Connect with us

Editorial

അമേരിക്കയിൽ ജോ ബൈഡൻ വരുമ്പോൾ

Published

|

Last Updated

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ ജോ ബൈഡൻ വിജയിച്ചിരിക്കുന്നു. നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ രാജ്യത്തിന്റെ ജനാധിപത്യത്തെ തന്നെ സംശയത്തിന്റെ നിഴലിലാക്കുന്ന വിധം തിരഞ്ഞെടുപ്പ് കൃത്രിമവും അട്ടിമറിയും ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഏതാനും സ്റ്റേറ്റുകളിൽ അദ്ദേഹത്തിന്റെ അനുയായികൾ കോടതിയെ സമീപിച്ചിട്ടുമുണ്ട്. എന്നാൽ ഇതൊന്നും ഫലിക്കാൻ പോകുന്നില്ലെന്നും ബൈഡനെ അമേരിക്കൻ ജനത തിരഞ്ഞെടുത്തുവെന്നും വ്യക്തമായിരിക്കുന്നു.

അമേരിക്കൻ വ്യവസ്ഥക്ക് എന്തെല്ലാം ആന്തരിക വൈകല്യങ്ങൾ ഉണ്ടെങ്കിലും ട്രംപിനെപ്പോലെ ഒരാളെ പ്രസിഡന്റാക്കാൻ മാത്രം ആ ജനാധിപത്യ വ്യവസ്ഥ അധഃപതിച്ചുവെന്നത് 2016ൽ രാഷ്ട്രീയ നിരീക്ഷകരെ ഒന്നാകെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു. അമേരിക്കൻ മുഖ്യധാരാ മാധ്യമങ്ങൾ ഒന്നടങ്കം ട്രംപിനെതിരായ സമീപനമായിരുന്നു എടുത്തിരുന്നത്. പല പത്രങ്ങളും അദ്ദേഹത്തിനെതിരെ എഡിറ്റോറിയൽ വരെ എഴുതി. ബരാക് ഒബാമയെപ്പോലെ ഒരാൾ സ്ഥാനമൊഴിഞ്ഞ കസേരയിൽ ട്രംപ് അനായാസം എത്തിയെന്നത് ലോകത്തെ മുഴുവൻ രാജ്യങ്ങളിലെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിക്കാൻ പോന്നതായിരുന്നു. അന്ന് യു എസിൽ ഉയർന്നു വന്ന ഒരു ഹാഷ് ടാഗ് “യു എയിന്റ് നോ അമേരിക്കൻ, ബ്രോ (ബ്രോ, താങ്കൾ അമേരിക്കക്കാരനല്ല)” എന്നായിരുന്നു.
2015ലായിരുന്നു അത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള പ്രൈമറികൾ നടക്കുന്ന സമയം. റിപ്പബ്ലിക്കൻ സ്ഥാനാർഥി പട്ടികയിലെ പലരിൽ ഒളായിരുന്നു അന്ന് ഡൊണാൾഡ് ജെ ട്രംപ് എന്ന കോടീശ്വരൻ. സാമ്പത്തികമായും സൈനികമായും സാംസ്‌കാരികമായി പോലും ലോകത്തിന്റെ നേതൃസ്ഥാനം കൈയടക്കി വെച്ച അമേരിക്കൻ ഐക്യ നാടുകളിൽ നിന്ന് കേൾക്കാവുന്ന ഏറ്റവും മനോഹരമായ വാചകമായിരുന്നു അത്. ട്രംപിനെ നോക്കിയാണ് അമേരിക്കയിലെ ബൗദ്ധിക സമൂഹവും ആക്ടിവിസ്റ്റുകളും ജനാധിപത്യവാദികളും ഈ ഹാഷ് ടാഗ് പങ്കുവെച്ചത്. ലക്ഷക്കണക്കിനാളുകൾ ഈ ഹാഷ്ടാഗിന് ചുവട്ടിൽ അണിനിരന്നു. വംശീയതയും സ്ത്രീവിരുദ്ധതയും കുടിയേറ്റവിരുദ്ധതയും തീവ്രദേശീയതയും വാരി വിതറി അമേരിക്കൻ ചരിത്രത്തിലെന്നല്ല ആഗോളതലത്തിൽ തന്നെ ഏറ്റവും മലിനമായ ഒരു പ്രചാരണ കാലത്തിനാണ് ട്രംപും കൂട്ടരും അന്ന് തുനിഞ്ഞത്. അക്കൂട്ടത്തിൽ ട്രംപ് നടത്തിയ ഒരു പ്രയോഗമാണ് “യു എയിന്റ് നോ അമേരിക്കൻ” ഹാഷ് ടാഗിന് കാരണമായത്. ട്രംപ് പറഞ്ഞതിതായിരുന്നു: മുസ്‌ലിംകൾ അമേരിക്കൻ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. മുസ്‌ലിംകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുത്. സന്ദർശനത്തിനെത്തുന്നവരെ വരെ വിലക്കണം. രാജ്യത്ത് മുസ്‌ലിംകളുടെ എണ്ണം കൂടുന്നത് അപകടകരമാണ്. ആളുകളെ മനസ്സിലാക്കാനുള്ള വിവേകമില്ലാത്തവരാണ് മുസ്‌ലിംകൾ”. യോർക്ക് ടൗണിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു ഈ ആക്രോശം.

ഇതിവിടെ വിശദമായി പങ്കുവെച്ചത് യു എസിൽ ജോ ബൈഡൻ വിജയിച്ചതിൽ എന്തുകൊണ്ട് ആശ്വസിക്കുന്നു എന്ന് വ്യക്തമാക്കാനാണ്. അമേരിക്കയിലെ പ്രബുദ്ധ സമൂഹം തള്ളിക്കളഞ്ഞ ഒരാൾ വൈകാരികത കത്തിച്ചും വർഗീയതയും ഇടുങ്ങിയ ദേശീയതയും മിഥ്യാഭിമാനവും ഇളക്കിവിട്ടും ജയിച്ചു കയറിയെന്നത് ജനാപത്യവിരുദ്ധമായ പ്രതിഭാസമായിരുന്നു. ട്രംപിന് രണ്ടാമൂഴം നൽകാതെ അമേരിക്കൻ ജനത ആ തെറ്റ് തിരുത്തിയെന്നത് ജനാധിപത്യത്തിന്റെ മനോഹാരിതയല്ലാതെ മറ്റെന്താണ്? ലോകത്താകെ ഇതേ പാതയിലൂടെ സഞ്ചരിക്കുകയും ട്രംപിന്റെ സുഹൃത്താണെന്ന് അഭിമാന പൂർവം പ്രഖ്യാപിക്കുകയും ചെയ്യുന്ന മുഴുവൻ പേർക്കും നൽകുന്ന സന്ദേശമാണത്. ആ അർഥത്തിൽ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന് അതിന്റെ ആധുനിക പ്രഭവ കേന്ദ്രത്തിൽ നിന്ന് തന്നെ പ്രഹരമേൽക്കുന്നത് എന്തുകൊണ്ടും സന്തോഷകരമാണ്. അതിനപ്പുറം അമേരിക്കൻ പ്രസിഡന്റ് സീറ്റിൽ ആര് ഇരിക്കുന്നുവെന്നത് അത്രയൊന്നും പ്രസക്തമായ കാര്യമല്ല. കാരണം, റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിൽ വലിയ നയവ്യത്യാസം ഒന്നുമില്ല എന്നതു തന്നെ. അടിസ്ഥാനപരമായി അമേരിക്കൻ മുൻഗണനകളിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല. ഇസ്‌റാഈൽ തലസ്ഥാനമായി ജറൂസലം പ്രഖ്യാപിച്ചത് മാറ്റാൻ ബൈഡൻ തയ്യാറാകുമെന്ന് തോന്നുന്നില്ല. ജൂതരാഷ്ട്രത്തിന്റെ ഫലസ്തീൻ അധിനിവേശത്തിനുള്ള പിന്തുണ പിൻവലിക്കാനും അദ്ദേഹം മെനക്കെടില്ല. ശിയാ- സുന്നി ഭിന്നത മൂർഛിപ്പിച്ച് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ശൈഥില്യം സൃഷ്ടിക്കുകയെന്ന നയത്തിലും വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. ഇറാനുമായി ബരാക് ഒബാമ ഒപ്പുവെക്കുകയും ട്രംപ് കീറിയെറിയുകയും ചെയ്ത ആണവ കരാർ തിരികെ പ്രാബല്യത്തിലാക്കാൻ ബൈഡൻ സന്നദ്ധമാകുമോ? കാലാവസ്ഥാ വ്യതിയാനമടക്കം അര ഡസനോളം നിർണായക അന്താരാഷ്ട്ര കരാറുകളിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ ട്രംപ് ഭരണകൂടം പിൻവാങ്ങിയിട്ടുണ്ട്. ഇതെല്ലാം തിരികെ കൊണ്ടുവരാൻ ബൈഡന് സാധിക്കുമോ?

ഏതായാലും ഇന്ത്യയിലെ പ്രധാന വിഷയങ്ങളിലെല്ലാം ആശാവഹമായ നിലപാടുകളാണ് ജോ ബൈഡനും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റായ കമലാ ഹാരിസും മുന്നോട്ട് വെച്ചിട്ടുള്ളത്. എച്ച് 1 ബി വിസാ നിയന്ത്രണം എടുത്തു കളയേണ്ടതാണെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. അത് അമേരിക്കയിൽ ജോലി തേടുന്നവർക്ക് ആശ്വാസകരമാണ്. കശ്മീർ വിഷയത്തിലും ട്രംപിൽ നിന്ന് വ്യത്യസ്തമായ വീക്ഷണമാണ് ബൈഡന് ഉള്ളത്. ഇന്ത്യയിൽ കൊണ്ടു വരുന്ന പൗരത്വ ഭേദഗതി നിയമം മനുഷ്യാവകാശ ലംഘനങ്ങൾക്ക് വഴി വെക്കുമെന്നാണ് ബൈഡന്റെ നിലപാട്. ബൈഡൻ ഇത്തരം നിലപാടുകൾ തുറന്ന് പറഞ്ഞത് കൊണ്ടാണ് ഇന്ത്യയിലെ ഭരണകക്ഷിക്കാർ ട്രംപ് ജയിക്കാൻ പൂജ നടത്തിയത്. അമേരിക്കയിലെ ഇന്ത്യൻ വംശജർ ട്രംപിനെ കാര്യമായി പിന്തുണച്ചില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജോ ബൈഡൻ എന്ന പ്രസിഡന്റ് ലോകത്തിന് എങ്ങനെ അനുഭവപ്പെടുമെന്നത് തനിക്ക് കൈവരാൻ പോകുന്ന ആത്യന്തിക അധികാരങ്ങൾ അദ്ദേഹം എങ്ങനെ വിനിയോഗിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും.