Connect with us

Organisation

സ്വാദിഖ്, നീ ഇത്ര തിടുക്കത്തിൽ പോകേണ്ടിയിരുന്നില്ല

Published

|

Last Updated

1989 ലെ എറണാകുളം സമ്മേളനത്തിനു ശേഷം നേരിടേണ്ടി വന്ന പലതരം വെല്ലുവിളികളെയും അതിജയിച്ച് കൂടുതൽ കെട്ടുറപ്പും ഭദ്രതയും ജനകീയാടിത്തറയുമുള്ള  മുസ്‌ലിം ജനകീയ യുവജന പ്രസ്ഥാനമായി എസ്.വൈ.എസ്. മാറിയതിന്റെ വിളംബരമായിരുന്നു 1995 ൽ മലപ്പുറത്ത് നടന്ന സംഘടനയുടെ നാല്പതാം വാർഷിക സമ്മേളനം.  ഈ വളർച്ച സ്വാഭാവികമായും സംഘടനയെ  കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചു. വർദ്ധിച്ചുവന്ന യൂണിറ്റുകളുടെയും പ്രവർത്തകരുടെയും എണ്ണം പുതിയ സംഘടനാ സംവിധാനങ്ങൾ സ്വീകരിക്കാൻ ഞങ്ങളെ നിർബന്ധിതരാക്കി. ഒപ്പം പുതിയ പ്രവർത്തന മേഖലകളിലേക്ക് സംഘടന കാലെടുത്തുവെക്കുകയും ചെയ്തു.  ഇതിന്റെ ഭാഗമായാണ്  സംസ്ഥാന കമ്മറ്റി ഓഫീസിലെ സ്റ്റാഫുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള തീരുമാനം എടുത്തത്. ആ തീരുമാനത്തിന്റെ ഭാഗമായാണ് കോഴിക്കോട് കാട്ടുകുളങ്ങര യൂണിറ്റിലെ പ്രവർത്തകനായ മുഹമ്മദ് സ്വാദിഖ് എസ്.വൈ.എസ്. സംസ്ഥാന കമ്മറ്റി ഓഫീസിൽ ജോലിക്കാരനായി എത്തുന്നത്.

1997 ലായിരുന്നു അതെന്നാണ് എന്റെ ഓർമ്മ.മർകസ് കോംപ്ലക്സ് പള്ളിയോടു ചേർന്നുള്ള അനെക്സ് ബിൽഡിങ്ങിന്റെ രണ്ടാം നിലയിലായിരുന്നു  എസ്.വൈ.എസ്. ഓഫീസ് അക്കാലത്തു പ്രവർത്തിച്ചിരുന്നത്.  സി. എം. കുട്ടി മൗലവി ആയിരുന്നു  ഓഫീസ് സെക്രട്ടറി.  1989 നും മുന്നേ തന്നെ എസ്‌.വൈ.എസിന്റെ  ഓഫീസ് ചുമതലകൾ നിർവഹിച്ച ദീർഘ കാലത്തെ അനുഭവപരിചയം ഉള്ള ആളായിരുന്നു  സി.എം. കുട്ടി മൗലവി. ആ ഓഫീസിലേക്ക് പ്യൂൺ ആയാണ് സ്വാദിഖ് ആദ്യം നിയമിതനായത്.  എസ്.എസ്.എൽ.സി. പരീക്ഷ പാസ്സായി നിൽക്കുന്ന ഊർജ്വസ്വലനായ  എസ്. എസ്. എഫുകാരനായിരുന്നു അന്നവൻ.  അക്കാലം മുതൽ തന്നെ  ദൈനം ദിനം എന്നോണം സ്വാദിഖുമായി അടുത്തിട പഴകേണ്ടി വന്നിട്ടുണ്ട്. ആ ഇടപഴകൽ അവൻ മരിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം വരെയും നീണ്ടു നിന്നു.

