Connect with us

Covid19

കൊവിഡ് നിയമലംഘനം: പിഴത്തുക വര്‍ധിപ്പിച്ചു; മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ

Published

|

Last Updated

തിരുവനന്തപുരം | കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ചുമത്തിയിരുന്ന പിഴത്തുക 200 രൂപയില്‍ നിന്ന് 500 രൂപയായി വര്‍ധിപ്പിച്ചു. പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്കുള്ള പിഴയും 500 രൂപയായി ഉയര്‍ത്തി. പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്താണ് പിഴത്തുക കൂട്ടിയത്. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴയ്ക്കുപുറമേ നിയമനടപടികളും നേരിടേണ്ടിവരും.

കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ച വരുത്തുന്നതും മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം കൂടിവരുന്നതും കണക്കിലെടുത്താണ് ഓര്‍ഡിനന്‍സില്‍ ഭേദഗതി വരുത്തിയത്.

നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹച്ചടങ്ങില്‍ ആളുകളെ പങ്കെടുപ്പിച്ചാലുള്ള പിഴ ആയിരത്തില്‍നിന്ന് 5000 ആയും ഉയര്‍ത്തിയിട്ടുണ്ട്. മരണാനന്തര ചടങ്ങില്‍ നിയമലംഘനം നടത്തുന്നവരില്‍ നിന്ന് രണ്ടായിരം രൂപയും പിഴ ഈടാക്കും.

കടകളിലും മറ്റും ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാല്‍ 3000 രൂപയാണ് പിഴ. സാമൂഹിക കൂട്ടായ്മകള്‍, ധര്‍ണ, റാലി എന്നിവയുടെ നിയന്ത്രണലംഘനം- 3000, ക്വാറന്റീന്‍ ലംഘനം 2000, കൂട്ടംചേര്‍ന്ന് നിന്നാല്‍ 5000, നിയന്ത്രിത മേഖലകളില്‍ കടകളോ ഓഫീസുകളോ തുറന്നാല്‍ 2000 ,ലോക്ഡൗണ്‍ ലംഘനത്തിന് 500 എന്നിങ്ങനെയാണ് പുതുക്കിയ പിഴ.

Latest