ജി എസ് ടി കുടിശ്ശിക: കേന്ദ്രത്തിന്റെ കടമെടുക്കല്‍ നിര്‍ദേശം അംഗീകരിച്ച് പശ്ചിമ ബംഗാള്‍

Posted on: November 14, 2020 5:11 pm | Last updated: November 14, 2020 at 5:11 pm

കൊല്‍ക്കത്ത | കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ജി എസ് ടി വിഹിതം പരിഹരിക്കാന്‍ കടമെടുക്കുകയെന്ന നിര്‍ദേശം അംഗീകരിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. നേരത്തേ ബി ജെ പിയിതര സര്‍ക്കാറുകള്‍ ഈ നിര്‍ദേശത്തിനെതിരെ ശക്തമായി നിലകൊണ്ടിരുന്നു. 2020- 21 സാമ്പത്തിക വര്‍ഷമാണ് ജി എസ് ടി കുടിശ്ശിക വന്നത്.

സംസ്ഥാനങ്ങള്‍ക്ക് വേണ്ടി 1.1 ലക്ഷം കോടി കടമെടുക്കുകയെന്ന നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടുവെച്ചത്. ബാക്കി 72,000 കോടി രൂപയില്‍ തീരുമാനം കൈക്കൊള്ളാന്‍ ജി എസ് ടി കൗണ്‍സില്‍ ചേരാന്‍ പശ്ചിമ ബംഗാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന ധനമന്ത്രി അമിത് മിത്ര കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു.

കേന്ദ്രത്തിന്റെ കടമെടുക്കല്‍ നിര്‍ദേശം അംഗീകരിക്കുന്ന 26ാമത്തെ സംസ്ഥാനമാണ് ബംഗാള്‍. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുമുണ്ട് ബംഗാള്‍. നിലവില്‍ കേരളം, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ നിര്‍ദേശത്തെ ശക്തിയുക്തം എതിര്‍ക്കുന്നുണ്ട്.