ വാർഡുതലം മുതലുള്ള പ്രചാരണം ബലപ്പെടുത്തുക. കേന്ദ്രം സംസ്ഥാന സർക്കാറിനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന എൽ ഡി എഫ് വാദത്തെ വിമർശിക്കുന്ന യു ഡി എഫ്, പകപോക്കൽ രാഷ്ട്രീയമെന്ന ആക്ഷേപവുമായി ഇപ്പോൾ രംഗത്തെത്തുന്നതിനെയും എൽ ഡി എഫ് ചോദ്യം ചെയ്യും. തിരഞ്ഞെടുപ്പ് അടുത്തതിനാൽ കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിക്കാനുള്ള സാധ്യതയില്ലാത്തതുകൊണ്ട് തന്നെ സാധാരണ നടപടിക്രമം മാത്രമാണ് ഈ നീക്കമെന്ന് സർക്കാറിനും വിശദീകരിക്കാനാകും. പാലം പണിയുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടിൽ അന്നത്തെ പി ഡബ്ല്യു ഡി സെക്രട്ടറി ടി ഒ സൂരജ് ഉൾപ്പെടെയുള്ളവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അതു കൊണ്ട് തന്നെ അഞ്ചാം പ്രതിയായ ഇബ്റാഹീം കുഞ്ഞിനെതിരായ നീക്കം സാധാരണ നടപടിക്രമം മാത്രമാണെന്നാകും ഇതുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളെ ഖണ്ഡിച്ചു കൊണ്ട് സർക്കാർ ചൂണ്ടിക്കാട്ടുക. ഉജ്ജ്വല വിജയം നേടാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലെന്ന് വിലയിരുത്തിയ കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി “അഴിമതിക്കെതിരെ ഒരു വോട്ട്”എന്ന മുദ്രാവാക്യമാണ് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കേണ്ടതെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനെല്ലാമുള്ള തിരിച്ചടിയായാണ് ഇബ്റാഹീം കുഞ്ഞിന്റെ അറസ്റ്റിനെ എൽ ഡി എഫ് ഉപയോഗിക്കുക. ഇടതുപക്ഷത്തെ പ്രദേശിക നേതാക്കൾ മുതൽ മന്ത്രിമാർ വരെയുള്ളവർ ഇതിനകം തന്നെ കോൺഗ്രസിന്റെ അഴിമതി വിരുദ്ധ മുദ്രാവാക്യത്തെ പരിഹസിച്ച്, പാലാരിവട്ടമുയർത്തിയുള്ള പ്രചാരണവും തുടങ്ങിക്കഴിഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest