Connect with us

International

'ഞാന്‍ വിജയിച്ചു'; വീണ്ടും അവകാശവാദവുമായി ട്രംപ്; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

Published

|

Last Updated

വാഷിംഗ്ടണ്‍ | യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇതെന്ത് പറ്റിയെന്നാണ് ലോകം ചോദിക്കുന്നത്. ഇലക്ഷനില്‍ തോറ്റമ്പിയിട്ടും താന്‍ വിജയിച്ചു, വിജയച്ചു എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ട്രംപിനെ ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. ഇതിനിടയില്‍ വീണ്ടും താന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുന്നുവെന്ന് ട്വീറ്റ് ചെയ്ത് രംഗത്ത് വന്നിരിക്കുന്നു ട്രംപ്.

ഇന്ന് രാവിലെയാണ് ട്രപ് വിജയിച്ചുവെന്ന് അവകാശപ്പെട്ട് വീണ്ടും ട്വിറ്ററിലും ഫേസ്ബുക്കിലും ഒറ്റവരി പോസ്റ്റിട്ടത്. 66,000ല്‍ ഏറെ തവണ റീട്വീറ്റ് ചെയ്യപ്പെട്ട പോസ്റ്റിന് താഴെ പൊങ്കാലയാണ് നിറയെ. ട്രംപിനെ കളിയാക്കുന്ന കാര്‍ട്ടൂണുകളും ട്രോളുകളും പോസ്റ്റിന് താഴെ നിരവധി പേര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്രംപിൻെറ അവകാശവാദം തെറ്റാണെന്ന മുന്നറിയിപ്പ് ട്വിറ്ററും ഫേസ്ബുക്കും പോസ്റ്റിന് താഴെ നൽകിയിട്ടുണ്ട്.

അമേരിക്കന്‍ ജനത താങ്കളെ തള്ളിക്കളഞ്ഞിരിക്കുന്നുവെന്നും വൈറ്റ് ഹൗസില്‍ ഇരിക്കുന്ന ഒരാൾ യാഥാര്‍ഥ്യത്തോട് ഇത്രയും പുറംതിരിഞ്ഞുനില്‍ക്കുന്നത് അങ്ങേയറ്റം പരിതാപകരമാണെന്നാണ് ഒരാള്‍ ട്വീറ്റിന് മറുപടി നല്‍കിയത്. ഈ അവകാശവാദം കേട്ട് മടുത്തുവെന്നും ഒരു കള്ളം എത്ര തവണ ആവര്‍ത്തിച്ചാലും സത്യമാകില്ലെന്നും മറ്റൊരാളുടെ മറുപടി. 2016ല്‍ ആണ് താങ്കള്‍ വിജയിച്ചതെന്ന് ഓര്‍മിപ്പിച്ച് വേറെ ചിലര്‍.

I WON THE ELECTION!

Posted by Donald J. Trump on Sunday, November 15, 2020

പരാജയപ്പെട്ട മനുഷ്യന്‍, പരാജിതനായ പ്രസിഡന്റ് എന്ന് മറ്റൊരു ട്വീറ്റ്… ബൈഡന്‍ ലോസ്റ്റ് എന്ന് ട്വീറ്റിട്ട് ട്രംപിനെ ആശ്വസിപ്പിക്കുന്നവരും ഉണ്ട്. ഇയാളെ ഉടന്‍ ഓഫീസില്‍ നിന്ന് ഇറക്കിവിടണം, ജനാധിപത്യത്തിന് അപകടമാണ് ഇയാള്‍ എന്നാണ് ഒരു മറുപടി. ട്വിറ്ററില്‍ നിന്ന് ട്രംപിലെ വിലക്കണമെന്ന് പറയുന്നവരും കുറവല്ല.

നിരവധി മലയാളികളും ട്രംപിൻെറ പോസ്റ്റിന് താഴെ നടക്കുന്ന പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. താങ്കളെ ഊളംപാറയിൽ അയക്കുകയാണ് വേണ്ടതെന്നാണ് മലയാളികളുടെ കമൻറുകളിൽ ഒന്ന്.

യുഎസ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയച്ചത് മുതല്‍ ഭ്രാന്തമായ പ്രതികരണവുമായി ദിവസങ്ങള്‍ തള്ളി നീക്കുകയാണ് ട്രംപ്. തിരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നുവെന്നും താനാണ് യഥാര്‍ഥത്തില്‍ വിജയിച്ചതെന്നും അന്ന് മുതല്‍ അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നു. ഇതിനിടെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അതും വിജയിച്ചില്ല.

കഴിഞ്ഞ ദിവസം ബൈഡന്റെ വിജയം അംഗീകരിക്കുന്ന മട്ടില്‍ ട്രംപ് പ്രസ്താവന നടത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ വഞ്ചന നടത്തിയതിനാലാണ് അയാള്‍ ജയിച്ചത് എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. വ്യാജ മാധ്യമങ്ങളുടെ കാഴ്ചയില്‍ മാത്രമാണ് അയാള്‍ ജയിച്ചതെന്നും ബൈഡന്റെ പേര് പറയാതെ ട്രംപ് പോസ്റ്റിട്ടിരുന്നു.