രണ്ടര പതിറ്റാണ്ടോളം വരുന്ന ആ ദീർഘ കാല ബന്ധത്തിനിടയിൽ ഒരോഫീസ് ജീവനക്കാരൻ എന്ന നിലയിൽ എന്തൊക്കെ വിമ്മിഷ്ടങ്ങൾ രണ്ടാളുകൾക്കിടയിൽ ഉണ്ടാകാം? പ്രത്യേകിച്ചും വൈവിധ്യമാർന്ന വിഷയങ്ങളെയും ആളുകളെയും ദിനംപ്രതി കൈകാര്യം ചെയ്യേണ്ടി വരുന്ന ഒരോഫീസിൽ.  പക്ഷെ ദേഷ്യത്തിന്റെ  ചെറിയൊരു അംശത്തോടെ പോലും സ്വാദിഖിനോട് സംസാരിക്കേണ്ടി വന്നിട്ടില്ല എന്നതാണ് നേര്. അതായിരുന്നു സ്വാദിഖ്. സ്നേഹത്തോടെയും പരസ്പര ബഹുമാനത്തോടെയുമല്ലാതെ അവനോടു സംസാരിക്കാൻ പരിചയമുള്ള ഒരാൾക്കും കഴിയില്ല. കാരണം പ്രസന്നതയും ബഹുമാനവുമായിരുന്നു അവന്റെ മുഖമുദ്ര. സാധാരണത്തേതിൽ കവിഞ്ഞൊരൊച്ചയിൽ അവൻ ആരോടെങ്കിലും സംസാരിക്കുന്നത് കേട്ടിട്ടില്ല.  ചിരിച്ചുകൊണ്ടല്ലാതെ അവൻ ആരോടും മിണ്ടാറുമില്ല. തന്റെ പേരിനെ പൂർണ്ണാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന സമീപനമായിരുന്നു അവന്റേത്.

എസ്.വൈ.എസ്സിന്റെ ഗോൾഡൻ ജൂബിലിയാഘോഷങ്ങൾക്കു  ശേഷമാണ്  ഓഫീസ് സമസ്ത സെന്ററിലെ വിപുലമായ സൗകര്യത്തിലേക്ക്  മാറിയത്. വെറും എസ്. എസ്. എൽ.സിക്കാരൻ മാത്രമായിരുന്ന സ്വാദിഖ് അപ്പോഴേക്കും അക്കൗണ്ടിങ്ങിലും കംപ്യൂട്ടറിലും വൈദഗ്‌ദ്യം നേടിക്കഴിഞ്ഞിരുന്നു.  അതും സ്വന്തം പ്രയത്‌നത്താൽ. ഓഫീസ് ജോലിക്കിടയിൽ കിട്ടുന്ന ഇടവേളകളിലും ഓഫീസ് സമയത്തിനു ശേഷവും ഇത്തരം കാര്യങ്ങൾക്കു വേണ്ടി അവൻ ഉത്സാഹത്തോടെ സമയം ചെലവൊഴിച്ചു. ഓഫീസിൽ കംപ്യൂട്ടർ വൽക്കരണം നടന്ന ആദ്യ ഘട്ടത്തിൽ തന്നെ ഇക്കാര്യങ്ങൾ പഠിച്ചെടുക്കാൻ സ്വാദിഖ് കാണിച്ച ജാഗ്രത അവന്റെ മികവിന്റെ അടയാളം കൂടിയാണ്. സ്വായത്തമാക്കിയ കഴിവുകൾക്കനുസരിച്ചു അവന് ഓഫീസ് ചുമതലകളിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകാൻ സംഘടനയും ശ്രദ്ധിച്ചു. സി. എം. കുട്ടി മൗലവിയുടെ കീഴിലെ  പരിശീലനം ഓഫീസ് ചുമതലകൾ ഭംഗിയോടെയും കൃത്യതയോടെയും ചെയ്തു തീർക്കാൻ  അവനെ പ്രാപ്തനാക്കി. ആ പരിശീലനത്തിന്റെ മികവും തികവും അവനിൽ വേണ്ടുവോളം ഉണ്ടായിരുന്നു.

നഗര പരിധിയിൽ നിന്നുള്ള ഓഫീസ് ജീവനക്കാരൻ എന്ന നിലയിൽ പലപ്പോഴും കൂടുതൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ  അവൻ  സ്വയമേവ സന്നദ്ധനായി. ആത്മാർഥതയോടെയല്ലാതെ  ഒരു വാക്കോ, നോട്ടമോ, പ്രവർത്തനമോ അവനിൽ നിന്നുണ്ടായിട്ടില്ല എന്നതാണ് ദീർഘകാലം അടുത്തിടപഴകിയ ഒരാൾ എന്ന നിലയിൽ എന്റെ അനുഭവം. കേരള മുസ്‌ലിം ജമാഅത്തിന്റെ രൂപീകരണത്തിനു ശേഷം ഓഫീസിലെ ദൈനംദിന കാര്യങ്ങളുടെ നിർവഹണ ചുമതല ഏൽപ്പിക്കാൻ പ്രാപതനായ ഒരാളെ ആവശ്യമായപ്പോൾ സ്വാദിഖിനെ തിരഞ്ഞെടുക്കാൻ  ഞങ്ങൾക്ക് രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. അവന്റെ കഴിവിലും ആത്മാർഥതയിലും ഞങ്ങൾക്ക് അത്രമേൽ വിശ്വാസമുണ്ടായിരുന്നു. രണ്ടു  പതിറ്റാണ്ടു കാലത്തോളമുള്ള സേവനത്തിനിടെ ഒരു വേണ്ടായ്കയും അവനിൽ നിന്നുണ്ടായിട്ടില്ല എന്നതു തന്നെ കാരണം. ആവശ്യപ്പെടുന്ന കാര്യങ്ങളോട് ഏതെങ്കിലും തരത്തിലുള്ള വിപ്രത്തി ഒരിക്കലും  പ്രകടിപ്പിച്ചില്ല.

പ്രയാസകരമാണെങ്കിലും പ്രസന്നതയോടെ ചെയ്യുക എന്നതായിരുന്നു അവന്റെ ശൈലി. ജോലിത്തിരക്കിനിടെ ഭക്ഷണം കഴിക്കുന്നത് മാറ്റി വെക്കുന്നതിന് ഞാൻ പലപ്പോഴും സാക്ഷിയാണ്. കൃത്യ നിഷ്‌ഠയോടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ വേണ്ടി അവൻ സ്വന്തം കാര്യങ്ങൾ മാറ്റി വെച്ചു. ദീർഘ കാലത്തെ  ഓഫീസ് സേവനത്തിനിടെ  സ്വായത്തമാക്കിയ കഴിവുകൾ വെച്ച് മറ്റു  തൊഴിൽ മേഖലകൾ കണ്ടെത്താൻ സ്വാദിഖിന് സാധിക്കുമായിരുന്നു. പക്ഷെ അതവൻ വേണ്ടെന്നു വെച്ചു.  കഴിവുകൾ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നതു കൊണ്ട്  ഉണ്ടായതാണെന്നും അതു പ്രസ്ഥാനത്തിനു തന്നെ തിരിച്ചു കൊടുക്കണം എന്നും തീരുമാനിച്ചതാകണം. അതുകൊണ്ടു ഒരു ദീനീ ഖാദിമായി അല്ലാഹുവിലേക്ക് യാത്രയാകാൻ അവനു ഭാഗ്യം കിട്ടി. മഹത്തുക്കളായ പണ്ഡിതന്മാരുടെയും സാദാത്തുക്കളുടെയും  നേതൃത്വത്തിലുള്ള മരണാനന്തര പരിചരണം കിട്ടാനുള്ള അവസരവും അവനു കൈവന്നു.

സ്വാദിഖ് തയാറാക്കിയ  കണക്കുകളും റിപ്പോർട്ടുകളും നിരവധി തവണ പരിശോധിക്കേണ്ടി വന്നിട്ടുണ്ട്. ഏതെങ്കിലും പിഴവ് കണ്ടതായി വിദൂരമായ ഓർമ്മയിൽ പോലുമില്ല.  കണക്കുകൾ എത്ര ചെറുതായാലും വലുതായാലും അത് കൃത്യമായി അടയാളപ്പെടുത്താതെ അവൻ ഓഫീസ് വിടാറില്ല. സ്വാദിഖിന്റേത് പോലുള്ള   ചുമതലയിൽ ഉള്ള ഒരാളുടെ ആകസ്മിക വിയോഗം ഒരു വലിയ സംഘടനക്ക് വിഷമങ്ങൾ ഉണ്ടാക്കും. പക്ഷെ, സ്വാദിഖിന്റെ കൃത്യതയും കണിശതയും അക്കാര്യത്തിൽ വലിയ തുണയാകും. ഇന്നതു മാത്രമാണ് തന്റെ ചുമതല എന്ന് തീർച്ചപ്പെടുത്തി അതുമാത്രം ചെയ്യുന്ന ഒരു ജീവനക്കാരൻ മാത്രമായിരുന്നില്ല ഞങ്ങൾക്ക് സ്വാദിഖ്. ദീനീ സേവനം എന്ന വിശാലമായ അർഥത്തിലേക്കു തന്റെ ജോലിയുടെ സ്വഭാവത്തെ  സ്വയം പരിവർത്തിപ്പിച്ചെടുക്കാൻ മിനക്കെട്ട ഒരാൾ എന്ന നിലയിലാണ് അവനെ ഞാൻ മനസ്സിലാക്കുന്നത്.

ലോക് ഡൌൺ കാലമാണെങ്കിലും സംഘടനാപരമായി  വലിയ തിരക്കുകൾ ഉള്ള കാലമായിരുന്നു കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങൾ. സിറാജ് ദിനപത്രത്തിന്റെ കാമ്പയിനുമായി ബന്ധപ്പെട്ട് കുറെ കാര്യങ്ങൾ ഓഫീസിലിരുന്ന് സാദിഖ് ആയിരുന്നു കോഓർഡിനേറ്റ് ചെയ്തത്. മുസ്‌ലിം ജമാഅത്തിന്റെ മെമ്പർഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ടും ധാരാളം കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് കീഴ് ഘടകങ്ങളുമായി കഴിഞ്ഞ കുറെ ദിവസമായി ആശയവിനിമയം നടത്തിയതും സ്വാദിഖ് ആയിരുന്നു. സംഘടന പുതുതായി ഡെവലപ് ചെയ്ത മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തു തീർക്കാനും ഇതിനിടയിൽ സമയം കണ്ടെത്തി. ഏൽപ്പിച്ച എല്ലാ ചുമതലകളും ചെയ്തു തീർത്താണ് അവൻ സമസ്ത സെന്ററിന്റെ പടിയിറങ്ങിയത് എന്നു സാരം.

ലോക് ഡൗണിനോടു തൊട്ടു മുൻപത്തെ മൂന്നു നാലുമാസം  നഗരത്തോടു ചേർന്നുള്ള ഒരിടത്തായിരുന്നു ഞാൻ താമസിച്ചത്. സ്വാദിഖിന്റെ വീട്ടിലേക്കു പോകുന്ന വഴിയിലായിരുന്നു അത്.  ആ സമയത്തൊക്കെയും ഓഫീസിലേക്കും തിരിച്ചും ഞാൻ യാത്ര ചെയ്തത് അവന്റെ ബൈക്കിൽ ആയിരുന്നു. മരണത്തിന്റെ രണ്ടു  ദിവസം മുൻപ്  ആണ് അവനോടു അവസാനമായി സംസാരിച്ചത്. ഹജ്ജ് എംബാർക്കേഷൻ പോയിന്റുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന ടൈപ് ചെയ്യാനായിരുന്നു അത്. അപ്പോഴേക്കും അവൻ ഓഫീസ് വിട്ടിറങ്ങിയിരുന്നു. അപ്പോഴും അവൻ ആ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറിയില്ല.  അതവൻ വേറൊരു സുഹൃത്തിനു കൈമാറി ടൈപ്പ് ചെയ്തു തിരിച്ചയച്ചു. പനിയും  ജലദോഷവും ഉണ്ടെന്നു വിളിച്ചറിയിച്ചപ്പോൾ ലീവെടുത്തോളൂ എന്നു പറഞ്ഞതാണ്. പക്ഷെ, അസുഖം കുറഞ്ഞ ഒറ്റ ദിവസത്തെ ആ ഇടവേളയിലും അവൻ ഓഫീസിൽ എത്തി. ഉത്തരവാദിത്വങ്ങൾ നിർവഹിച്ചു. അവസാനമായി ഏൽപ്പിച്ച കാര്യവും ചെയ്തു തീർത്തെന്ന്  ഉറപ്പുവരുത്തി.  വേഗത്തിൽ യാത്ര പറഞ്ഞുപോകാനുള്ള തിടുക്കം കൊണ്ടായിരിക്കും  സ്വാദിഖ്  ഇത്ര വേഗത്തിൽ എല്ലാം ചെയ്‌തു തീർത്തത് എന്നിപ്പോൾ തോന്നുന്നു.സ്വാദിഖ്, എന്നാലും നീ ഇത്ര തിടുക്കത്തിൽ പോകേണ്ടിയിരുന്നില്ല…

Latest