Connect with us

Editorial

പാറ്റ്‌നയില്‍ പിടിമുറുക്കി ബി ജെ പി

Published

|

Last Updated

ചിരാഗ് പാസ്വാന്റെ സഹായത്തോടെ ബി ജെ പി നടത്തിയ രാഷ്ട്രീയ നാടകം വിജയം കണ്ടിരിക്കുന്നു ബിഹാറില്‍. കഴിഞ്ഞ തവണ നിയമസഭയിലെ അംഗബലത്തില്‍ ആര്‍ ജെ ഡിക്കും ജെ ഡി യുവിനും പിന്നില്‍ മൂന്നാമത് കക്ഷിയായിരുന്ന ബി ജെ പി ഇത്തവണ ജെ ഡി യുവിനെ പിന്തള്ളി എന്‍ ഡി എയിലെ ഏറ്റവും വലിയ കക്ഷിയായി ഉയര്‍ന്നിരിക്കുന്നു. ഇതോടെ വര്‍ഷങ്ങളായി എന്‍ ഡി എയില്‍ നിതീഷ് കുമാറിനുണ്ടായിരുന്ന വല്യേട്ടന്‍ സ്ഥാനം നഷ്ടമായി. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ സീറ്റ് വിഭജനത്തിന്റെ പേരില്‍ എന്‍ ഡി എ വിട്ട് ചിരാഗ് പാസ്വാന്‍ സ്വന്തമായി മത്സരിക്കാന്‍ തീരുമാനിക്കുകയും ജെ ഡി യു മത്സരിക്കുന്ന ഏതാണ്ടെല്ലാ സീറ്റിലും ചിരാഗിന്റെ എല്‍ ജെ പി സ്ഥാനാര്‍ഥികളെ നിര്‍ത്തുകയും ചെയ്തതോടെ ഇതിന്റെ പിന്നില്‍ അമിത് ഷായുടെ കതന്ത്രമുണ്ടെന്നും ജെ ഡി യുവിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറച്ച് എന്‍ ഡി എ സഖ്യത്തില്‍ ആധിപത്യം നേടാനുള്ള ബി ജെ പിയുടെ അടവു രാഷ്ട്രീയമാണിതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. പ്രചാരണ വേളയില്‍ എല്‍ ജെ പിയെ കടന്നാക്രമിക്കാതെ ബി ജെ പി നേതാക്കള്‍ മിതത്വം പാലിച്ചതും എനിക്കല്ലെങ്കില്‍ മോദിക്ക് വോട്ട് ചെയ്യണമെന്ന പ്രചാരണ വേദികളിലെ ചിരാഗിന്റെ അഭ്യര്‍ഥനയുമെല്ലാം ഈ രാഷ്ട്രീയ നാടകത്തിലേക്കുള്ള വ്യക്തമായ സൂചനയാണ്.

ഇതെഴുതുമ്പോഴുള്ള ഫലമനുസരിച്ച് ബി ജെ പി 72ഉം ജെ ഡി യു 44ഉം സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. 2015ല്‍ ആര്‍ ജെ ഡിക്കൊപ്പം മത്സരിച്ച ജെ ഡി യു 71 സീറ്റുകള്‍ നേടിയിരുന്നു. സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളില്‍ സഖ്യങ്ങളിലൂടെ ശക്തിയാര്‍ജിക്കുക എന്ന തന്ത്രമാണ് ബി ജെ പി പ്രയോഗിച്ചു വരുന്നത്. കര്‍ണാടകയില്‍ ജനതാദളു(എസ്)മായി സഖ്യമുണ്ടാക്കി അധികാരം പങ്കിട്ടതിലൂടെയാണ് സംസ്ഥാനത്തെ മുഖ്യ രാഷ്ട്രീയ ശക്തിയായി അവര്‍ വളര്‍ന്നത്. മഹാരാഷ്ട്രയില്‍ നേരത്തേ ശിവസേനയായിരുന്നു മുഖ്യശക്തി. അവരുമായി സഖ്യമുണ്ടാക്കി അധികാരം പങ്കിട്ട ബി ജെ പി ഇപ്പോള്‍ ശിവസേനയെ പിന്നിലാക്കി ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി മാറി. ബിഹാറില്‍ മഹാസഖ്യത്തില്‍ നിന്ന് നിതീഷ് കുമാറിന്റെ ജെ ഡി യുവിനെ അടര്‍ത്തിയെടുത്താണ് അവര്‍ അധികാരത്തിലേറിയത്.

ലോക്ക്ഡൗണ്‍ പ്രഖ്യാപനം സാമ്പത്തികമായി ഏറെ ബാധിച്ച ഒരു വിഭാഗമായിരുന്നു ഇതര സംസ്ഥാനങ്ങളില്‍ പോയി ജോലി ചെയ്തിരുന്ന ബിഹാരികള്‍. ലോക്ക്ഡൗണ്‍ അവരുടെ വരുമാന മാര്‍ഗം മുട്ടിച്ചു. പതിനായിരക്കണക്കിന് ബിഹാരി തൊഴിലാളികള്‍ ഡല്‍ഹിയില്‍ നിന്നും രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നും കാല്‍നടയായി ജന്മനാട്ടിലേക്ക് മടങ്ങുന്നതും യാത്രാമധ്യേയുള്ള അവരുടെ ദുരിതങ്ങളും മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ച വാര്‍ത്തയായിരുന്നു. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കേന്ദ്രഭരണ കക്ഷിക്കെതിരെയുള്ള ജനവിധിയായി മാറുകയും ബിഹാറില്‍ ഇത് ബി ജെ പിക്ക് വന്‍ വെല്ലുവിളിയുയര്‍ത്തുകയും ചെയ്യുമെന്നായിരുന്നു നിരീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ യുവാക്കളുടെ നിരാശയും വിദ്വേഷവുമെല്ലാം നിതീഷിനെതിരെയാണ് തിരിഞ്ഞത്. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍, 19 ലക്ഷം പേര്‍ക്ക് തൊഴില്‍ തുടങ്ങി ബിഹാരികള്‍ക്ക് ബി ജെ പി നല്‍കിയ പൊള്ളവാഗ്ദാനങ്ങള്‍ യുവാക്കളെ ആകര്‍ഷിച്ചിരിക്കണം.
മഹാസഖ്യത്തിന്റെ ഭാഗമായി 2015ലേതിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തെ സീറ്റുകള്‍ പോലും നിലനിര്‍ത്താനായില്ല. 70 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി 20 സീറ്റുകളിലാണ് വിജയിച്ചത്. അതേസമയം 2015ല്‍ 41 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി 27 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ഇടതുപാര്‍ട്ടികള്‍ നടത്തിയ മുന്നേറ്റമാണ് ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം. സി പി ഐ എം എല്‍ മൂന്ന് സീറ്റില്‍ നിന്ന് പത്തിന് മുകളിലേക്ക് ഉയര്‍ന്നപ്പോള്‍ 2015ല്‍ ഒരു സീറ്റ് പോലും നേടാനാകാതിരുന്ന സി പി ഐ മൂന്നും സി പി എം രണ്ടും സീറ്റുകള്‍ നേടി. മഹാസഖ്യത്തിന്റെ ഭാഗമായി സി പി ഐ എം എല്‍ 19, സി പി ഐ 6, സി പി ഐ 5 സീറ്റുകളിലാണ് ഇക്കുറി മത്സരിച്ചിരുന്നത്. തങ്ങള്‍ക്ക് ലഭിച്ച മണ്ഡലങ്ങളില്‍ 58.6 ശതമാനത്തിലും മുന്നിട്ടു നിന്നു ഇടതു പാര്‍ട്ടികള്‍. ജെ എന്‍ യു ഉള്‍പ്പെടെ രാജ്യത്തെ പല യൂനിവേഴ്‌സിറ്റികളിലും സ്വാധീനമുള്ള “ഐസ”യുടെ മാതൃസംഘടനയാണ് സി പി ഐ എം എല്‍. ഇത്തവണ ബിഹാറില്‍ മത്സരിച്ച ഇവരുടെ സ്ഥാനാര്‍ഥികളില്‍ പലരും വിദ്യാര്‍ഥി നേതാക്കളാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സി പി ഐ-എം കേന്ദ്ര കമ്മിറ്റി തീരുമാനം വന്നതിനു തൊട്ടുപിറകെയാണ് ബിഹാറിലെ ഇടതു പാര്‍ട്ടികളുടെ വിജയ വാര്‍ത്തയെന്നത് അവര്‍ക്ക് പ്രതീക്ഷയേകുന്നതാണ്.

അസദുദ്ദീന്‍ ഉവൈസിയുടെ ഇത്തിഹാദേ മജ്‌ലിസും നല്ല പ്രകടനം കാഴ്ചവെച്ചു. മജ്‌ലിസ് അഞ്ച് സീറ്റ് നേടി. ഇത് സംസ്ഥാനത്തെ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിര്‍ണായകമാകും. അതേസമയം ഇത്തിഹാദേ മജ്‌ലിസ് മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ചിരുന്നുവെങ്കില്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നുവെന്നും ബി ജെ പിക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുന്ന നിലപാടാണ് ഉവൈസി സ്വീകരിച്ചതെന്നുമാണ് കോണ്‍ഗ്രസുള്‍പ്പെടെ സംസ്ഥാനത്തെ മതേതര പാര്‍ട്ടികള്‍ പറയുന്നത്. സീമാഞ്ചല്‍ മേഖലയിലാണ് ഇത്തിഹാദ് വോട്ടുകള്‍ പിടിച്ചത്. മുസ്‌ലിംകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഈ മേഖല ആര്‍ ജെ ഡിയെയും കോണ്‍ഗ്രസിനെയുമാണ് കഴിഞ്ഞ കാലങ്ങളില്‍ പിന്തുണച്ചത്.

കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും എക്‌സിറ്റ്‌പോള്‍ ഫലം പാളി ബിഹാറില്‍. 2015ല്‍ എന്‍ ഡി എ സഖ്യം കേവല ഭൂരിപക്ഷം നേടുമെന്നായിരുന്നു എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ 243 അംഗ നിയമസഭയില്‍ 178 സാമാജികരെ എത്തിച്ച് മഹാസഖ്യമാണ് മികച്ച വിജയം നേടിയത്. ഇത്തവണ മഹാസഖ്യത്തിനായിരിക്കും ആധിപത്യമെന്നായിരുന്നു പ്രവചനം. എന്നാല്‍ കൂടുതല്‍ സീറ്റ് നേടിയത് എന്‍ ഡി എ സഖ്യവും.

Latest